ഗായത്രി | Screengrab: Youtube.com/INEWS
ഹൈദരാബാദ്: നഗരത്തെ നടുക്കിയ ക്വട്ടേഷന്‍ ബലാത്സംഗക്കേസിലെ മുഖ്യപ്രതിയായ ഗായത്രിക്കെതിരേ മാതാവും ബന്ധുക്കളും രംഗത്ത്. ഭര്‍ത്താവിന്റെ സുഹൃത്തായ യുവതിയെ വാടക ഗുണ്ടകളെ കൊണ്ട് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഗായത്രി പിടിയിലായതിന് പിന്നാലെയാണ് മാതാവ് ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. കോളേജ് പഠനത്തിന് ശേഷം മകളുടേത് വഴിവിട്ട ജീവിതമായിരുന്നുവെന്നും തങ്ങളുടെ വീട് ഉള്‍പ്പെടെ കൈക്കലാക്കിയ മകള്‍, വീട്ടില്‍നിന്ന് തന്നെ ഇറക്കിവിട്ടെന്നും മാതാവ് കൃഷ്ണവേണി മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്കെതിരേ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ഹൈദരാബാദിന് സമീപം കൊണ്ടാപൂരിലെ ശ്രീരാമനഗര്‍ കോളനിയില്‍ താമസിക്കുന്ന ഗായത്രിയെ കഴിഞ്ഞദിവസമാണ് കൂട്ടബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ശ്രീകാന്തിന്റെ സുഹൃത്തായ യുവതിയെ വാടക ഗുണ്ടകളെ കൊണ്ട് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. ഭര്‍ത്താവ് ശ്രീകാന്തും യുവതിയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന സംശയമാണ് ക്വട്ടേഷന്‍ ബലാത്സംഗത്തിന് കാരണമായത്. ഗായത്രിക്ക് പുറമേ ക്വട്ടേഷന്‍ സംഘാംഗങ്ങളായ മനോജ് കുമാര്‍(22) സയീദ് മസ്താന്‍(25) ഷെയ്ഖ് മുജാഹിദ്(25) ഷെയ്ഖ് മൗലാ അലി (32) പൃഥ്വി വിഷ്ണു വര്‍ധന്‍(22) എന്നിവരും കേസില്‍ അറസ്റ്റിലായിരുന്നു. മേയ് 26-ാം തീയതി യുവതിയെ ഗായത്രിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്.
ശ്രീകാകുളം സ്വദേശിയായ ശ്രീകാന്തും ഗായത്രിയും ഏറെനാളായി ഒരുമിച്ചാണ് താമസമെങ്കിലും ഇവര്‍ നിയമപരമായി വിവാഹംകഴിച്ചിട്ടില്ലെന്നാണ് വിവരം. യു.പി.എസ്.സി. പരീക്ഷാപരിശീലനത്തിനിടെയാണ് ശ്രീകാന്ത് സ്വന്തം നാട്ടുകാരിയായ യുവതിയുമായി സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് യുവതി ശ്രീകാന്തിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകയായി. ചില അസുഖങ്ങള്‍ അലട്ടിയിരുന്ന ഗായത്രിയെ സഹായിക്കാനായി തങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ ശ്രീകാന്ത് തന്നെയാണ് പിന്നീട് യുവതിയോട് അഭ്യര്‍ഥിച്ചത്. 2021 ഒക്ടോബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ യുവതി ഇവരുടെ വീട്ടില്‍ താമസിച്ചു. എന്നാല്‍ ഇതിനിടെ, ശ്രീകാന്തും യുവതിയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന സംശയം ഗായത്രിക്ക് ബലപ്പെട്ടു. ഇതേച്ചൊല്ലി ശ്രീകാന്തുമായി വഴക്കിടുന്നതും പതിവായി. ശ്രീകാന്തിനെതിരേയും യുവതിക്കെതിരേയും ഏപ്രിലില്‍ പോലീസില്‍ പരാതിയും നല്‍കി. ഇതിനുപിന്നാലെയാണ് യുവതിയോടുള്ള പ്രതികാരമായി കൂട്ടബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയത്.
കൃത്യമായ ആസൂത്രണത്തിലൂടെയാണ് മേയ് 26-ന് നടന്ന കുറ്റകൃത്യം പ്രതികള്‍ നടപ്പാക്കിയതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞാണ് ഗായത്രി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇതിനുമുമ്പ് ക്വട്ടേഷന്‍ സംഘവുമായി ഇവര്‍ കരാര്‍ ഉറപ്പിച്ചിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം യുവതി വരാമെന്നേറ്റ ദിവസം ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ വീട്ടിനുള്ളില്‍ നിലയുറപ്പിച്ചു.
Also Read
മേയ് 26-ന് വൈകിട്ട് നാലുമണിയോടെയാണ് യുവതി ഗായത്രിയുടെ വീട്ടിലെത്തിയത്. മാതാപിതാക്കളും യുവതിക്കൊപ്പമുണ്ടായിരുന്നു. ഇതോടെ മാതാപിതാക്കള്‍ പുറത്തുനിന്നാല്‍ മതിയെന്നും യുവതിയോട് തനിച്ച് കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും ഗായത്രി പറഞ്ഞു. തുടര്‍ന്ന് യുവതിയെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വീടിനകത്ത് കടന്നയുടന്‍ യുവതിക്ക് നേരേ മറ്റു പ്രതികള്‍ പാഞ്ഞടുത്തു. ക്രൂരമായി മര്‍ദിച്ചശേഷം ഓരോരുത്തരായി യുവതിയെ ബലാത്സംഗത്തിനിരയാക്കി. ഇതെല്ലാം ഗായത്രി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി. സംഭവത്തില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഗായത്രിയുടെ ഭീഷണി.
ഏറെനേരം കഴിഞ്ഞിട്ടും വീടിനകത്തേക്ക് പോയ മകളെ കാണാതായതോടെയാണ് പുറത്തുനിന്ന മാതാപിതാക്കള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇവര്‍ ബഹളംവെച്ചതോടെ വീട്ടില്‍നിന്ന് അഞ്ച് യുവാക്കള്‍ ഇറങ്ങിയോടി. പിന്നാലെ വീടിനകത്തുനിന്ന് ചോരയൊലിച്ച നിലയില്‍ യുവതിയും ഇറങ്ങിവന്നു. ഉടന്‍തന്നെ മാതാപിതാക്കള്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതരമായി പരിക്കേറ്റ യുവതി അപകടനില തരണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, ഗായത്രിക്കെതിരേ മാതാവ് കൃഷ്ണവേണി അടക്കമുള്ളവര്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ബി.ടെക് പഠനത്തിന് ശേഷം മകള്‍ ഒരാളെ പീഡനപരാതിയില്‍ കുടുക്കി വിവാഹം കഴിച്ചെന്നായിരുന്നു മാതാവിന്റെ വെളിപ്പെടുത്തല്‍. ഇയാളെ തന്നെ വിവാഹം കഴിക്കാനായി ഗായത്രി പോലീസില്‍ പീഡന പരാതി നല്‍കുകയായിരുന്നു. പീഡനക്കേസായതോടെ യുവാവിന് മറ്റുവഴികളുണ്ടായില്ല. തുടര്‍ന്ന് ഗായത്രിയെ വിവാഹം ചെയ്തു. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ലെന്നും മാതാവ് പറഞ്ഞു.
ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഗായത്രി ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ച് ഹൈദരാബാദിലെത്തി. പിന്നീടാണ് ശ്രീകാന്തുമായി അടുപ്പത്തിലായത്. പിതാവ് മരിച്ചപ്പോള്‍ വീട്ടിലെത്തിയ മകള്‍ മാതാവുമായും സഹോദരിയുമായും വഴക്കുണ്ടായി. ശ്രീകാന്തിനെയും കൂട്ടിക്കൊണ്ടുവന്ന് കുടുംബത്തിന്റെ വീട് കൈക്കലാക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഇരുവരും ചേര്‍ന്ന് തങ്ങളെ വീട്ടില്‍നിന്ന് ഇറക്കിവിട്ടതായും മാതാവ് ആരോപിച്ചു.
വീട്ടില്‍നിന്ന് ഇറക്കിവിട്ടതിന് 2020-ല്‍ ഗായത്രിക്കെതിരേ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഗച്ചിബൗളി സ്റ്റേഷനിലെ സി.ഐ. മകളുടെ ഭാഗത്താണ് നിലകൊണ്ടത്. തങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ സി.ഐ തയ്യാറായില്ലെന്നും കൃഷ്ണവേണി ആരോപിച്ചു.
മകളോടൊപ്പം താമസിക്കുന്ന ശ്രീകാന്തും തങ്ങളെ ഉപദ്രവിച്ചതായാണ് മാതാവിന്റെ പരാതി. വീട്ടില്‍ താമസിക്കുമ്പോള്‍ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചും കുരുമുളക് സ്‌പ്രേ ചെയ്തും ശ്രീകാന്ത് ഉപദ്രവിച്ചെന്നാണ് ഇവരുടെ ആരോപണം. ഇതേത്തുടര്‍ന്ന് കുറച്ചുകാലത്തേക്ക് വീട്ടില്‍നിന്ന് മാറിനിന്നതോടെ മകളും ശ്രീകാന്തും വീടും സ്ഥലവും കൈക്കലാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു. ഈ സംഭവങ്ങളില്‍ ശ്രീകാന്തും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ക്കെതിരേയും കേസെടുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
Content Highlights: who is gayatri kondapur gang rape case main accused
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..