4 ബില്യൺ ഡോളറുമായി 5 വര്‍ഷം മുന്‍പ് വിമാനം കയറിയ ക്രിപ്‌റ്റോക്വീന്‍ എവിടെ?


അഫീഫ് മുസ്തഫ

ലോകത്തെ ഏറ്റവും വലിയ തട്ടിപ്പ് പദ്ധതികളിലൊന്നെന്നാണ് വണ്‍കോയിന്‍ തട്ടിപ്പിനെ യു.എസിലെ ഫെഡറല്‍ പ്രോസിക്യൂട്ടേഴ്‌സ് വിശേഷിപ്പിക്കുന്നത്. 2014-ന്റെ അവസാനം മുതല്‍ 2016 വരെ മാത്രം 175-ഓളം രാജ്യങ്ങളില്‍നിന്നായി നാലുബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനിയിലേക്ക് എത്തിയത്.

Premium

റൂയ ഇഗ്നാറ്റോവ

പണം, പണം, പണം മാത്രം. മുപ്പതാം വയസ്സില്‍ കോടീശ്വരിയാകണമെന്ന് ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടി. സ്‌കോളര്‍ഷിപ്പോടെ ബിരുദപഠനം. പഠനകാലത്തും അവള്‍ വായിച്ചുതള്ളിയിരുന്നത് 'എങ്ങനെ പണമുണ്ടാക്കാം' എന്ന കാര്യം മാത്രം വിശദീകരിച്ചിരുന്ന പുസ്തകങ്ങള്‍. ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 'ക്രിപ്റ്റോക്വീന്‍' എന്ന് സ്വയം വിശേഷിപ്പിച്ച് ലോകമെമ്പാടും അവര്‍ പ്രശസ്തി നേടി. പക്ഷേ, മാസങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഞെട്ടിച്ച വമ്പന്‍ തട്ടിപ്പിലും അതേ വനിത പ്രതിയായി. അതേ, ക്രിപ്റ്റോക്വീന്‍ എന്ന റൂയ ഇഗ്‌നാറ്റോവ. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍(എഫ്.ബി.ഐ.) ഒരു ലക്ഷം ഡോളര്‍ വിലയിട്ട പിടികിട്ടാപ്പുള്ളി.

ക്രിപ്റ്റോകറന്‍സിക്ക് ലോകത്ത് പ്രചാരം ലഭിച്ചുതുടങ്ങുന്ന വേളയിലാണ് റൂയ ഇഗ്‌നാറ്റോവ എന്ന 'സുന്ദരി' തന്റെ പുതിയ ക്രിപ്റ്റോ കറന്‍സിയായ 'വണ്‍കോയിന്‍' അവതരിപ്പിക്കുന്നത്. സുഹൃത്തായ ഗ്രീന്‍വുഡിനൊപ്പം 2014-ലായിരുന്നു 'വണ്‍കോയിനു'മായി റൂയയുടെ രംഗപ്രവേശം. പ്രധാന ക്രിപ്റ്റോകറന്‍സികളിലൊന്നായ ബിറ്റ്കോയിന്‍ ഇല്ലാതാകുമെന്നും ഇനിയുള്ള കാലം 'വണ്‍കോയിന്' സ്വന്തമാകുമെന്നുമായിരുന്നു അവകാശവാദം. 'ബിറ്റ്‌കോയിന്‍ കില്ലര്‍' എന്നാണ് ഇവര്‍ വണ്‍കോയിനെ വിശേഷിപ്പിച്ചിരുന്നത്.

പ്രത്യേക യോഗങ്ങളും വെബിനാറുകളും സംഘടിപ്പിച്ച് റൂയയും സംഘവും വണ്‍കോയിനിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചു. ഇതോടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും യു.എസ്. അടക്കമുള്ള മറ്റു രാജ്യങ്ങളില്‍നിന്നും വണ്‍കോയിനിലേക്ക് നിക്ഷേപം ഒഴുകിയെത്തി. നിക്ഷേപങ്ങള്‍ക്ക് അഞ്ചിരട്ടി മുതല്‍ പത്തിരട്ടി വരെ പ്രതിഫലം വാഗ്ദാനം ചെയ്തപ്പോള്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള അനേകം പേര്‍ വന്‍തോതില്‍ പണംമുടക്കി. പക്ഷേ, മാസങ്ങള്‍ക്ക് ശേഷം നിക്ഷേപകരെയെല്ലാം വഞ്ചിച്ച് റൂയ ഇഗ്‌നാറ്റോവ അപ്രത്യക്ഷമാവുകയായിരുന്നു. ഒരു ഒന്നൊന്നര മുങ്ങല്‍. ഏകദേശം നാലു ബില്യണ്‍ യു.എസ്. ഡോളര്‍ തട്ടിയെടുത്താണ് റൂയ അപ്രത്യക്ഷമായതെന്നാണ് അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ(എഫ്.ബി.ഐ.) കണ്ടെത്തല്‍.

2017 ഒക്ടോബര്‍ 17-ന് ബള്‍ഗേറിയയിലെ സോഫിയയില്‍നിന്ന് ഗ്രീസിലെ ആതന്‍സിലേക്ക് വിമാനം കയറിയ റൂയയെക്കുറിച്ച് പിന്നെ വിവരമൊന്നും ലഭിച്ചിട്ടില്ല. എഫ്.ബി.ഐ. അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ലോകമാകെ വല വിരിച്ചിട്ടും ക്രിപ്‌റ്റോക്വീന്‍ എവിടെയാണെന്നതും അവര്‍ക്ക് എന്തു സംഭവിച്ചുവെന്നതും ഇന്നും ദുരൂഹമായി തുടരുന്നു.

അതിനിടെ, കഴിഞ്ഞ ദിവസങ്ങളില്‍ റൂയയെക്കുറിച്ചുള്ള മറ്റു ചില വാര്‍ത്തകളും പുറത്തുവന്നിരുന്നു. ലണ്ടനില്‍ തന്റെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റ് റൂയ വില്‍ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്. കമ്പനിയുടെ പേരില്‍ വാങ്ങിയ അപ്പാര്‍ട്ട്‌മെന്റ് വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തപ്പോള്‍ യഥാര്‍ഥ ഉടമയുടെ സ്ഥാനത്ത് റൂയയുടെ പേരും വിവരങ്ങളും നല്‍കിയിരുന്നു. അപ്പാര്‍ട്ട്‌മെന്റ് വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്യുമ്പോള്‍ യഥാര്‍ഥ ഉടമയുടെ പേര് നല്‍കണമെന്ന ചട്ടമാണ് റൂയയ്ക്ക് തിരിച്ചടിയായത്. ഇതോടെ അഞ്ചു വര്‍ഷത്തിന് ശേഷം റൂയയെക്കുറിച്ചുള്ള പുതിയ അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്.

ഇന്റര്‍നാഷണല്‍ തട്ടിപ്പുറാണി....

ലോകത്തെ ഏറ്റവും വലിയ തട്ടിപ്പ് പദ്ധതികളിലൊന്നെന്നാണ് വണ്‍കോയിന്‍ തട്ടിപ്പിനെ യു.എസിലെ ഫെഡറല്‍ പ്രോസിക്യൂട്ടേഴ്‌സ് വിശേഷിപ്പിക്കുന്നത്. 2014-ന്റെ അവസാനം മുതല്‍ 2016 വരെ മാത്രം 175-ഓളം രാജ്യങ്ങളില്‍നിന്നായി നാലു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനിയിലേക്ക് എത്തിയത്. യു.എസില്‍നിന്ന് മാത്രം 50 മില്യണ്‍ ഡോളര്‍ വണ്‍കോയിനില്‍ നിക്ഷേപമായെത്തി. അഞ്ചിരട്ടിയും പത്തിരട്ടിയും പ്രതിഫലം മോഹിച്ച് വണ്‍കോയിനില്‍ പണം മുടക്കിയവരില്‍ പലരും സാധാരണക്കാരായിരുന്നു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് നെറ്റ്‌വർക്കിങ്‌ മാതൃകയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി യഥാര്‍ഥത്തില്‍ നടത്തിയിരുന്നത് പക്കാ 'പോണ്‍സി സ്‌കീം' ആയിരുന്നു. ആദ്യം പണം മുടക്കിയവര്‍ക്ക് പിന്നീട് നിക്ഷേപം നടത്തുന്നവരില്‍നിന്നുള്ള വിഹിതമെടുത്ത് പ്രതിഫലം നല്‍കുന്ന രീതി. കമ്പനിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ കൊണ്ടുവരുന്നവര്‍ക്ക് വന്‍തോതില്‍ കമ്മീഷനും നല്‍കി.

ശക്തമായ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ റൂയ ഇഗ്നാറ്റോവ അവതരിപ്പിച്ച വണ്‍കോയിന് ഇത്തരമൊരു ബ്ലോക്ക് ചെയിനോ യാതൊരു മൂല്യമോ ഇല്ലായിരുന്നു. ലോകത്തെ സാധാരണക്കാരുടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൈക്കലാക്കുക എന്നത് മാത്രമായിരുന്നു വണ്‍കോയിന്റെ ലക്ഷ്യമെന്നായിരുന്നു യു.എസ്. അറ്റോര്‍ണി ഡാമിയന്‍ വില്യംസിന്റെ വാക്കുകള്‍. മറ്റു ക്രിപ്‌റ്റോകറന്‍സികളെപ്പോലെ മൈനിങ് നടത്താതെ വെറുമൊരു സോഫ്റ്റ്‌വെയറിൽ സൃഷ്ടിച്ചെടുത്തതായിരുന്നു വണ്‍കോയിന്‍.

സ്‌കോളര്‍ഷിപ്പോടെ പഠനം

ബള്‍ഗേറിയയിലാണ് ക്രിപ്റ്റോക്വീന്‍ റൂയ ഇഗ്‌നാറ്റോവയുടെ ജനനം. അച്ഛന്റ എന്‍ജിനീയര്‍. അമ്മ അധ്യാപികയും. റൂയയുടെ ബാല്യത്തില്‍തന്നെ കുടുംബം ജര്‍മനിയിലേക്ക് കുടിയേറി. ജര്‍മനിയിലായിരുന്നു സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം.

സ്മാര്‍ട്ടായ പെണ്‍കുട്ടിയെന്നാണ് റൂയയെ സഹപാഠികള്‍ വിശേഷിപ്പിച്ചിരുന്നതെന്നാണ് 'ദി മിസ്സിങ് ക്രിപ്റ്റോ ക്വീന്‍' എന്ന പുസ്തകത്തില്‍ രചയിതാവായ ജാമി ബാര്‍ട്ട്ലറ്റ് വിശദീകരിക്കുന്നത്. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന, ചെസ്സ് ബോര്‍ഡിന് മുന്നില്‍ സമയം ചെലവഴിച്ചിരുന്ന പെണ്‍കുട്ടി. ജര്‍മനിയിലെ കോണ്‍സ്റ്റാന്‍സ് സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെയായിരുന്നു പഠനം. പിന്നീട് ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് യൂറ്യോപ്യന്‍ ലോയിലും പഠനം പൂര്‍ത്തിയാക്കി.

കോളേജിലെ സഹപാഠിയെയാണ് റൂയ വിവാഹം കഴിച്ചിരുന്നത്. തന്റെ സമ്പത്ത് മുഴുവന്‍ നല്‍കേണ്ടി വരുമെന്ന് ഭയന്ന് വൈവാഹികജീവിതത്തില്‍ കുട്ടികള്‍ പോലും വേണ്ടെന്നായിരുന്നു അവരുടെ നിലപാട്. മുപ്പതു വയസ്സില്‍ താനൊരു കോടീശ്വരിയാകുമെന്നും റൂയ എല്ലാവരോടും പറഞ്ഞിരുന്നു.

ഓക്സ്ഫഡിലെ പഠനത്തിന് ശേഷം മക്കന്‍സി ആന്‍ഡ് കമ്പനിയില്‍ കണ്‍സള്‍ട്ടന്റായി റൂയ ജോലിയില്‍ പ്രവേശിച്ചു. ഇതിനെല്ലാം ശേഷമാണ് 2014-ല്‍ വണ്‍കോയിന്‍ പദ്ധതിയുമായി രംഗപ്രവേശം നടത്തുന്നത്.

കോടികളുടെ നിക്ഷേപം; ഒറ്റ മുങ്ങലും

വിവിധ രാജ്യങ്ങളില്‍നിന്നായി കോടികളുടെ നിക്ഷേപമാണ് വണ്‍കോയിനിലേക്ക് ഒഴുകിയെത്തിയത്. റഷ്യന്‍, ജര്‍മന്‍, ഇംഗ്ലീഷ്, ബള്‍ഗേറിയന്‍ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന റൂയയെ ഓരോ വേദികളിലും പ്രത്യക്ഷപ്പെടുമ്പോള്‍ വന്‍കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചിരുന്നത്. വസ്ത്രധാരണത്തിലും സൗന്ദര്യത്തിലും ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്ന ചുറുചുറുക്കുള്ള യുവതിയെന്ന് പലരും അവരെ വിശേഷിപ്പിച്ചു. ലിപ്സ്റ്റിക്കിന്റെ തിളക്കം, ഡയമണ്ട് കമ്മലുകള്‍, അതീവസുന്ദരമായ ഗൗണ്‍... അങ്ങനെ ഓരോ വേദിയിലും സദസ്സിലുള്ളവരുടെ മനംകവര്‍ന്നു റൂയ.

തട്ടിപ്പ് തന്നെയാണ് തന്റെ പ്രധാനലക്ഷ്യമെന്ന് റൂയ തുടക്കത്തിലേ മനസില്‍ കരുതിയിരുന്നു. ഇതിന് തെളിവായി റൂയയും സഹസ്ഥാപകന്‍ കാള്‍ സെബാസ്റ്റ്യന്‍ ഗ്രീന്‍വുഡും അയച്ച ചില ഇ-മെയിലുകളാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. നിക്ഷേപകരെ വിഡ്ഡികളെന്നാണ് പല മെയിലുകളിലും ഗ്രീന്‍വുഡ് വിശേഷിപ്പിച്ചിരുന്നത്. യഥാര്‍ഥത്തില്‍ നമ്മള്‍ ഒരു ക്രിപ്റ്റോകറന്‍സിയും മൈന്‍ ചെയ്യുന്നില്ലെങ്കിലും ജനങ്ങളോട് അങ്ങനെയുള്ള അസംബന്ധം പറയുമെന്നായിരുന്നു ഗ്രീന്‍വുഡിന് റൂയ അയച്ച മറ്റൊരു സന്ദേശം. കമ്പനി പൊളിഞ്ഞാല്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ഇവര്‍ നേരത്തെ ആവിഷ്‌കരിച്ചിരുന്നു. അങ്ങനെ സംഭവിച്ചാല്‍ പണമെല്ലാം കൈക്കലാക്കി മുങ്ങണമെന്നും മറ്റൊരെയെങ്കിലും അതിന് കുറ്റപ്പെടുത്തണമെന്നുമായിരുന്നു റൂയ ഒരിക്കല്‍ സഹസ്ഥാപകനോട് പറഞ്ഞിരുന്നത്.

രണ്ടു വര്‍ഷത്തോളം നിക്ഷേപങ്ങള്‍ കുമിഞ്ഞുകൂടിയ 'വണ്‍കോയിന്' 2016 അവസാനം മുതലാണ് അടിപതറാന്‍ തുടങ്ങിയത്. നിക്ഷേപങ്ങള്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുകയും തങ്ങളുടെ കൈവശമുള്ള വണ്‍കോയിന്‍ വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയുമാണ് നിക്ഷേപകരില്‍ പലരും അമളി തിരിച്ചറിഞ്ഞത്. ഒരു മൂല്യവുമില്ലാത്ത ക്രിപ്റ്റോകറന്‍സിയാണ് വണ്‍കോയിനെന്ന വിവരങ്ങളും ഇതിനിടെ പ്രചരിച്ചു. ഇതേസമയം തന്നെ വണ്‍കോയിന്‍ മറ്റു കറന്‍സികളിലേക്ക് മാറ്റാനായി കമ്പനി ആരംഭിച്ചിരുന്ന എക്സ്‌കോയിന്‍എക്സ് എന്ന എക്സ്ചേഞ്ചും പണിമുടക്കിയിരുന്നു.

നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ കോയിന്‍ വില്‍ക്കുന്നതിന് പകരം ചില വിദ്യാഭ്യാസ സാമഗ്രികളുടെ പാക്കേജുകളും മറ്റും അവതരിപ്പിച്ചായിരുന്നു വണ്‍കോയിന്റെ തുടക്കം. സ്റ്റാര്‍ട്ടര്‍ മുതല്‍ ടൈക്കൂണ്‍ ട്രേഡര്‍ വരെയുള്ള വിവിധ പാക്കേജുകളാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.

പണം മുടക്കി ഈ കോഴ്സ് പാക്കേജുകള്‍ വാങ്ങിയാല്‍ ടോക്കണ്‍ ലഭിക്കും. തുടര്‍ന്ന് ഈ ടോക്കണുകളാണ് വണ്‍കോയിന് വേണ്ടി ഉപയോഗിക്കേണ്ടത്. പലരും വന്‍തോതില്‍ ഇത്തരം പാക്കേജുകള്‍ വാങ്ങിക്കൂട്ടി കൂടുതല്‍ ടോക്കണുകളിലൂടെ കൂടുതല്‍ വണ്‍കോയിന്‍ സ്വന്തമാക്കി. വണ്‍കോയിന്റെ മൂല്യം ഉയരുമെന്ന് കരുതി ഇതെല്ലാം അവര്‍ സൂക്ഷിച്ചുപോന്നു. എന്നാല്‍, വണ്‍കോയിന്റെ എക്സ്ചേഞ്ചായ എക്സ് കോയിന്‍ എക്സ് വഴി മാത്രമേ വണ്‍കോയിന്‍ മറ്റു കറന്‍സികളിലേക്ക് മാറ്റാന്‍ കഴിയുമായിരുന്നുള്ളൂ. 2016 മാര്‍ച്ചില്‍ രണ്ടാഴ്ചത്തേക്ക് ഈ എക്സ്ചേഞ്ച് പ്രവര്‍ത്തനരഹിതമായി. പിന്നീട് 15 ദിവസങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പലവിധ തടസങ്ങളും നേരിട്ടു. 2017 ജനുവരിയില്‍ എക്സ്ചേഞ്ച് പൂര്‍ണമായും പണിമുടക്കി. അടച്ചുപൂട്ടി. കമ്പനി വിറ്റിരുന്ന വിദ്യാഭ്യാസ പാക്കേജുകളും പഠനസാമഗ്രികളുമെല്ലാം കോപ്പിയടിച്ചതാണെന്നും പിന്നീട് തെളിഞ്ഞു.

സംഭവം തട്ടിപ്പാണെന്ന വിവരം പ്രചരിച്ചതോടെ പല രാജ്യങ്ങളിലെയും സാമ്പത്തികകാര്യ സ്ഥാപനങ്ങളും വണ്‍കോയിനെതിരേ രംഗത്തെത്തി. ഹംഗേറിയന്‍ സെന്‍ട്രല്‍ ബാങ്ക്, ഇറ്റാലിയന്‍ ആന്റിട്രസ്റ്റ് അതോറിറ്റി തുടങ്ങിയവര്‍ മുന്നറിയിപ്പ് നല്‍കി. ലോകവ്യാപകമായ തട്ടിപ്പ് മാധ്യമങ്ങളിലും വാര്‍ത്തയായി. എഫ്.ബി.ഐയും അന്വേഷണം ആരംഭിച്ചു.

റാണി മുങ്ങി, ഒരു തുമ്പുമില്ലാതെ അഞ്ചു വര്‍ഷം

2017 ഒക്ടോബര്‍ ആദ്യവാരമാണ് റൂയ ഇഗ്‌നാറ്റോവയ്ക്കെതിരേ യു.എസില്‍ കുറ്റം ചുമത്തി കേസെടുക്കുന്നത്. 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. റൂയയ്ക്കെതിരേ ന്യൂയോര്‍ക്കിലെ ഫെഡറല്‍ ജഡ്ജ് അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. പക്ഷേ, വാറന്റ് പുറപ്പെടുവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ക്രിപ്റ്റോക്വീന്‍ അപ്രത്യക്ഷമായി. എവിടേക്കാണെന്നോ എന്തിനു വേണ്ടിയാണെന്നോ ആര്‍ക്കും അറിയാത്ത, ഇന്നും ദുരൂഹമായി തുടരുന്ന തിരോധാനമായിരുന്നു അത്.

2017 ഒക്ടോബര്‍ 25-ന് ബള്‍ഗേറിയയിലെ സോഫിയയില്‍നിന്ന് ഗ്രീസിലെ ആതന്‍സിലേക്ക് വിമാനത്തില്‍ യാത്രതിരിച്ചതാണ് റൂയ. എന്നാല്‍ അതിനുശേഷം റൂയയെക്കുറിച്ച് ഒരുവിവരവും ലഭ്യമല്ല. ജര്‍മന്‍ പാസ്പോര്‍ട്ടുള്ള റൂയ ആതന്‍സില്‍നിന്ന് ജര്‍മനി, റഷ്യ, അല്ലെങ്കില്‍ ബള്‍ഗേറിയയിലേക്ക് തന്നെ തിരികെ പറന്നിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പക്ഷേ, ഇന്നേവരെ ക്രിപ്റ്റോക്വീനിനെ കണ്ടുപിടിക്കാന്‍ മാത്രം കഴിഞ്ഞിട്ടില്ല.

റൂയയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളറാണ് എഫ്.ബി.ഐ. പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം. എഫ്.ബി.ഐയുടെ ടോപ് 10 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഈ തട്ടിപ്പുറാണിയുടെ പേരുണ്ട്. ഈ പട്ടികയിലെ ഏകവനിതയും ഇവരാണ്.

ആയുധധാരികളായ അംഗരക്ഷകരുടെയോ കൂട്ടാളികളുടെയോ അകമ്പടിയോടെയായിരിക്കും ഇവരുടെ യാത്രയെന്ന് എഫ്.ബി.ഐ. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരുപക്ഷേ, പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപമാറ്റം വരുത്താനുള്ള സാധ്യതയും എഫ്.ബി.ഐ. തള്ളിക്കളയുന്നില്ല.

അതേസമയം, അന്വേഷണ ഏജന്‍സികളെ വെട്ടിച്ച് റൂയ മുങ്ങിയെങ്കിലും അവരുടെ കൂട്ടാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. വണ്‍കോയിന്‍ സഹസ്ഥാപകനും റൂയയുടെ കൂട്ടാളിയുമായ ഗ്രീന്‍വുഡിനെ 2018-ല്‍ തായ്‌ലാന്‍ഡിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്. പിന്നാലെ യു.എസിന് കൈമാറുകയും ചെയ്തു. തട്ടിപ്പ് കേസിലടക്കം ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിലവില്‍ 20 വര്‍ഷത്തോളം നീണ്ട തടവുശിക്ഷ അനുഭവിച്ചുവരികയാണ് ഇയാള്‍.

തട്ടിപ്പിലെ കൂട്ടാളിയും റൂയയുടെ സഹോദരനുമായ കോണ്‍സ്റ്റന്റ്റിന്‍ ഇഗ്നാറ്റോവ് 2019 മാര്‍ച്ചില്‍ ലോസ് ആഞ്ജലിസ് വിമാനത്താവളത്തില്‍വെച്ചു പിടിയിലായി. ബര്‍ഗേറിയയിലേക്ക് തിരികെ മടങ്ങാനായി വിമാനത്താവളത്തിലെത്തിയ ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുകയായിരുന്നു. തട്ടിപ്പ് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇഗ്നാറ്റോവിന് ഫെബ്രുവരിയില്‍ ശിക്ഷ വിധിക്കും.

കടപ്പാട്: സി.എന്‍.എന്‍ & വാള്‍സ്ട്രീറ്റ് മോജോ.കോം

ചിത്രങ്ങള്‍: facebook.com/Dr.RujaIgnatova & Youtube.com/FBI

Content Highlights: who is crypto queen ruja ignatova fbi most wanted fugitive onecoin crypto fraud

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented