എസ്.പി മോദനചന്ദ്രൻ | Screengrab: മാതൃഭൂമി ന്യൂസ്
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ ഫോണ്‍ രേഖകള്‍ നിര്‍ണായകമെന്ന് എസ്.പി മോഹനചന്ദ്രന്‍. നടന്‍ ദിലീപിന്റേത് ഉള്‍പ്പെടെയുള്ള അഞ്ച് മൊബൈലും കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണ്‍ നല്‍കാനാകില്ലെന്ന ദിലീപിന്റെ മറുപടിയും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ മറുപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കും. അതിന് ശേഷം കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് നീക്കം.
ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്ത ജനുലരി ഒന്‍പത് മുതലാണ് മൊബൈല്‍ ഫോണുകള്‍ കാണാതായത്. ഇത് താന്‍ അഭിഭാഷകന് കൈമാറിയിട്ടുണ്ടെന്നാണ് ദിലീപ് ചോദ്യംചെയ്യല്‍ വേളയില്‍ വ്യക്തമാക്കിയത്. ദിലീപിന്റെ രണ്ട് ഫോണുകള്‍, സഹോദരന്‍ അനൂപിന്റെ ഫോണ്‍, സൂരജിന്റെ ഫോണ്‍ അങ്ങനെയാണ് അഞ്ച് ഫോണുകള്‍ വരുന്നത്.
കേസുമായി ബന്ധപ്പെട്ട വളരെ നിര്‍ണായകമായ പല വിവരങ്ങളും ഫോണുകളില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറേണ്ട കാര്യമില്ലെന്നും അങ്ങനെ ഒരു അധികാരം അവര്‍ക്കില്ലെന്നുമുള്ള ഒരു മറുപടി ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. മറുപടി പരിശോധിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഫോണുകള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യം ഹൈക്കോടതിയെ അറിയിക്കും.
അതേസമയം ഫോണുകള്‍ കൈമാറിയാല്‍ അതില്‍ ക്രമക്കേട് നടക്കുമെന്നും ഉദ്യോഗസ്ഥരെ വിശ്വാസമില്ലെന്നുമാണ് ദിലീപ് പറഞ്ഞത്. അതിനിടെ ഗൂഢാലോചന കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതും കോടതി വിലക്കിയിട്ടുണ്ട്.
Content Highlights: Crucial to find out Dileep's missing phone says Crime Branch SP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..