പ്രവീൺ റാണ
മറ്റൊരു മോന്സണ് മാവുങ്കല്‍, ഒറ്റവാക്കില്‍ പറഞ്ഞാല്‍ തൃശ്ശൂര്‍ സ്വദേശിയായ പ്രവീണ്‍ റാണ എന്ന കെ.പി.പ്രവീണിനെ അങ്ങനെ വിശേഷിപ്പിക്കാം. മോന്സണ് മാവുങ്കലിന്റെ നേതൃത്വത്തില്‍ പുരാവസ്തു തട്ടിപ്പാണ് കേരളത്തില്‍ അരങ്ങേറിയതെങ്കില്‍ പ്രവീണ്‍ റാണ നിക്ഷേപത്തട്ടിപ്പിലൂടെ കോടികളാണ് കൈക്കലാക്കിയത്. സേഫ് ആന്‍ഡ് സ്ട്രോങ് കമ്പനിയുടെ പേരില്‍ നൂറുകോടിയിലേറെ രൂപയാണ് പ്രവീണ്‍ റാണ തട്ടിയെടുത്തത്. ഒടുവില്‍ പോലീസില്‍ പരാതികള്‍ എത്തിയതോടെ 'ലൈഫ് ഡോക്ടര്‍' എന്നറിയപ്പെടുന്ന പ്രവീണ്‍ മുങ്ങി. ഇയാളെ പിടികൂടാനായുള്ള പോലീസിന്റെ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ആരെയും അമ്പരപ്പിക്കുന്നരീതിയിലായിരുന്നു തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശിയായ കെ.പി.പ്രവീണിന്റെ വളര്‍ച്ച. എന്‍ജിനീയറിങ് കോളേജിലെ പഠനത്തിന് ശേഷം ചെറിയ മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന കെ.പി.പ്രവീണ്‍ പിന്നീട് ഡോക്ടര്‍ പ്രവീണായാണ് രംഗപ്രവേശം ചെയ്യുന്നത്. മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന പ്രവീണ്‍ കേരളത്തിന് പുറത്ത് പൂട്ടിപ്പോയ വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇതില്‍ വിജയം കണ്ടതോടെ പ്രവര്‍ത്തനമേഖല പബ്ബുകളിലേക്കും സ്പാകളിലേക്കും മാറ്റി. കര്‍ണാടകത്തിലും തമിഴ്നാട്ടിലും പബ്ബുകള്‍ തുടങ്ങിയ ഇയാള്‍ മദ്യക്കച്ചവടത്തിലും പിടിമുറുക്കി. എന്നാല്‍ തനിക്കെതിരേ അന്വേഷണഏജന്‍സികള്‍ നീങ്ങുന്നുവെന്ന് മനസിലായതോടെ പ്രവീണ്‍ കേരളത്തിലേക്ക് മടങ്ങി. തുടര്‍ന്നാണ് സേഫ് ആന്‍ഡ് സ്ട്രോങ് നിധി കമ്പനിയും കണ്‍സള്‍ട്ടന്‍സിയും ആരംഭിച്ച് മലയാളികളെ 'പറ്റിച്ച്' ജീവിക്കാന്‍ തുടങ്ങിയത്.
ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം മൂവായിരം രൂപയിലേറെയാണ് പലിശയായി ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നത്. കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപത്തുക തിരികെ ലഭിക്കുമെന്നും വാക്കുനല്കിയിരുന്നു. സേഫ് ആന്‍ഡ് സ്ട്രോങ് നിധി കമ്പനിയില്‍ 12 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്തിരുന്നതെങ്കിലും സേഫ് ആന്‍ഡ് സ്ട്രോങ് കണ്‍സള്‍ട്ടന്‍സിയില്‍ പണം മുടക്കിയാല്‍ 40 ശതമാനം വരെ പലിശ ലഭിക്കുമെന്നായിരുന്നു പ്രവീണ്‍ നല്കിയ ഉറപ്പ്. സ്ഥാപനത്തിന്റെ ഫ്രൊഞ്ചൈസി നല്‍കുകയാണെന്ന് പറഞ്ഞാണ് ഈ പണം മുഴുവന്‍ തട്ടിയത്. നിക്ഷേപകരുമായി ഫ്രാഞ്ചൈസി കരാറും ഒപ്പിട്ടിരുന്നു.
തൃശ്ശൂര്‍ ആസ്ഥാനമായിട്ടായിരുന്നു സേഫ് ആന്‍ഡ് സ്ട്രോങ് കമ്പനിയുടെ പ്രവര്‍ത്തനം. പാലക്കാട് ജില്ലയിലും സ്ഥാപനത്തിന്റെ ബ്രാഞ്ചുകളുണ്ടായിരുന്നു. തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് കൃത്യമായി പലിശ നല്കി കമ്പനി നിക്ഷേപകരുടെ വിശ്വാസംനേടി. ഇതോടെ നേരത്തെ പണം നിക്ഷേപിച്ചവര്‍ തന്നെ പുതിയ നിക്ഷേപകരെ കൊണ്ടുവന്നു. കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നവര്‍ക്ക് വന്‍ സമ്മാനങ്ങളും നല്കി. വന്‍കിട റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമാണ് പ്രവീണ്‍ റാണ തന്റെ കമ്പനിയുടെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. സ്വയം ചാര്‍ത്തിയ 'ലൈഫ് ഡോക്ടര്‍' വിശേഷണവും തട്ടിക്കൂട്ട് അവാര്‍ഡുകളും തട്ടിപ്പിനായി ഉപയോഗിച്ചു.

റാണയുടെ നിധി സ്ഥാപനത്തിന്റെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കിയതോടെയാണ് കോടികളുടെ തട്ടിപ്പ് പുറംലോകമറിയുന്നത്. കമ്പനി അംഗീകാരം റദ്ദായിട്ടും ഇത് മറച്ചുവെച്ചും ഇയാള്‍ കോടികള്‍ നിക്ഷേപമായി സ്വീകരിച്ചിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത പലിശ ലഭിക്കാതിരുന്നതോടെ നിക്ഷേപകര്‍ പരാതികളുമായി എത്തിത്തുടങ്ങി. ഒടുവില്‍ പരാതികള്‍ വര്‍ധിച്ചതോടെ പിടിച്ചുനില്‍ക്കാനാകാതെ പ്രവീണ്‍ പതറി. ഡിസംബര്‍ അവസാനം നിക്ഷേപകരുടെ യോഗം വിളിച്ചുകൂട്ടിയ ഇയാള്‍, ജനുവരി ആദ്യത്തില്‍ പണം തിരികെ നല്‍കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ യോഗത്തിന് ശേഷം കമ്പനിയില്‍നിന്ന് പ്രവീണ്‍ രാജിവെച്ചെന്ന വിവരമാണ് നിക്ഷേപകര്‍ അറിഞ്ഞത്. ഇതോടെ വന്‍ലാഭം പ്രതീക്ഷിച്ച് പണം നിക്ഷേപിച്ചവരില്‍ പലരും പോലീസിനെ സമീപിക്കുകയായിരുന്നു.
തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 18-ഓളം കേസുകളാണ് പ്രവീണ്‍ റാണയ്ക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, കണ്‍വെട്ടത്തുണ്ടായിട്ടും ഇയാളെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം കൊച്ചി ചിലവന്നൂരിലെ ഫ്ളാറ്റില്‍ പ്രവീണിനെ തേടി പോലീസ് എത്തിയെങ്കിലും നിമിഷങ്ങള്‍ക്കകം ഇയാള്‍ അവിടെനിന്ന് മുങ്ങുകയായിരുന്നു.
വിവരങ്ങളെല്ലാം ചോരുന്നുവോ? സംശയം ബലപ്പെടുന്നു...
കൊച്ചി സിറ്റി പോലീസിനെ അറിയിക്കാതെയാണ് തൃശ്ശൂരില്‍നിന്നുള്ള പോലീസ് സംഘം കഴിഞ്ഞദിവസം പ്രവീണിനെ തിരഞ്ഞ് കൊച്ചിയിലെത്തിയത്. എന്നാല്‍ ഫ്ളാറ്റിന്റെ ഒരുവശത്തെ ലിഫ്റ്റിലൂടെ പോലീസ് സംഘം അകത്തുകടന്നപ്പോള്‍ മറുഭാഗത്തെ ലിഫ്റ്റിലൂടെ പ്രതി പോലീസിനെയും വെട്ടിച്ച് മുങ്ങുകയായിരുന്നു. കാറില്‍ ചാലക്കുടി ഭാഗത്തേക്കാണ് ഇയാള്‍ പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസ് മനസിലാക്കി. തുടര്‍ന്ന് ചാലക്കുടിയില്‍വെച്ച് ഈ വാഹനം പോലീസ് തടഞ്ഞ് പരിശോധിച്ചെങ്കിലും വാഹനത്തിനുള്ളില്‍ പ്രവീണ്‍ ഇല്ലായിരുന്നു. ആലുവയ്ക്കും അങ്കമാലിയ്ക്കും ഇടയില്‍ ഇയാള്‍ ഇറങ്ങിയെന്നാണ് പോലീസ് കരുതുന്നത്.
അതേസമയം, ഉന്നതരുമായും പോലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള പ്രവീണ്‍ റാണയ്ക്ക് സേനയ്ക്കുള്ളില്‍നിന്ന് തന്നെ വിവരങ്ങള്‍ ചോര്ന്നുകിട്ടുന്നുവെന്ന സംശയവും ബലപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം ഫ്ളാറ്റില്‍ പോലീസ് എത്തിയതും വീട്ടിലെ ആഡംബര കാറുകള്‍ മാറ്റിയതും പ്രധാന രേഖകളെല്ലാം ഒളിപ്പിച്ചതും പോലീസിന്റെ പരിശോധനയ്ക്ക് തൊട്ടുമുന്‍പായിരുന്നു.
സര്‍വീസില്‍നിന്ന് വിരമിച്ച പല പോലീസുകാരും പ്രവീണിന്റെ സംഘത്തില്‍ ജോലിചെയ്യുന്നുണ്ട്. നിലവില്‍ സര്‍വീസിലുള്ള ഉന്നതരുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവീണിന്റെ ഒളിച്ചുകളിയിലും സംശയം ഉയരുന്നത്.
ആഡംബരവിവാഹം, റിസോര്‍ട്ട്
ലൈഫ് ഡോക്ടര്‍ എന്ന ലേബലിലാണ് പ്രവീണ്‍ റാണ തന്നെ സ്വയം മാര്‍ക്കറ്റ് ചെയ്തിരുന്നത്. സ്വകാര്യ ടി.വി. ചാനലിലെ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമിലൂടെ ഇയാള്‍ പ്രശസ്തി നേടി. ജീവിതോപദേശങ്ങളും ജീവിതവിജയത്തിന് വേണ്ട കാര്യങ്ങളുമെല്ലാം അടിസ്ഥാനമാക്കിയായിരുന്നു പ്രവീണിന്റെ പ്രഭാഷണം.
ചെറുപ്പക്കാരുടെ ഒരുവലിയ സംഘവും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരുടെ ദേഹത്ത് പ്രവീണിന്റെ ചിത്രം ടാറ്റൂ ചെയ്തിരുന്നു. ഇതിനൊപ്പം പ്രവീണ്‍ റാണ സോള്‍ജിയേഴ്സ് എന്ന പേരിലും അനുയായികളുടെ സംഘമുണ്ടായിരുന്നു.ഈ സംഘത്തിനായി വന്‍കിട റിസോര്‍ട്ടുകളില്‍ ലക്ഷങ്ങള്‍ പൊടിപിടിച്ച് പാര്‍ട്ടികളും സംഘടിപ്പിച്ചു. ഇത്തരം ആഡംബര പരിപാടികളിലൂടെ നിക്ഷേപകരെയും ആകര്‍ഷിച്ചിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷിയെ കൂട്ടുപിടിച്ച് തൃശ്ശൂരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വന്‍ പരാജയമായിരുന്നു. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് കെട്ടിവെച്ച തുകയും നഷ്ടപ്പെട്ടു.
തൃശ്ശൂരായിരുന്നു കമ്പനിയുടെ ആസ്ഥാനമെങ്കിലും പ്രവീണിന്റെ വന്‍കിട സാമ്പത്തിക ഇടപാടുകളെല്ലാം കൊച്ചി കേന്ദ്രീകരിച്ചാണ് നടന്നിരുന്നതെന്നാണ് വിവരം. അടുത്തിടെ വിവാദകേന്ദ്രമായ കൊച്ചിയിലെ ഒരു ബാര്‍ ഹോട്ടലില്‍ ഉള്‍പ്പെടെ ഇയാള്‍ക്ക് പങ്കാളിത്തമുണ്ടെന്നാണ് സൂചന. പൂണെയിലും ഡാന്‍സ് ബാറുണ്ട്. ചിലയിടങ്ങളില്‍ സ്പായും മസാജ് സെന്ററുകളും ഇയാളുടെ ഉടമസ്ഥതയിലുണ്ടെന്നും സൂചനകളുണ്ട്.
ആഡംബര വാഹനങ്ങളുടെ നീണ്ടനിരയാണ് പ്രവീണ്‍ റാണ പങ്കെടുക്കുന്ന ഓരോ പരിപാടികള്‍ക്കും ഉണ്ടായിരുന്നത്. അംഗരക്ഷകരുടേയും സുന്ദരികളായ യുവതികളുടെയും അകമ്പടിയോടെ ആഡംബര വാഹനങ്ങളില്‍ വന്നിറങ്ങുന്ന ഇയാള്‍ മോട്ടിവേഷണല്‍ സ്പീക്കറായും അറിയപ്പെട്ടിരുന്നു. 2029-നുള്ളില്‍ ഇന്ത്യയിലെ ഒന്നാംനമ്പര്‍ വ്യവസായിയായി താന്‍ മാറുമെന്നാണ് ഇയാള്‍ നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.
തൃശ്ശൂരില്‍ റാണാസ് റിസോര്‍ട്ട് എന്ന പേരില്‍ ഒരു റിസോര്‍ട്ടും ഇയാള്‍ നടത്തിയിരുന്നു. ആറരക്കോടിക്ക് റിസോര്‍ട്ട് വാങ്ങിയതാണെന്നാണ് ഇയാള്‍ നിക്ഷേപകരോട് പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ റിസോര്‍ട്ട് വാടകയ്ക്ക് നടത്താന്‍ ഏറ്റെടുക്കുകയായിരുന്നു. പക്ഷേ, വാടക കുടിശ്ശിക കൂടിയതോടെ റിസോര്‍ട്ട് ഉടമകള്‍ റാണയുമായുള്ള ഇടപാട് അവസാനിപ്പിച്ചു.
2022 ജനുവരി ഒന്നാം തീയതിയായിരുന്നു പ്രവീണ്‍ റാണയുടെ വിവാഹം. മൂന്നുദിവസത്തോളം നീണ്ടുനിന്നതായിരുന്നു വിവാഹചടങ്ങുകള്‍. 2021 ഡിസംബര്‍ 30,31 തീയതികളില്‍ തൃശ്ശൂരിലെ ആഡംബര ഹോട്ടലിലായിരുന്നു ചടങ്ങ്. ജനുവരി ഒന്നാം തീയതി ഗുരുവായൂരില്‍വെച്ച് താലികെട്ടും. പിന്നീട് റാണാസ് റിസോര്‍ട്ടിലും ഗംഭീര വിവാഹസത്കാരം സംഘടിപ്പിച്ചു. ആഡംബരത്തിന്റെ പരകോടിയില്‍ നടന്ന ചടങ്ങില്‍ ഒട്ടേറെപേരാണ് പങ്കെടുത്തത്.

കേരളത്തിലെ 14 ജില്ലകളിലും താന്‍ വിവാഹസത്കാരം സംഘടിപ്പിച്ചെന്നാണ് പ്രവീണ്‍ അവകാശപ്പെട്ടിരുന്നത്. 14 ജില്ലകളിലെ അഗതികള്‍ക്കും മറ്റും വിവാഹസദ്യ സംഘടിപ്പിച്ചെന്നും അഞ്ചുമാസത്തോളം നീണ്ട വിവാഹസത്കാര ചടങ്ങുകളാണിതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ലക്ഷങ്ങള്‍ മുടക്കി സ്വയം താരപരിവേഷം സൃഷ്ടിച്ച പ്രവീണ്‍ റാണ രണ്ട് സിനിമകളിലും അഭിനയിച്ചു. 2020-ല്‍ അനാന്‍ എന്ന സിനിമയായിരുന്നു ആദ്യം. ഇത് നിര്‍മിക്കുകയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും പ്രവീണായിരുന്നു. എന്നാല്‍ സിനിമ വന്‍ പരാജയമായി. പിന്നീട് ചോരന് എന്ന സിനിമയില്‍ നായകനായി. 'റെവല്യൂഷണറി ഹീറോ' എന്ന പേരിലാണ് പ്രവീണ്‍ സിനിമയില്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. സ്വന്തം കൈയിലെ പണം മുടക്കി ഫാന്‍സ് അസോസിയേഷനുകളും രൂപവത്കരിച്ചു. 2022 ഡിസംബറിലാണ് ചോരന് റിലീസായത്. തൃശ്ശൂര്‍ റൂറലിലെ എ.എസ്.ഐ.യായ സാന്റോ അന്തിക്കാടായിരുന്നു സംവിധായകന്. സഞ്ജന ഗല്‍റാണി, രമ്യ പണിക്കര്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രം പ്രവീണ്‍ റാണയായിരുന്നു. അതേസമയം, ഈ സിനിമകളെല്ലാം നിര്‍മിച്ചത് കള്ളപ്പണം കൊണ്ടാണെന്ന സംശയങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്.
Content Highlights: who is praveen rana alias kp praveen safe and strong nidhi choran movie praveen rana life doctor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..