-
കൊല്ലം: പത്തനാപുരം കറവൂരില്‍ കാട്ടാന ചരിഞ്ഞ സംഭവം കൊലപാതകമെന്ന് വനംവകുപ്പ്. സംഭവത്തില്‍ മൂന്ന് പേരെ വനപാലകര്‍ പിടികൂടി. കറവൂര്‍ സ്വദേശികളായ രഞ്ജിത്, അനിമോന്, ശരത് എന്നിവരാണ് പിടിയിലായത്. ഇവര്‍ കൈതച്ചക്കയില്‍ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് കാട്ടാനയുടെ വായില്‍ മുറിവുണ്ടായതും പിന്നീട് ചരിഞ്ഞതെന്നുമാണ് അധികൃതരുടെ വിശദീകരണം.
ഏപ്രില്‍ 11-നാണ് കറവൂരില്‍ അവശനിലയില്‍ കണ്ട കാട്ടാന ചരിഞ്ഞത്. വായില്‍ വലിയ വ്രണവുമായാണ് ആനയെ കണ്ടെത്തിയത്. ആനയെ പിന്തുടര്ന്ന് പ്രാഥമിക ശുശ്രൂഷ നല്കാന് ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. മരക്കഷണമോ മറ്റോ കൊണ്ടാകും കാട്ടാനയുടെ വായില്‍ വ്രണമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് മുറിവുണ്ടായതെന്ന സംശയം വന്നു. ഇതോടെ വനംവകുപ്പ് സംഭവത്തില്‍ അന്വേഷണം നടത്തുകയായിരുന്നു.
പിടിയിലായ മൂന്ന് പേരും മൃഗവേട്ടക്കാരാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. മ്ലാവിനെ പിടികൂടാനായാണ് ഇവര്‍ കൈതച്ചക്കയില്‍ പന്നിപ്പടക്കം ഒളിപ്പിച്ചത്. എന്നാല്‍ കാട്ടാന കൈതച്ചക്ക കഴിക്കുകയും പൊട്ടിത്തെറിച്ച് മുറിവുണ്ടാകുകയുമായിരുന്നു. പിന്നീട് വെള്ളം പോലും കുടിക്കാനാവാതെ ആന കറവൂരില്‍ തന്നെയുണ്ടായിരുന്നു. ഇതിനിടെയാണ് കാട്ടാന നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവശനിലയിലായിരുന്ന ആന വനത്തിലേക്ക് തിരികെ കയറിയെങ്കിലും ചരിയുകയായിരുന്നു.
രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. സ്ഥിരം മൃഗവേട്ട നടത്തുന്ന ഇവര്‍ക്കെതിരേ മ്ലാവ്, മലമ്പാമ്പ് തുടങ്ങിയവയെ വേട്ടയാടി കൊന്നതിനും കേസെടുക്കും. ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് ജില്ലയിലും സമാനരീതിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ ആന ചരിഞ്ഞിരുന്നു. ദേശീയമാധ്യമങ്ങളിലടക്കം ഈ സംഭവം വാര്‍ത്തയാവുകയും പല വിവാദങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു.
Content Highlights: wild elephant killed in pathanapuram karavoor kollam; three in custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..