Photo: twitter.com/Ipsamitlodha7
ബിഹാറിലെ പ്രമുഖ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അമിത് ലോധ വീണ്ടും വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ്. പക്ഷേ, ഇത്തവണ ബിഹാര്‍ പോലീസ് അദ്ദേഹത്തിനെതിരേ സ്വീകരിച്ച നിയമനടപടികളും കേസുമാണ് ചര്‍ച്ചയായിരിക്കുന്നത്. ലോധയുടെ പുസ്തകത്തെ ആസ്പദമാക്കി നിര്‍മിച്ച വെബ്‌സീരിസ് 'ഖാക്കി; ദി ബിഹാര്‍ ചാപ്റ്റര്‍' നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായി ദിവസങ്ങള്‍ക്കുള്ളിലാണ് അതേ സീരിസിന്റെ പേരില്‍ ബിഹാര്‍ പോലീസിന്റെ സ്‌പെഷ്യല്‍ വിജിലന്‍സ് യൂണിറ്റ് അദ്ദേഹത്തിനെതിരേ കേസെടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന അമിത് ലോധ, അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും അഴിമതി നടത്തിയെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നെറ്റ്ഫ്‌ളിക്‌സ് സീരിസിന്റെ പേരില്‍ അമിത് ലോധ നിര്‍മാണ കമ്പനിയുമായും നെറ്റ്ഫ്‌ളിക്‌സുമായും കരാറിലേര്‍പ്പെട്ട് ലക്ഷങ്ങള്‍ വാങ്ങിയെന്നാണ് അന്വേഷണസംഘം പറയുന്നത്. സര്‍വീസിലിരിക്കെ ഇത്തരമൊരു കരാറില്‍ ഒപ്പിടാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും അതിനാലാണ് കേസെടുത്തതെന്നുമാണ് വിജിലന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
തന്റെ പുസ്തകം നെറ്റ്ഫ്‌ളിക്‌സ് സീരിസാക്കുന്നതിന്റെ ഭാഗമായുള്ള ഇടപാടില്‍ 12,372 രൂപ അമിത് ലോധ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഈ കരാറിന്റെ ഭാഗമായി ലോധയുടെ ഭാര്യ കൗമുദിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 38.25 ലക്ഷം രൂപ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദനത്തിനും സാമ്പത്തികനേട്ടത്തിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും വിജിലന്‍സ് കേസെടുത്തിരിക്കുന്നത്.
ആരാണ് അമിത് ലോധ ഐ.പി.എസ്...
ആരാണ് അമിത് ലോധ ഐ.പി.എസ്? 'ഖാക്കി; ദി ബിഹാര്‍ ചാപ്റ്റര്‍' സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായതിന് പിന്നാലെ പലരും ഗൂഗിളില്‍ തിരഞ്ഞത് ഇതായിരുന്നു.
നിലവില്‍ ബിഹാറില്‍ ഐ.ജി.യായ അമിത് ലോധയുടെ ജനനം രാജസ്ഥാനിലെ ജയ്പുരിലാണ്. അമ്മയുടെ അച്ഛന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിവില്‍ സര്‍വീസില്‍ എത്തുമെന്ന് ഒരിക്കല്‍പോലും അദ്ദേഹം കരുതിയിരുന്നില്ല. സ്‌കൂള്‍ പഠനകാലത്ത് എല്ലാവരില്‍നിന്നും ഒഴിഞ്ഞുമാറുന്ന, നാണംകുണുങ്ങിയായ കുട്ടിയായിരുന്നു അമിത്. എന്നാല്‍ പഠനത്തില്‍ എല്ലായ്‌പ്പോഴും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ആ കൗമാരക്കാരന്‍ ജയ്പുരിലെ സ്‌കൂള്‍ പഠനത്തിന് പിന്നാലെ ഡല്‍ഹി ഐ.ഐ.ടി.യില്‍ പ്രവേശനം നേടി.
നിരാശമാത്രം സമ്മാനിച്ച ഐ.ഐ.ടി. ജീവിതം...
ആദ്യശ്രമത്തില്‍ തന്നെ ഡല്‍ഹി ഐ.ഐ.ടി.യില്‍ പ്രവേശനം നേടി പഠനം തുടര്‍ന്നെങ്കിലും തന്റെ ഐ.ഐ.ടി. ജീവിതം ഒരിക്കലും സന്തുഷ്ടമായിരുന്നില്ലെന്നാണ് പില്‍ക്കാലത്ത് അമിത് ലോധ പറഞ്ഞിരുന്നത്. മാനസികസമ്മര്‍ദവും പഠനഭാരവുമെല്ലാം അദ്ദേഹത്തെ കുഴക്കി. പലപ്പോഴും വിഷാദത്തിലേക്കും ആത്മഹത്യചിന്തകളിലേക്കും കാര്യങ്ങള്‍ നീങ്ങി.
''ഈ ലോകത്ത് ഏറ്റവും നിര്‍ഭാഗ്യവാനായ വ്യക്തി ഞാനാണെന്നാണ് അന്ന് കരുതിയിരുന്നത്. എനിക്ക് ലഭിച്ച ഗ്രേഡുകളെല്ലാം വളരെ മോശമായിരുന്നു. മറ്റുള്ളവരുമായി സംസാരിക്കാനോ അവരുമായി സൗഹൃദമുണ്ടാക്കാനോ കഴിഞ്ഞിരുന്നില്ല. എന്റെ മനസിന്റെ നന്മകൊണ്ട് മാത്രമാണ് സുഹൃത്തുക്കള്‍ എന്നെ ഇഷ്ടപ്പെട്ടിരുന്നത്. പക്ഷേ, ഞാന്‍ നിശബ്ദനായിരിക്കുന്ന, ഒരു വിചിത്ര സ്വഭാവക്കാരനായതിനാല്‍ അവരെല്ലാം എന്നില്‍നിന്ന് അകന്നു. പാര്‍ട്ടികളിലേക്കോ റൂംമേറ്റാകാനോ അവര്‍ എന്നെ ക്ഷണിച്ചില്ല. ഐ.ഐ.ടി.യുമായി പൊരുത്തപ്പെട്ടുപോകാന്‍ എനിക്കൊരിക്കലും കഴിഞ്ഞില്ല''- ഇതായിരുന്നു അമിത് ലോധയുടെ വാക്കുകള്‍.
അമിത് ലോധ ഐ.പി.എസ്...
ഐ.ഐ.ടി. പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അമിത് ലോധ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. മികച്ചരീതിയില്‍ പരീക്ഷ ജയിച്ച അദ്ദേഹം 1988-ല്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായി സര്‍വീസില്‍ കയറി. തുടര്‍ന്നങ്ങോട്ട് അമിത് ലോധയെന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്.
ജനങ്ങളുമായി ഊഷ്മള ബന്ധം സ്ഥാപിച്ച പോലീസ് ഉദ്യോഗസ്ഥനായിരുന്നു അമിത്. രാജസ്ഥാനില്‍ ജോലിചെയ്യുന്ന കാലത്ത് തന്റെ വ്യക്തിഗത ലാന്‍ഡ്‌ലൈന്‍ നമ്പര്‍ നാട്ടുകാര്‍ക്ക് നല്‍കി, ഏതുനേരത്തും എന്താവശ്യത്തിനും തന്നെ വിളിക്കാമെന്ന് പറഞ്ഞ ഒരേയൊരു ഉദ്യോഗസ്ഥന്‍. ഇതോടെ നാട്ടുകാരുടെ പ്രിയപ്പെട്ട പോലീസ് ഓഫീസറായി അദ്ദേഹം മാറി.
25-ാം വയസ്സില്‍ ബിഹാറിലെ നളന്ദയില്‍ എസ്.പി.യായി ചുമതലേറ്റു. പിന്നാലെ മുസാഫര്‍പുര്‍ എസ്.എസ്.പി.യായി സ്ഥാനക്കയറ്റവും.
മഹ്‌തോ ഗ്യാങ്ങിനെ പൊളിച്ചടുക്കി...
'ശൈഖ്പുരയിലെ ഗബ്ബാര്‍ സിങ്' എന്നറിയപ്പെട്ടിരുന്നവരെ പിടികൂടിയതോടെയാണ് അമിത് ലോധ ഐ.പി.എസ്. എന്ന പേര് ബിഹാറിന് പുറത്ത് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി കൊലക്കേസുകളില്‍ പ്രതികളായ, രണ്ട് പോലീസുകാരെ കൊന്ന് ജയില്‍ചാടിയ പിന്റു മഹ്‌തോ, അശോക് മഹ്‌തോ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 'മഹ്‌തോ ഗ്യാങ്ങി'നെ അദ്ദേഹം പൊളിച്ചടുക്കി. മൂന്നുസംസ്ഥാനങ്ങളിലായി മൂന്നുമാസം നീണ്ട ഓപ്പറേഷനിലൂടെയായിരുന്നു ജനങ്ങളെ വിറപ്പിച്ച, 15 കൊലക്കേസുകളില്‍ പ്രതികളായവരെ അമിത് ലോധ പൂട്ടിയത്. ഇതോടെ ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. രാഷ്ട്രപതിയുടെ പോലീസ് മെഡലിനും ധീരതയ്ക്കുള്ള മെഡലിനും അര്‍ഹനായി.
പുസ്തകം, പിന്നെ നെറ്റ്ഫ്‌ളിക്‌സ് സീരിസ്...
നിലവില്‍ ഐ.ജി.യായ അമിത് ലോധ, 2018-ലാണ് 'ബിഹാര്‍ ഡയറീസ്' എന്ന പേരില്‍ പുസ്തകമിറക്കുന്നത്. മഹ്‌തോ ഗ്യാങ്ങിനെ പിന്തുടര്‍ന്നതും അവരെ പിടികൂടിയതുമെല്ലാമാണ് പുസ്തകത്തിലുണ്ടായിരുന്നത്. ഈ പുസ്തകത്തെ ആസ്പദമാക്കി 'ഖാക്കി, ദി ബിഹാര്‍ ചാപ്റ്റര്‍' എന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസ് പുറത്തിറങ്ങുകയും ചെയ്തു. നവംബര്‍ അവസാനവാരം പുറത്തിറങ്ങിയ സീരിസില്‍ കരണ്‍ താക്കര്‍, അവിനാശ് തിവാരി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ സീരിസ് പുറത്തിറങ്ങിയതിനൊപ്പം ഇതേച്ചൊല്ലിയുള്ള വിവാദങ്ങളും അമിത് ലോധയെ തേടിയെത്തുകയായിരുന്നു. ഒടുവില്‍ വിജിലന്‍സ് കേസിനും സസ്‌പെന്‍ഷനിലേക്കും അതു വഴിവെച്ചു. 2021-ല്‍ സിവില്‍സര്‍വീസിലേക്കുള്ള തന്റെ വഴികളെക്കുറിച്ച് മറ്റൊരു പുസ്തകവും അമിത് ലോധ രചിച്ചിരുന്നു.
Content Highlights: who is amit lodha ips netflix series khakee the bihar chapter fame
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..