നെല്ലിയമ്പത്ത് ഇരട്ടക്കൊലപാതകം നടന്ന വീട്. ഇൻസെറ്റിൽ കൊല്ലപ്പെട്ട പത്മാവതിയും കേശവനും | ഫയൽചിത്രം
പനമരം(വയനാട്): നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ ഭീതിയൊഴിയും മുമ്പേ നെല്ലിയമ്പത്ത് വീണ്ടും അജ്ഞാത സംഘമെത്തിയതായി സംശയം. നെല്ലിയമ്പം ചോയികൊല്ലിയിൽ വാഴക്കണ്ടി ദേവദാസന്റെ വീടിന്റെ മുമ്പിലാണ് വ്യാഴാഴ്ച രാത്രി 11.30-ഓടെ ഒരു വാഹനമെത്തി തിരിച്ചു പോയത്. മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കേശവന്റെയും പത്മാവതിയുടെയും വീട്ടിൽ നിന്ന് രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് സംഭവം.
ദേവദാസും ഭാര്യ വീണയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ വളർത്തു നായയുടെ ശബ്ദംകേട്ട് ജനാല വഴി വെളിച്ചം തെളിച്ചതോടെ വാഹനവുമായി സംഘം കടന്നു കളയുകയായിരുന്നെന്ന് ദേവദാസ് പറഞ്ഞു. കാർപോർച്ചിൽനിന്ന് ഒരു വാഹനം അതിവേഗം തിരികെപ്പോകുന്നതാണ് കണ്ടത്. പോർച്ചിൽ വാഹനം വന്നതിന്റെ അടയാളങ്ങളുണ്ട്. വീട്ടിലേക്ക് പ്രവേശിക്കുന്ന മറ്റൊരു വഴിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇതിലൂടെയാണ് സംഘം രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്.
കാട്ടാന ശല്യമുള്ള പ്രദേശമായ ഇവിടെ ഇവരുടെ വീട്ടിലേക്കുള്ള ഗേറ്റ് ആന തകർക്കുന്നത് പതിവായിരുന്നു. ഇതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ഇപ്പോൾ ഗേറ്റ് അടച്ചിടാറില്ലെന്ന് ദേവദാസ് പറഞ്ഞു. രാവിലെ അയൽക്കാരോട് സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവർ വാഹനം ഇവരുടെ വീട്ടിലേക്ക് ഇറങ്ങിപ്പോവുന്നതും ഉടനെ തിരികെപ്പോയതും കണ്ടതായി പറഞ്ഞു. ചുവന്ന നിറത്തിലുള്ള ഒരു കാറാണെന്നാണ് സംശയം. ഇതേ കാർ കുറെ നേരം റോഡരികിൽ നിർത്തിയിട്ടതായും അയൽക്കാർ പറയുന്നുണ്ട്. രാത്രി 12.30-ഓടെ ഒരു ബുള്ളറ്റും മറ്റൊരു കാറും പരിസരത്ത് കറങ്ങിയതായും നാട്ടുകാർ പറയുന്നുണ്ട്. സംഭവത്തിൽ ദേവദാസ് പനമരം പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇരട്ടക്കൊലപാതകത്തിന്റെ ആശങ്കയൊഴിയും മുമ്പേ അസ്വാഭാവികമായ സംഭവം പ്രദേശത്ത് ഭീതിക്കിടയാക്കുന്നുണ്ട്. കേശവന്റെയും പത്മാവതിയുടെയും കൊലയാളികളെ പിടികൂടുന്നതിനായി വൻ പോലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുമ്പോഴും ഇത്തരത്തിൽ വാഹനങ്ങൾ എത്തിയെന്നത് ദുരൂഹത വർധിപ്പിക്കുകയാണ്. കൊല്ലപ്പെട്ട വയോധിക ദമ്പതിമാരുടെ വീടും റോഡിൽ നിന്ന് 200 മീറ്ററോളം മാറി തോട്ടത്തിനകത്താണ്. സമീപത്തായി വീടുകളും കുറവാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് കാവടത്തെ പത്മാലയം വീട്ടിൽ ആക്രമണമുണ്ടായത്. കൊലയാളികളെക്കുറിച്ച് ഇതുവരെ പോലീസിന് കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
പ്രദേശത്തെ സി.സി.ടി.വികളും മൊബൈൽ ടവർ ലൊക്കേഷനുകളും പോലീസ് പരിശോധിച്ചെങ്കിലും കാര്യമായൊന്നും കണ്ടെത്താനായിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിനായി ഊർജിതമായ അന്വേഷണം പോലീസ് തുടരുന്നുണ്ട്.
സംശയമുള്ള ആളുകളെയും പരിസരവാസികളെയും ബന്ധുക്കളെയും പല തവണ ചോദ്യം ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ, വീട്ടിൽ ജോലിക്കെത്തിയവർ എന്നിവരെ കേന്ദ്രീകരിച്ചെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..