പ്രതീകാത്മക ചിത്രം| Photo: AFP
അഹമ്മദാബാദ്: വിവാഹിതയായ യുവതിയെ പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് വിഷം കുടിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മുന്‍കാമുകന്‍ അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദ് ഗോട്ട സ്വദേശി അക്ഷയ് ബര്‍വാദി(23)നെയാണ് യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
നാല് വര്‍ഷം മുമ്പ് യുവതിയും അക്ഷയും പ്രണയത്തിലായിരുന്നു. 2018-ല്‍ യുവതി മറ്റൊരാളെ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹത്തിന് ശേഷവും പ്രതി യുവതിയുമായുള്ള ബന്ധം തുടരാന്‍ ആഗ്രഹിച്ചു. ഇതിന്റെപേരില്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ച്ചയായ ഭീഷണിയെ തുടര്‍ന്ന് ഒരുമാസം മുമ്പ് യുവതി മുന്‍കാമുകനെ നേരിട്ടുകാണാന്‍ തീരുമാനിച്ചു. പരസ്പരം കണ്ടതിന് ശേഷം യുവാവ് യുവതിയെ പല തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും കൊണ്ടുപോയി. ഈ യാത്രയ്ക്കിടെയാണ് മുന്‍കാമുകന്‍ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം. ഭര്‍ത്താവിനെ ഒഴിവാക്കി ഇയാളെ വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയതായും യുവതി പറയുന്നു.
ഗോട്ടയിലെ ഒരു ഹോട്ടലില്‍വെച്ച് ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ചപ്പോളാണ് നിര്‍ബന്ധിച്ച് വിഷം കുടിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്. ലൈംഗികാതിക്രമം തടഞ്ഞപ്പോള്‍ യുവാവാണ് ആദ്യം വിഷം കുടിച്ചത്. നിര്‍ബന്ധിച്ച് തനിക്കും വിഷം നല്‍കിയെന്നും ഇതിനുശേഷം രണ്ടുപേരും അവശരായെന്നും പരാതിയില്‍ പറയുന്നു. പിന്നീട് ബോധം വന്നപ്പോള്‍ യുവാവ് തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ചത്. ഇവര്‍ ഹോട്ടലിലെത്തി രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും പ്രതിയായ അക്ഷയ് ബര്‍വാദിനെ അറസ്റ്റ് ചെയ്തതായും സോല പോലീസ് അറിയിച്ചു. ബലാത്സംഗം, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
Content Highlights: woman alleges her ex lover raped and forced to consume poison
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..