അറസ്റ്റിലായ ഫാത്തിമ്മ, ഫാത്തിമ്മ സഹല
തവനൂര്‍: അയങ്കലത്ത് യുവതിയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്തൃമാതാവിനെയും അവരുടെ മകളുടെ മകളെയും പോലീസ് അറസ്റ്റുചെയ്തു. അയങ്കലം വടക്കത്തുവളപ്പില്‍ ഫാത്തിമ്മ (50), ഫാത്തിമ്മ സഹല (18) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലേയില്‍ അറസ്റ്റുചെയ്തത്. ഫാത്തിമ്മയുടെ മകന്‍ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്റിന്‍ (19), എട്ടുമാസം പ്രായമായ മകള്‍ ഫാത്തിമ സഹറ എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ ഭര്‍ത്തൃവീട്ടിലെ കിടപ്പുമുറിയില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഗാര്‍ഹികപീഡന നിരോധനനിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പൊന്നാനി തഹസില്‍ദാര്‍ സുരേഷിന്റെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ പരിശോധിച്ചു. മലപ്പുറത്തുനിന്നുള്ള ഫൊറന്‍സിക് വിദഗ്ധരും വിരലടയാളവിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
ഒന്നരവര്‍ഷം മുന്‍പാണ് ബസ്ബസത്തിന്റെയും സുഹൈല നസ്റിന്റെയും വിവാഹം നടന്നത്. ബസ്ബസത്ത് വിദേശത്താണ്. ഭര്‍ത്തൃമാതാവും പേരക്കുട്ടി സഹലയും പതിവായി നസ്റിനുമായി വഴക്കിടാറുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തിങ്കളാഴ്ചയും വഴക്കുണ്ടായി. സ്ത്രീധനത്തെച്ചൊല്ലിയും ഭര്‍ത്തൃമാതാവ് ശകാരിച്ചു. മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് നസ്റിന്റെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു.
തിരൂര്‍ ഡിവൈ.എസ്.പി. ബെന്നി സ്ഥലത്തെത്തി ബന്ധുക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചൊവ്വാഴ്ച വൈകീട്ട് കൂടല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..