കേശവന്റെയും പത്മാവതിയുടെയും മൃതദേഹങ്ങൾ വീടിന് മുമ്പിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: മാതൃഭൂമി
പനമരം(വയനാട്): നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിൽ അക്രമികൾ വീടിന്റെ രണ്ടാംനിലയിൽ നിലയുറപ്പിച്ചെന്ന നിഗമനത്തിൽത്തന്നെ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. മുകളിൽനിന്ന് ഇറങ്ങിവന്ന അക്രമികൾ താഴത്തെ നിലയിലായിരുന്ന കേശവനെയും പത്മാവതിയേയും ആക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. വെട്ടേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മുകളിലെ നിലയിൽനിന്നാണ് അക്രമികൾ ഇറങ്ങിവന്നതെന്ന് പത്മാവതി പറഞ്ഞിരുന്നു. എന്നാൽ ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പത്തെ നടുക്കിയ കൊലപാതകം. അക്രമികളുടെ വെട്ടേറ്റാണ് കാവടം പത്മാലയത്തിൽ കേശവനും (75) ഭാര്യ പത്മാവതിയും (68) മരിച്ചത്.
മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയം പോലീസ് തള്ളിയിട്ടില്ലെങ്കിലും വീട്ടിൽനിന്ന് എന്തെങ്കിലും മോഷണം പോയതായി സ്ഥിരീകരിച്ചിട്ടില്ല. കഴുത്തിനുവെട്ടേറ്റ പത്മാവതിയുടെ മാല നഷ്ടപ്പെട്ടിട്ടുമില്ല. ഇതുകൊണ്ട് അക്രമികളുടെ ലക്ഷ്യം മോഷണമല്ലെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്.
വ്യാഴാഴ്ച രാത്രി വീടിന്റെ മുകൾഭാഗത്തുനിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് കേശവൻ പുറത്തേക്കിറങ്ങിയപ്പോഴാണ് മുഖംമൂടി ധരിച്ച രണ്ടുപേർ താഴേക്കിറങ്ങിവന്ന് ആക്രമിച്ചതെന്നാണ് കരുതുന്നത്. പത്മാവതിയുടെ നിലവിളികേട്ടാണ് പ്രദേശവാസികൾ ഓടിയെത്തിയത്. അപ്പോഴേക്കും കഴുത്തിന് വെട്ടേറ്റനിലയിലായിരുന്നു പത്മാവതി. വെട്ടേറ്റ് കേശവൻ വീണുകിടക്കുന്നുമുണ്ടായിരുന്നു. റോഡിന്റെ താഴ്ഭാഗത്തായി കാപ്പിത്തോട്ടത്തിന്റെ നടുവിലാണ് പത്മാലയം വീട്. നവീകരണ പ്രവൃത്തി പൂർത്തിയാക്കിയ വീട്ടിൽ പുറമേയുള്ള കോണിപ്പടി വഴിയും രണ്ടാംനിലയിൽ എത്താം. അങ്ങനെയാണെങ്കിൽ വീടിനെക്കുറിച്ച് ധാരണയുള്ളവരായിരിക്കാം പിന്നിലെന്നും സംശയമുണ്ട്. പ്രൊഫഷണൽ കൊലയാളികളാണോ ആക്രമണത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.
മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ രൂപവത്‌കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുൻവിധികളില്ലാതെ എല്ലാ സാധ്യകളും കണക്കിലെടുത്താണ് അന്വേഷണമെന്നാണ് പോലീസ് പറയുന്നത്.
വീടും പരിസരവും പരിശോധിച്ചു
ശനിയാഴ്ച വീട്ടിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. കൃഷിയിടങ്ങൾ, വയലുകൾ, കുളങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധിച്ചു. സമീപത്തെ കോളനികൾ, അയൽക്കാർ, ബന്ധുക്കൾ തുടങ്ങിയവരിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ ആസൂത്രിത കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നുണ്ട്. വീടിനുള്ളിലും കേടുപാടുകളും മറ്റും ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച ഡോഗ് സ്ക്വാഡ് പരിശോധനയിലും കാര്യമായി ഒന്നും കണ്ടെത്താനായിരുന്നില്ല്ല. പത്മാവതിയുടെ നിലവിളി കേട്ടെത്തിയവരുടെ വീടുകൾക്ക് മുമ്പിൽമാത്രമാണ് പോലീസ് നായ ചെന്നെത്തിയത്. കൃത്യംനടന്ന വീട്ടിലെ രക്തക്കറ മണത്ത പോലീസ് നായ തോട്ടത്തിലൂടെയാണ് പോയത്.
ശാസ്ത്രീയ തെളിവുകൾ നിർണായകമാവും
അക്രമികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഈ കേസിൽ ശാസ്ത്രീയ തെളിവുകളാവും നിർണായകമാവുക.
2018- ജൂലായ് ആറിന് നടന്ന കണ്ടത്തുവയൽ ഇരട്ടക്കൊലപാതകത്തിന് സമാനമാണ് നെല്ലിയമ്പം കൊലപാതകവും. കണ്ടത്തുവയൽ കൊലപാതകത്തിലും അക്രമിയെക്കുറിച്ച് തുടക്കത്തിൽ സൂചനകളൊന്നും ഉണ്ടായിരുന്നില്ല.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ പത്മാവതി പറഞ്ഞത്.
ദമ്പതിമാർക്ക് നാടിന്റെ യാത്രാമൊഴി
പനമരം: കാവടത്ത് അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതിമാരായ കാവടം സ്വദേശി പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ശനിയാഴ്ച വൈകീട്ടാണ് മൃതദേഹം കാവടത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചത്.
വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് ഇവർക്കുനേരെ മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെ ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം നാലുമണിയോടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. തുടർന്ന് അരമണിക്കൂറോളംനേരം വീടിനുമുമ്പിൽ പൊതുദർശനത്തിന് വെച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കൾമാത്രമാണ് സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തത്.
Content Highlights:wayanad double murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..