സഞ്ജയ് സിങ്. Screengrab: Youtube.com|IndiaToday
മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ സമീര്‍ വാംഖഡെയ്ക്ക് പകരം ഇനി അന്വേഷണം നടത്തുക നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യുടെ സെന്‍ട്രല്‍ യൂണിറ്റില്‍നിന്നുള്ള പ്രത്യേക സംഘം. എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍(ഓപ്പറേഷന്‍സ്) ആയ സഞ്ജയ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് പ്രത്യേകസംഘം അന്വേഷണം നടത്തുന്നത്. ആര്യന്‍ ഖാന്റെ കേസിന് പുറമേ എന്‍.സി.ബി. മുംബൈ യൂണിറ്റ് അന്വേഷിക്കുന്ന അഞ്ച് കേസുകള്‍ കൂടി സെന്‍ട്രല്‍ യൂണിറ്റ് ഏറ്റെടുക്കും.
സമീര്‍ ഖാനെതിരേയുള്ള ലഹരിമരുന്ന് കേസ്, മുംബൈയില്‍നിന്ന് മെഫെഡ്രോണ്‍ ലഹരിമരുന്ന് പിടികൂടിയത്, ജോഗേശ്വരിയില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം, ഡോങ്രി ലഹരിമരുന്ന് കേസ്, നടന്‍ അര്‍മാന്‍ കോലി പ്രതിയായ ലഹരിമരുന്ന് കേസ് എന്നിവയാണ് സെന്‍ട്രല്‍ യൂണിറ്റ് ഏറ്റെടുക്കുന്നത്. അതേസമയം, സമീര്‍ വാംഖഡെയെ അന്വേഷണച്ചുമതലയില്‍നിന്ന് മാറ്റിയെങ്കിലും അദ്ദേഹം പുതിയ സംഘത്തെ സഹായിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൈക്കൂലി ആരോപണങ്ങളും മറ്റും വിവാദങ്ങളും ഉയര്‍ന്നതോടെയാണ് എന്‍.സി.ബി. മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെയെ ആര്യന്‍ ഖാന്റെ കേസില്‍നിന്നുള്‍പ്പെടെ മാറ്റിനിര്‍ത്തിയത്. ഇതോടെ മുന്‍ സി.ബി.ഐ. ഉദ്യോഗസ്ഥനും എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ സഞ്ജയ് സിങ്ങിന് അന്വേഷണച്ചുമതല നല്‍കുകയായിരുന്നു.
1996 ബാച്ചിലെ ഒഡീഷ കേഡറില്‍നിന്നുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ഹിന്ദു കോളേജിലായിരുന്നു അദ്ദേഹത്തിന്റെ പഠനം.
ഒഡീഷ പോലീസില്‍ ഉന്നത പദവികള്‍ വഹിച്ചതിന് ശേഷമാണ് സഞ്ജയ് സിങ് സി.ബി.ഐ.യില്‍ എത്തുന്നത്. ഒഡീഷയില്‍ എ.ഡി.ജിയായിരിക്കെ ലഹരിമരുന്ന് വേട്ടയ്ക്കുള്ള പ്രത്യേകസംഘത്തെ നയിച്ചു. ഭുവനേശ്വറിലും കട്ടക്കിലും കമ്മീഷണറായും പ്രവര്‍ത്തിച്ചു. ഭുവനേശ്വറില്‍ ഒട്ടേറെ ലഹരിമരുന്ന് സംഘങ്ങളെയാണ് സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. നിരന്തരമുള്ള പരിശോധനകളിലൂടെ നിരവധി ലഹരിമരുന്ന് സംഘങ്ങളാണ് ഭുവനേശ്വറില്‍ പിടിയിലായത്.
സി.ബി.ഐ.യില്‍ ഡി.ഐ.ജിയായിരിക്കെ പ്രമാദമായ പല കേസുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേസ്, സി.ആര്‍.പി.എഫ്. റിക്രൂട്ട്മെന്റ് കേസ് തുടങ്ങിയ കേസുകള്‍ ഇതില്‍ ചിലതാണ്.
സി.ബി.ഐ.യിലെ ഏഴ് വര്‍ഷത്തെ സര്‍വീസിനിടെ അദ്ദേഹത്തെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളതും മികച്ച അഭിപ്രായങ്ങളാണ്. മിതഭാഷിയായ ഉദ്യോഗസ്ഥനാണെന്നായിരുന്നു സഞ്ജയ് സിങ്ങിനെ ഒരു മുന്‍സഹപ്രവര്‍ത്തകന്‍ വിശേഷിപ്പിച്ചത്. സി.ബി.ഐ.യിലെ സര്‍വീസ് കാലയളവില്‍ വിവാദമായ പല കേസുകളും സഞ്ജയ് സിങ് അന്വേഷിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ബാച്ച്മേറ്റായ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ഔദ്യോഗിക വാഹനം ഒരിക്കലും ദുരുപയോഗം ചെയ്യാത്ത ഉദ്യോഗസ്ഥനാണെന്നായിരുന്നു എന്‍.സി.ബി.യിലെ സഹപ്രവര്‍ത്തകന്‍ സഞ്ജയ് സിങ്ങിനെ വിശേഷിപ്പിച്ചത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഒരിക്കല്‍പോലും അദ്ദേഹം സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചിട്ടില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ കാറിലെ നമ്പര്‍ പ്ലേറ്റില്‍ ഔദ്യോഗികപദവി സൂചിപ്പിക്കുന്ന നക്ഷത്രചിഹ്നങ്ങളും പതിപ്പിച്ചിരുന്നില്ല. സുരക്ഷാഉദ്യോഗസ്ഥരുടെ അകമ്പടിയും അദ്ദേഹം ഒഴിവാക്കിയിരുന്നു. സുരക്ഷാക്രമീകരണം വാഗ്ദാനം ചെയ്തിട്ടും അത് നിരസിക്കുകയാണ് സഞ്ജയ് സിങ് ചെയ്തതെന്നും എന്‍.സി.ബി.യിലെ സഹപ്രവര്‍ത്തകന്‍ പറഞ്ഞു. 2025 ജനുവരി 25 വരെയാണ് സഞ്ജയ് സിങ്ങിന്റെ എന്‍.സി.ബി.യിലെ കാലാവധി.
Content Highlights: who is sanjay singh the ncb officer appointed to lead sit in aryan khan case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..