അതിഖ് അഹമ്മദ് | ഫയൽചിത്രം | Photo: PTI & ANI
''കൊല്ലപ്പെടും, ഞാന്‍ കൊല്ലപ്പെടും'', ആഴ്ചകള്‍ക്ക് മുന്‍പ് ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് ഉത്തപ്രദേശ് പോലീസ് പ്രയാഗ് രാജിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് അതിഖ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയായിരുന്നു. യു.പി. പോലീസ് തന്നെ കൊലപ്പെടുത്തുമെന്നും അവരുടെ പദ്ധതി തനിക്കറിയാമെന്നുമായിരുന്നു അന്ന് സബര്‍മതി ജയിലിന് പുറത്ത് അതിഖിന്റെ പ്രതികരണം. ആഴ്ചകള്‍ക്കിപ്പുറം അതിഖ് കൊല്ലപ്പെട്ടിരിക്കുന്നു. ഒപ്പം സഹോദരന്‍ അഷ്‌റഫ് അഹമ്മദും.
അതിഖ് പറഞ്ഞതുപോലെ പോലീസ് ഏറ്റുമുട്ടലിലായിരുന്നില്ല അദ്ദേഹത്തിന്റെ കൊലപാതകം. മറിച്ച് പോലീസ് കസ്റ്റഡിയിലിരിക്കെ, മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍വെച്ചാണ് അക്രമികള്‍ അതിഖിനെതിരേ വെടിയുതിര്‍ത്തത്. പിന്നാലെ സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് വീണു. 22 സെക്കന്‍ഡുകള്‍ക്കിടെ അക്രമികള്‍ പോയിന്റ് ബ്ലാങ്കില്‍ 14 റൗണ്ട് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്.
17-ാം വയസ്സില്‍ കൊലക്കേസില്‍ പ്രതി, ആരാണ് അതിഖ് അഹമ്മദ്...
വീട്ടിലെ ദാരിദ്ര്യത്തില്‍നിന്ന് രക്ഷതേടാന്‍ ചെറിയ മോഷണങ്ങളുമായി തുടക്കം. 17-ാം വയസ്സില്‍ കൊലക്കേസില്‍ പ്രതി. കൗമാരം പിന്നിട്ടതിന് പിന്നാലെ ഗുണ്ടാസംഘങ്ങള്‍ക്കൊപ്പം. പിന്നീടങ്ങോട്ട് എതിരാളികളില്ലാത്ത ഗുണ്ടാത്തലവനായി വളര്‍ച്ച. ഒപ്പം എം.എല്‍.എ.യായും എം.പി.യായും രാഷ്ട്രീയത്തിലും സജീവം. ചുരുക്കത്തില്‍ ഇതെല്ലാമായിരുന്നു അതിഖ് അഹമ്മദിന്റെ ജീവിതം.
1962-ല്‍ അലഹാബാദി(ഇപ്പോള്‍ പ്രയാഗ് രാജ്)ലാണ് അതിഖ് അഹമ്മദിന്റെ ജനനം. നഗരത്തിലെ കുതിരവണ്ടിക്കാരനായിരുന്നു പിതാവ്. വീട്ടില്‍ ദാരിദ്ര്യം മാത്രം. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ഹൈസ്‌കൂള്‍ കഴിഞ്ഞതോടെ അതിഖും പഠനം നിര്‍ത്തി. പക്ഷേ, പട്ടിണി മാറ്റാന്‍ ആ കൗമാരക്കാരന്‍ തിരഞ്ഞെടുത്തത് കുറ്റകൃത്യങ്ങളുടെ വഴികളായിരുന്നുവെന്ന് മാത്രം.
പണമുണ്ടാക്കാന്‍ അതിഖ് ആദ്യം തിരഞ്ഞെടുത്ത വഴി മോഷണമായിരുന്നു. ട്രെയിനുകളില്‍നിന്ന് കല്‍ക്കരി മോഷ്ടിച്ചായിരുന്നു തുടക്കം. പിന്നീടിത് റെയില്‍വേയിലെ ആക്രി സാധനങ്ങള്‍ കൈക്കലാക്കുന്നതിലേക്കും റെയില്‍വേയുടെ സ്‌ക്രാപ് ടെന്‍ഡറുകള്‍ സ്വന്തമാക്കാന്‍ കരാറുകാരെ ഭീഷണിപ്പെടുത്തുന്നതിലേക്ക് വരെയും കാര്യങ്ങളെത്തി.

17-ാം വയസ്സില്‍ അലഹാബാദില്‍ നടന്ന ഒരു കൊലപാതകത്തില്‍ പ്രതിയായതോടെയാണ് അതിഖ് എന്ന 'ഗ്യാങ്‌സറ്ററുടെ' ജനനം ആരംഭിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, പണം തട്ടല്‍, കൊലപാതകങ്ങള്‍ എന്നിവയടക്കം നിരവധി കേസുകളിലേക്കുള്ള തുടക്കമായിരുന്നു അത്. ഏകദേശം നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ അതീഖ് അഹമ്മദ് പ്രതിയായിട്ടുണ്ടെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തനിക്കെതിരേ ക്രിമിനല്‍ കേസുകളൊന്നും ഇല്ലെന്നായിരുന്നു അദ്ദേഹം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. പല കേസുകളിലും അതിനോടകം ജാമ്യം നേടുകയോ കുറ്റവിമുക്തനാവുകയോ ചെയ്തിരുന്നു.
ഗുണ്ടാനിയമപ്രകാരം കേസെടുത്ത ആദ്യത്തെയാള്‍, വളര്‍ച്ച അതിവേഗം....
ഉത്തര്‍പ്രദേശില്‍ ഗുണ്ടാനിയമപ്രകാരം പോലീസ് കേസെടുത്ത ആദ്യത്തെയാളാണ് അതിഖ് അഹമ്മദ്. അലഹാബാദിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന ചാന്ദ് ബാബ അടക്കമുള്ളവരുടെ കൂട്ടാളി. നിരവധി ഗുണ്ടാംസംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച, ക്രിമിനല്‍ പിന്നീടങ്ങോട്ട് ഗുണ്ടാനേതാവായി വളരുകയായിരുന്നു.
1989-ല്‍ തന്റെ പ്രധാന എതിരാളിയായിരുന്ന ഷൗക്കത്ത് ഇലാഹി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ വെല്ലുവിളികളില്ലാതെയായിരുന്നു അതിഖിന്റെ വളര്‍ച്ച. കുടുംബത്തെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാനായി കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിഞ്ഞ അയാള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഉത്തര്‍പ്രദേശിലെ ശക്തനായി മാറി. ഒപ്പം സമ്പത്തും കുമിഞ്ഞുകൂടി.
എം.എല്‍.എ, എം.പി, രാഷ്ട്രീയത്തിലും നേതാവ്...
27-ാം വയസ്സിലായിരുന്നു അതിഖിന്റെ രാഷ്ട്രീയപ്രവേശം. 1989-ല്‍ അലഹാബാദ് വെസ്റ്റ് മണ്ഡലത്തില്‍നിന്ന് കന്നിമത്സരത്തില്‍ തന്നെ സ്വതന്ത്ര എം.എല്‍.എ.യായി ജയിച്ചുകയറി. 1996 വരെ വീണ്ടും രണ്ടുതവണ ഇതേ മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായി വിജയിച്ചു. 1996-ല്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അലഹാബാദ് വെസ്റ്റില്‍ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 1998-ല്‍ സമാജ് വാദി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതോടെ ഗുണ്ടാത്തലവന്‍ അപ്‌നാദളിലെത്തി. 1999 മുതല്‍ 2003 വരെ അപ്‌നാദളിന്റെ അധ്യക്ഷപദവും വഹിച്ചു. ഇതിനിടെ അപ്‌നാദള്‍ സ്ഥാനാര്‍ഥിയായി പ്രതാപ്ഘട്ടില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ 2002-ലെ തിരഞ്ഞെടുപ്പില്‍ അലഹാബാദ് വെസ്റ്റില്‍നിന്ന് അപ്‌നാദള്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും വിജയം നേടുകയും ചെയ്തു. 2003-ല്‍ വീണ്ടും സമാജ് വാദി പാര്‍ട്ടിയിലെത്തി. 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഫുല്‍പുര്‍ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. 2014-ല്‍ വീണ്ടും ലോക്‌സഭയിലേക്ക് ജനവിധി തേടിയെങ്കിലും തോല്‍വി ഏറ്റുവാങ്ങി. 2018-ലെ ഉപതിരഞ്ഞെടുപ്പില്‍ ഫുല്‍പുര്‍ മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായി മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഏറ്റവുമൊടുവില്‍ 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും അതിഖ് മത്സരിച്ചു. വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയായിരുന്നു ഇത്തവണ അങ്കം. പക്ഷേ, വെറും 855 വോട്ടുകള്‍ മാത്രമാണ് അതിഖിന് നേടാനായത്.
തിരിച്ചടികളുടെ തുടക്കം, സാമാജ്ര്യം തകരുന്നു...
2005-ല്‍ രാജുപാല്‍ കൊലക്കേസില്‍ പ്രതിയായതോടെയാണ് അതിഖ് അഹമ്മദിന് തിരിച്ചടികള്‍ നേരിട്ടുതുടങ്ങിയത്. നിയമസഭ തിരഞ്ഞെടുപ്പില്‍ അലഹാബാദ് വെസ്റ്റില്‍നിന്ന് വിജയംനേടി ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ബി.എസ്.പി. എം.എല്‍.എ.യായ രാജുപാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. നിയമസഭ തിരഞ്ഞെടുപ്പില്‍ അതിഖിന്റെ സഹോദരനായ ഖാലിദ് അസീമായിരുന്നു രാജുപാലിന്റെ എതിര്‍സ്ഥാനാര്‍ഥി.

രാജുപാല്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം രാജ്യത്താകെ ഞെട്ടലുണ്ടാക്കി. ഈ കേസില്‍ അതേവര്‍ഷം തന്നെ അതിഖ് അഹമ്മദ് അറസ്റ്റിലായി. 2008-ല്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. എന്നാല്‍ ജാമ്യത്തിലിറങ്ങിയിട്ടും അതിഖ് തന്റെ ക്രിമിനല്‍പ്രവൃത്തികളില്‍നിന്ന് പിന്‍വാങ്ങിയില്ല. ഉത്തര്‍പ്രദേശിലെ മാഫിയകളുടെ നിയന്ത്രണം തന്റെ കൈകളില്‍തന്നെ വീണ്ടും ഉറപ്പിച്ചു. എന്നാല്‍ മായാവതി വീണ്ടും അധികാരത്തിലെത്തിയതോടെ മാഫിയസംഘങ്ങള്‍ പരുങ്ങലിലായി. പോലീസ് സംഘം അതിഖിനെയും സഹോദരന്‍ അഷ്‌റഫിനെയും ലക്ഷ്യമിട്ടു. രക്ഷയില്ലാതായതോടെ 2008-ല്‍ ഇരുവരും കീഴടങ്ങുകയും ഇവരെ ജയിലിലടക്കയ്ക്കുകയും ചെയ്തു.
2017-ല്‍ വീണ്ടും അതിഖ് അറസ്റ്റിലായി. സാം ഹിഗിന്‍ബോതം കാര്‍ഷിക സര്‍വകലാശാലയിലെ ജീവനക്കാരെ ആക്രമിച്ചതിനായിരുന്നു ഇത്തവണ പോലീസ് അദ്ദേഹത്തെ പിടികൂടിയത്. സംഭവത്തില്‍ അതിഖിന്റെ അറസ്റ്റ് വൈകുന്നതില്‍ യു.പി. പോലീസിന് കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം നേരിട്ടിരുന്നു. ഇതിനുപിന്നാലെയാണ് യു.പി. പോലീസ് അതിഖിനെ പിടികൂടി ജയിലില്‍ അടച്ചത്. ഒടുവില്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതോടെ അതിഖ് അഹമ്മദിന് നില്‍ക്കക്കളിയില്ലാതെയായി. മാഫിയസംഘങ്ങളെ വേരോടെ പിഴുതെറിയാനുള്ള നീക്കങ്ങളുമായി യോഗി സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ അതിഖ് പടുത്തുയര്‍ത്തിയ മാഫിയ സാമ്രാജ്യം ഘട്ടംഘട്ടമായി നിലംപൊത്തുകയായിരുന്നു.

നേരത്തെ ഉത്തര്‍പ്രദേശ് ജയിലിലായിരുന്ന അതിഖിനെ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് 2019-ല്‍ ഗുജറാത്തിലെ ജയിലിലേക്ക് മാറ്റിയത്. ഉത്തര്‍പ്രദേശിലെ ദേരിയ ജയിലിലായിരിക്കെ ലഖ്‌നൗവിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ തട്ടിക്കൊണ്ടുപോവുകയും ജയിലില്‍ എത്തിച്ച് മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ അതിഖാണ് മുഖ്യപ്രതിയെന്ന് ആരോപണമുയര്‍ന്നു. ഇതോടെ ദേരിയ ജയിലില്‍നിന്ന് അതിഖിനെ ബരേലിയിലെ ജയിലിലേക്ക് മാറ്റി. സംഭവത്തില്‍ അതിഖിന് കൂട്ടുനിന്ന ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടായി. ഇതിനുപിന്നാലെയാണ് ഇയാളെ ഉത്തര്‍പ്രദേശില്‍നിന്ന് ഗുജറാത്തിലെ സബര്‍മതി ജയിലിലേക്ക് മാറ്റിയത്.
ഉമേഷ് പാല്‍ കൊലക്കേസ്, അവസാന ആണി....
2023 ഫെബ്രുവരി 24, പ്രമാദമായ രാജുപാല്‍ കൊലക്കേസിലെ മുഖ്യസാക്ഷി ഉമേഷ് പാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ അതിഖ് അഹമ്മദ് എന്ന പേര് വീണ്ടും വാര്‍ത്തകളിലിടം നേടി. ഉമേഷ് പാലിനെ കൊലപ്പെടുത്തിയതിന് പിന്നിലും അതിഖ് അഹമ്മദാണെന്നായിരുന്നു യു.പി. പോലീസിന്റെ കണ്ടെത്തല്‍. ജയിലിലിരുന്ന് കൊലപാതകം ആസൂത്രണം ചെയ്ത അതിഖിനെ കേസിലെ പ്രതിയാക്കി. ഒപ്പം അതിഖിന്റെ മക്കളായ ആസാദ്, ഉമര്‍, അലി, ഭാര്യ ഷെയ്‌സ്ത പര്‍വീണ്‍, സഹോദരന്‍ അഷ്‌റഫ് തുടങ്ങിയവരും കേസിലെ പ്രതികളായിരുന്നു. ഇതിനിടെ, 2006-ല്‍ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അതിഖ് അഹമ്മദിനെ കോടതി ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു.
1400 കോടിയുടെ സ്വത്ത്, 50 ദിവസം കൊണ്ട് തകര്‍ത്ത് യോഗി സര്‍ക്കാര്‍...
മാഫിയ സംഘങ്ങള്‍ക്കെതിരേ യോഗി സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചതോടെ അതീഖ് അഹമ്മദ് പടുത്തുയര്‍ത്തിയ സമ്രാജ്യത്തിനും ഇളക്കംതട്ടിയിരുന്നു. ഉമേഷ് പാല്‍ കൊലക്കേസിലടക്കം പ്രതിയായതോടെ അതീഖ് ശരിക്കും കുരുക്കിലായി. ഇതോടൊപ്പം അതീഖിന്റെ അനധികൃത സമ്പാദ്യങ്ങളെല്ലാം കണ്ടുകെട്ടിയും യു.പി. സര്‍ക്കാര്‍ മാഫിയ തലവനെ പൂട്ടുകയായിരുന്നു.

അതീഖിന്റെയും കൂട്ടാളികളുടെയും 1400 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകളാണ് യു.പി. സര്‍ക്കാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടുകെട്ടിയത്. അനധികൃതമായി നിര്‍മിച്ച പലകെട്ടിടങ്ങളും വീടുകളും ബുള്‍ഡോസര്‍ പ്രയോഗത്തിലൂടെ പൊളിച്ചുനീക്കുകയും ചെയ്തു. ഇതിനുപുറമേ ഇ.ഡി. നടത്തിയ പരിശോധനയില്‍ നൂറുകോടിയോളം രൂപയുടെ സ്വത്തും കണ്ടെത്തി. അമ്പതോളം ഷെല്‍ കമ്പനികളിലൂടെയാണ് അതീഖും കൂട്ടരും കള്ളപ്പണം വെളുപ്പിച്ചതെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തല്‍. കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിക്കാനായി തുടങ്ങിയ ഈ ഡമ്മി കമ്പനികളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും ഇ.ഡി. കണ്ടെടുത്തിരുന്നു. അതീഖിന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരും ഇതിനിടെ ഇ.ഡി.യുടെ വലയിലായി. അതീഖിന്റെ അഭിഭാഷകന്‍, അക്കൗണ്ടന്റ്, റിയല്‍ എസ്റ്റേറ്റ് വ്യാപാരി, മുന്‍ ബി.എസ്.പി. എം.എല്‍.എ, ബില്‍ഡര്‍, കാര്‍ ഷോറൂം ഉടമ തുടങ്ങിയവരാണ് ഇ.ഡി. പരിശോധനയില്‍ കുടുങ്ങിയത്. ഇവരെയെല്ലാം ചോദ്യംചെയ്യലിനായി വിളിപ്പിച്ചിട്ടുമുണ്ട്.
ആറുപ്രതികള്‍ കൊല്ലപ്പെട്ടു...
ഉമേഷ് പാല്‍ കൊലക്കേസില്‍ പ്രതികളായ ആറുപേരാണ് 50 ദിവസത്തിനുള്ളില്‍ യു.പി.യില്‍ കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ അര്‍ബാസാണ് ആദ്യം പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പിന്നാലെ മാര്‍ച്ചില്‍ മറ്റൊരു പ്രതിയായ ഉസ്മാനും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ വ്യാഴാഴ്ച അതീഖിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളിയായ ഗുലാമും പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെട്ടത്. ഈ സംഭവത്തില്‍ വിവാദങ്ങള്‍ കത്തിനില്‍ക്കെയായിരുന്നു അതീഖിന്റെയും സഹോദരന്റെയും കൊലപാതകം. ഉമേഷ് പാല്‍ കൊലക്കേസില്‍ പ്രതിയായ അതീഖിന്റെ ഭാര്യ ഷെയ്‌സ്ത പര്‍വീണ്‍ ഇപ്പോഴും ഒളിവിലാണ്. അതേസമയം, അതീഖിന്റെ രണ്ടുമക്കളായ ഉമറും അലിയും ഇതേ കേസില്‍ ജയിലിലുണ്ട്.
Content Highlights: who is atiq ahmed atiq ahmed life atique ahmed mafia empire yogi government up
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..