അച്ഛന്‍ പോലീസ്,18-ാം വയസ്സില്‍ ആദ്യകേസ്; ക്രിമിനല്‍ ഗോള്‍ഡി ബ്രാര്‍; കാനഡയിലും പിടികിട്ടാപ്പുള്ളി


5 min read
Read later
Print
Share

ഗോൾഡി ബ്രാർ

കൊടുംക്രിമിനല്‍, കൊലപാതകം, പണംതട്ടല്‍, ഗുണ്ടാആക്രമണം ഉള്‍പ്പെട്ട ഒട്ടേറെ കേസുകള്‍. ഗോള്‍ഡി ബ്രാര്‍ എന്നറിയപ്പെടുന്ന പഞ്ചാബ് സ്വദേശി സതീന്ദര്‍ സിങ് ബ്രാര്‍ ഇപ്പോള്‍ കാനഡ പോലീസിന്റെയും കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച കാനഡ പോലീസ് പുറത്തിറക്കിയ 25 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലാണ് ഗോള്‍ഡി ബ്രാറും ഇടംനേടിയിരിക്കുന്നത്.

ഇന്ത്യയില്‍ കൊലപാതകം, ഗൂഢാലോചന, കൊലപാതകശ്രമം, ആയുധക്കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഗോള്‍ഡി ബ്രാര്‍. അതേസമയം,ഇയാള്‍ക്കെതിരേ കാനഡയില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും ഇയാള്‍ പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നത്.

പ്രശസ്ത പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലയ്ക്ക് പിന്നാലെയാണ് ഗോള്‍ഡി ബ്രാര്‍ എന്ന പേര് രാജ്യമാകെ കുപ്രസിദ്ധി നേടിയത്. അതിനുമുന്‍പേ പഞ്ചാബില്‍ കൊലപാതകം ഉള്‍പ്പെടെ വിവിധ ക്രിമിനല്‍ കേസുകളില്‍ ഗോള്‍ഡി ബ്രാര്‍ പ്രതിയായിരുന്നു. ഫരീദ്‌കോട്ടിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗുര്‍ലാല്‍ സിങ് ബുള്ളാര്‍ എന്ന പെഹല്‍വാനെ കൊലപ്പെടുത്തിയ കേസുകളടക്കം 50-ഓളം കേസുകളാണ് ഗോള്‍ഡി ബ്രാറിനെതിരേ പഞ്ചാബിലും മറ്റിടങ്ങളിലുമുള്ളത്. എന്നാല്‍ 2017-ല്‍ കാനഡയിലേക്ക് മുങ്ങിയ ഇയാളെ ഇതുവരെ പിടികൂടാനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. മൂസെവാലയുടെ കൊലയ്ക്ക് പിന്നാലെ ഗോള്‍ഡി ബ്രാര്‍ കഴിഞ്ഞ ഡിസംബറില്‍ യു.എസില്‍ പിടിയിലായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പഞ്ചാബ് പോലീസോ മറ്റു അന്വേഷണ ഏജന്‍സികളോ പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ആണ് ഗോള്‍ഡി ബ്രാര്‍ യു.എസിലെ കാലിഫോര്‍ണയില്‍ പിടിയിലായെന്ന കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പക്ഷേ, ഒരാഴ്ചക്കുള്ളില്‍ ഇക്കാര്യം നിഷേധിച്ചും പഞ്ചാബ് മുഖ്യമന്ത്രിയെ പരിഹസിച്ചും ഗോള്‍ഡി ബ്രാറിന്റെ ടെലഫോണ്‍ അഭിമുഖം പുറത്തുവന്നു. ഇതോടെ പഞ്ചാബ് സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതാക്കളടക്കം രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

അച്ഛന്‍ പോലീസ്, 18-ാം വയസ്സില്‍ ആദ്യ കേസ്...

1994-ല്‍ പഞ്ചാബിലെ ശ്രീ മുക്തസര്‍ സാഹേബിലാണ് ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദര്‍ ജിത്ത് സിങ്ങിന്റെ ജനനം. അച്ഛന്‍ ഷംഷീര്‍സിങ് പഞ്ചാബ് പോലീസില്‍ എ.എസ്.ഐ.യായിരുന്നു. മകന്റെ ക്രിമിനല്‍പ്രവര്‍ത്തനങ്ങള്‍ കാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ബി.എ. വരെ പഠിച്ചിട്ടുള്ള ഗോള്‍ഡി ബ്രാര്‍ തന്റെ 18-ാം വയസ്സിലാണ് ആദ്യമായി ഒരു ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നത്. രണ്ടുസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് 18-കാരനായ സതീന്ദര്‍ സിങ്ങും പ്രതിയായത്. ഈ കേസില്‍ പിന്നീട് കുറ്റവിമുക്തനാവുകയും ചെയ്തു.

എന്തുംചെയ്യാന്‍ മടിക്കാത്ത, ചോരതിളക്കുന്ന പ്രായത്തില്‍ ഗുണ്ടാസാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു ഗോള്‍ഡി ബ്രാര്‍. അതുപിന്നീട് രാജ്യമാകെ കുപ്രസിദ്ധി നേടിയ വലിയ ഗുണ്ടാസംഘമായി മാറി. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുമായി ബന്ധം സ്ഥാപിച്ചതോടെ ഇരുവരും നിയന്ത്രിക്കുന്ന വന്‍സംഘം രൂപംകൊണ്ടു. കൊല, കവര്‍ച്ച, ആയുധക്കടത്ത് എന്നിവയെല്ലാം നിര്‍ബാധം തുടര്‍ന്നു. ലോറന്‍സ് ബിഷ്‌ണോയി പിന്നീട് ജയിലിലായെങ്കിലും ഗോള്‍ഡി ബ്രാര്‍ ഇതിനോടകം രാജ്യംവിട്ടിരുന്നു. പിന്നീട് കാനഡയിലിരുന്നാണ് ഗോള്‍ഡി ബ്രാര്‍ ഓപ്പറേഷനുകള്‍ നിയന്ത്രിച്ചത്. ഇയാളുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിരവധിപേരടങ്ങിയ ഗുണ്ടാസംഘവും പഞ്ചാബിലും മറ്റുസംസ്ഥാനങ്ങളിലും സജീവമായുണ്ടായിരുന്നു.

കാനഡയില്‍ പോയത് സ്റ്റുഡന്റ് വിസയില്‍....

2017-ല്‍ സ്റ്റുഡന്റ് വിസയിലാണ് ഗോള്‍ഡി ബ്രാര്‍ കാനഡയിലേക്ക് കടക്കുന്നത്. അതിനുമുന്‍പ് കൊലപാതകം ഉള്‍പ്പെടെ നാലുകേസുകള്‍ ഇയാള്‍ക്കെതിരേ പഞ്ചാബിലുണ്ടായിരുന്നു. 2015-ല്‍ മുക്തസറില്‍ ഒരു കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടെങ്കിലും കേസ് ഒത്തുതീര്‍പ്പിലെത്തുകയും ഇയാള്‍ കുറ്റവിമുക്തനാവുകയും ചെയ്തു. ഫസില്‍ക്ക ജില്ലയില്‍ രണ്ടുകേസുകളില്‍ കൂടി പ്രതിയായെങ്കിലും കാനഡയിലേക്ക് പോകുന്ന സമയത്ത് കേസുകളൊന്നും ഇല്ലാത്തതിനാല്‍ ഇയാളുടെ യാത്രയ്ക്ക് തടസമുണ്ടായില്ല. പോലീസ് ക്ലിയറന്‍സും ലഭിച്ചു. പക്ഷേ, 2017-ല്‍ കാനഡയിലേക്ക് കടന്ന ഗോള്‍ഡി ബ്രാര്‍ പിന്നീടങ്ങോട്ട് പഞ്ചാബ് പോലീസിന് വലിയ തലവേദനയായി മാറി. ലോറന്‍സ് ബിഷ്‌ണോയിക്കൊപ്പം ചേര്‍ന്ന് പഞ്ചാബും കടന്ന് ഓപ്പറേഷനുകള്‍ തുടര്‍ന്നതോടെ രാജ്യത്തെ പ്രധാന ഏജന്‍സികളും ഇയാളെ നിരീക്ഷണത്തിലാക്കി. പക്ഷേ, അന്നും ഇന്നും ആര്‍ക്കും പിടികൊടുക്കാതെ, സാമൂഹികമാധ്യമങ്ങളില്‍ കൂടി വെല്ലുവിളി തുടരുകയാണ് ഗോള്‍ഡി ബ്രാര്‍ എന്ന കൊടുംക്രിമിനല്‍.

ലോറന്‍സ് ബിഷ്‌ണോയിയുമായി കൂട്ട്, രാജ്യത്തെ ഞെട്ടിച്ച കൊലപാതകങ്ങള്‍...

തന്റെ അടുത്ത ബന്ധുവായ ഗുര്‍ലാല്‍ ബ്രാര്‍ വഴിയാണ് ഗോള്‍ഡി ബ്രാര്‍ ലോറന്‍സ് ബിഷ്‌ണോയിയുമായി പരിചയത്തിലാകുന്നത്. 'സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് പഞ്ചാബ് യൂണിവേഴ്‌സിറ്റി'(എസ്.ഒ.പി.യു)യുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന ഗുര്‍ലാല്‍ 2020-ല്‍ കൊല്ലപ്പെട്ടു. ഇതോടെ ഗുര്‍ലാലിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ ഗോള്‍ഡിയും ലോറന്‍സ് ബിഷ്‌ണോയിയും കൈകോര്‍ത്തു.

ബന്ധുവായ ഗുര്‍ലാലിന്റെ കൊലയ്ക്ക് പ്രതികാരമായി യൂത്ത് കോണ്‍ഗ്രസ് നേതാവായ ഗുര്‍ലാല്‍ പഹല്‍വാനെയാണ് ഗോള്‍ഡിയും ബിഷ്‌ണോയിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഫരീദ്‌കോട്ടിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ പഹല്‍വാനാണ് തന്റെ ബന്ധുവിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് ഗോള്‍ഡി ബ്രാര്‍ പറഞ്ഞിരുന്നത്. പഹല്‍വാനെ വകവരുത്താനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു. ഫരീദ്‌കോട്ട് നഗരത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു അത്. ബൈക്കിലെത്തിയ അക്രമികള്‍ പഹല്‍വാനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ലോറന്‍സ് ബിഷ്‌ണോയി | ഫയല്‍ചിത്രം | ഫോട്ടോ: എ.എന്‍.ഐ.

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഗോള്‍ഡി ബ്രാര്‍ എന്ന പേര് കുപ്രസിദ്ധി നേടിയത്. 2022 മേയ് 29-ാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ ആ ദാരുണ കൊലപാതകം. പഞ്ചാബ് സര്‍ക്കാര്‍ മൂസെവാലയുടെ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നാലെ എത്രയുംവേഗം മൂസെവാലയെ കൊലപ്പെടുത്തണമെന്നായിരുന്നു ഗോള്‍ഡി ബ്രാര്‍ തന്റെ കൂട്ടാളികള്‍ക്ക് നല്‍കിയ നിര്‍ദേശം. കാനഡയിലിരുന്ന് ഗോള്‍ഡിയും തിഹാര്‍ ജയിലില്‍നിന്ന് ലോറന്‍സ് ബിഷ്‌ണോയിയും പദ്ധതി ആസൂത്രണംചെയ്തു. മേയ് 28-ാം തീയതി കൂട്ടാളികള്‍ക്ക് ഗോള്‍ഡിയുടെ നിര്‍ദേശം ലഭിച്ചു. പിറ്റേദിവസം ഗോള്‍ഡിയുടെ ഗുണ്ടാസംഘം മാന്‍സയില്‍വെച്ച് സിദ്ദു മൂസെവാലയെ വെടിവെച്ച് കൊന്നു. 30-ഓളം തവണയാണ് മൂസെവാലയുടെ ശരീരത്തില്‍ വെടിയേറ്റത്. സംഭവത്തില്‍ പ്രതികളായ പലരും പിന്നീട് പിടിയിലായെങ്കിലും ഗോള്‍ഡി ബ്രാറിനെ മാത്രം കണ്ടെത്താനായില്ല.

മൂസെവാലയുടെ കൊലയ്ക്ക് പിന്നാലെ കൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോള്‍ഡി ബ്രാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കാനഡയിലിരുന്ന് അന്വേഷണ ഏജന്‍സികളെ വെല്ലുവിളിക്കുന്ന ഗോള്‍ഡി ബ്രാറിനെ പൂട്ടാനായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. ഇതിനിടെ ഗോള്‍ഡി ബ്രാര്‍ അമേരിക്കയില്‍ പിടിയിലായെന്ന് പഞ്ചാബ് മുഖ്യമന്ത്രി അവകാശപ്പെട്ടെങ്കിലും ഒരു അന്വേഷണ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

സിദ്ദു മൂസെവാല

യുവ അകാലിദള്‍ നേതാവ് വിക്കി മിദ്ദുഖേരയുടെ കൊലയ്ക്ക് പ്രതികാരമായാണ് ഗോള്‍ഡിയും സംഘവും സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. വിക്കിയുടെ കൊലപാതകത്തില്‍ മൂസെവാലയുടെ മാനേജരായ ഷഗന്‍പ്രീത് സിങ്ങിനും പങ്കുണ്ടെന്ന് ഗോള്‍ഡി ബ്രാര്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മൂസെവാലയെ തന്നെ വകവരുത്തി തിരിച്ചടി നല്‍കാന്‍ ഗുണ്ടാത്തലവന്‍ ആസൂത്രണം ചെയ്തത്.

മൂസെവാല വധത്തോടെ അന്വേഷണവും തിരച്ചിലും ഊര്‍ജിതമായെങ്കിലും 2022 നവംബറില്‍ മറ്റൊരു കൊലപാതകം കൂടി നടത്തി ഗോള്‍ഡി ബ്രാര്‍ വീണ്ടും മനുഷ്യക്കുരുതി തുടര്‍ന്നു. ദേരാ സച്ഛാ സൗദ അനുയായിയായ പ്രദീപ് സിങ് കട്ടാരിയെയാണ് ഗോള്‍ഡിയുടെ കൂട്ടാളികള്‍ ഫരീദ്ബാദില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ 'ഗുരു ഗ്രന്ഥ സാഹിബ്' മോഷ്ടിക്കുകയും താളുകള്‍ നശിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ പ്രതിയായിരുന്നു പ്രദീപ്. 2015-ല്‍ നടന്ന സംഭവത്തില്‍ മതനിന്ദ ഉള്‍പ്പെടെ ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തു. എന്നാല്‍ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. ഇതിനിടെയാണ് ഗോള്‍ഡി ബ്രാറിന്റെ നിര്‍ദേശമനുസരിച്ച് പ്രദീപിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോള്‍ഡി ബ്രാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. മൂന്നുസര്‍ക്കാരുകള്‍ക്കും സംഭവത്തില്‍ നീതി നടപ്പാക്കാനായില്ലെന്നും ഏതുമതത്തെയും നിന്ദിക്കുന്നവര്‍ക്ക് ഇതായിരിക്കും ഫലമെന്നുമായിരുന്നു ഗോള്‍ഡിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സല്‍മാന്‍ ഖാനും ഭീഷണി...

ബോളിവുഡ് താരം സല്‍മാന്‍ ഖാന് ഭീഷണിസന്ദേശമയച്ചും ഗോള്‍ഡി ബ്രാര്‍ അടുത്തിടെ വാര്‍ത്തകളിലിടം നേടിയിരുന്നു. ലോറന്‍സ് ബിഷ്‌ണോയി സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഗോള്‍ഡി ബ്രാറിന്റെ പേര് പരാമര്‍ശിച്ചുള്ള ഭീഷണിസന്ദേശവും നടന് ലഭിച്ചത്. 2018-ല്‍ സല്‍മാന്‍ ഖാനെ വകവരുത്താന്‍ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ വസതിയിലെത്തിയ സാംബത് നെഹ്‌റ ഗോള്‍ഡിയുടെയും ലോറന്‍സ് ബിഷ്‌ണോയിയുടെയും കൂട്ടാളിയാണ്.

എന്‍.ഐ.എ. രംഗത്ത്, റെഡ് കോര്‍ണര്‍ നോട്ടീസ്...

വിദേശത്തിരുന്ന് രാജ്യത്ത് കൊല്ലുംകൊലയും നടത്തിയതോടെ ഗോള്‍ഡി ബ്രാറിനെ എങ്ങനെയും പൂട്ടാനായിരുന്നു അന്വേഷണ ഏജന്‍സികളുടെ ശ്രമം. മൂസെവാല കേസില്‍ എന്‍.ഐ.എ. ഇടപെട്ടതോടെ ഗോള്‍ഡി ബ്രാറുമായി അടുപ്പംപുലര്‍ത്തിയ പലരും പിടിയിലായി. ഇതിനിടെ കഴിഞ്ഞ ജൂണില്‍ സി.ബി.ഐ.യുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ ഗോള്‍ഡി ബ്രാറിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. 2020-ലെ പഹല്‍വാന്‍ വധക്കേസിന്റെ റിപ്പോര്‍ട്ടുകളടക്കം പരിഗണിച്ചാണ് ഗോള്‍ഡിക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയത്.

മൂസെവാലയുടെ കൊലപാതകത്തിന് ശേഷം പഞ്ചാബ് കേന്ദ്രീകരിച്ച് ഒട്ടേറെ വ്യവസായികളില്‍നിന്ന് ഗോള്‍ഡി ബ്രാര്‍ പണം തട്ടിയതായാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. വ്യവസായികളെ ഭീഷണിപ്പെടുത്തിയും ക്വട്ടേഷന്‍ കൊലപാതകങ്ങള്‍ ഏറ്റെടുത്തും ലക്ഷങ്ങള്‍ കൈക്കലാക്കിയെന്നാണ് വിവരം. ഗോള്‍ഡിയുടെയും ലോറന്‍സ് ബിഷ്‌ണോയിയുടെയും സംഘത്തില്‍ നൂറുകണക്കിന് പേരുണ്ടെന്നും ഹരിയാണയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെയാണ് ഇയാള്‍ ക്വട്ടേഷന്‍ കൊലപാതകത്തിനായി ഉപയോഗിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

ഗോള്‍ഡി ബ്രാറിന് പാക് ബന്ധങ്ങളുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പാക് ചാര സംഘടനയായ ഐ.എസ്.ഐ.യില്‍നിന്നടക്കം ഗോള്‍ഡി ബ്രാറിനും സംഘത്തിനും സഹായം ലഭിച്ചതായാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ അവകാശവാദം. കാനഡയില്‍നിന്ന് യു.എസി.ലേക്ക് കടക്കാനുള്‍പ്പെടെ ഈ സഹായം തുണയായതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഗോള്‍ഡി ബ്രാര്‍ നിലവില്‍ എവിടെയാണുള്ളതെന്നതില്‍ കൃത്യമായ വിവരങ്ങളില്ല. താന്‍ യു.എസി.ലാണെന്നും തുര്‍ക്കിയിലാണെന്നും ഇയാള്‍ അടുത്തിടെ ഫെയ്‌സ്ബുക്കില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണങ്ങളില്ല. അതിനിടെ, ഏറ്റവുമൊടുവില്‍ തിഹാര്‍ ജയിലില്‍ ഗുണ്ടാനേതാവ് ടില്ലു താജ്പുരിയ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തവും ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം തുടരുകയാണ്.

Content Highlights: who is goldy brar who listed most 25 fugitives list in canada

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
soumya sunil vandanmedu, ci vs navas

7 min

'നൂറുശതമാനം ഉറപ്പായിരുന്നു അത് കള്ളക്കേസാണെന്ന്, സമ്മര്‍ദങ്ങളുണ്ടായി';മെമ്പറും കൂട്ടാളികളും കുടുങ്ങി

Feb 27, 2022


mallappally shop blast

1 min

മല്ലപ്പള്ളിയില്‍ ചായക്കടയില്‍ പൊട്ടിത്തെറി; ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ വിരലുകള്‍ അറ്റുതൂങ്ങി

Dec 21, 2021


idukki thodupuzha kidnap

3 min

വിമാനത്തില്‍ പറന്നെത്തി പോലീസ്, അതിവേഗനീക്കം; മലയാളിപെണ്‍കുട്ടിയെ കണ്ടെത്തിയത് ബംഗാളിലെ ഗ്രാമത്തില്‍

Apr 30, 2023

Most Commented