മുഹമ്മദുമായി സംഘർഷമുണ്ടായ സമയത്ത് കുട്ടികളുടെ മാതാവ് ധരിച്ചിരുന്ന വസ്ത്രം പോലീസ് പരിശോധിക്കുന്നു(ഇടത്ത്) കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും(വലത്ത്) ഫോട്ടോ: മാതൃഭൂമി
അമ്പലവയല്‍ (വയനാട്): ആയിരംകൊല്ലിയില്‍ മുഹമ്മദിനെ (68) കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായവര്‍ മാത്രമാണ് പ്രതികളെന്ന് പോലീസ്. കൊലപാതകം ആസൂത്രിതമല്ലെന്നും പോലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും അവരുടെ മാതാവിനെയും പോലീസ് കൊലനടന്ന വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുത്തു. ആദ്യം മാതാവിനെയും പിന്നാലെ പെണ്‍കുട്ടികളെയുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. കൊലപാതകത്തിനുപയോഗിച്ച കോടാലിയും വെട്ടുകത്തിയും സംഭവസമയം ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു. അടുക്കളയില്‍ ഒളിപ്പിച്ചിരുന്ന കോടാലിയും വെട്ടുകത്തിയും മാതാവാണ് പോലീസിന് എടുത്തുനല്‍കിയത്. ചാക്കില്‍ക്കെട്ടിയ മൃതദേഹം വീടിനുസമീപത്തെ പറമ്പിലെ കുഴിയിലേക്ക് തങ്ങള്‍ മൂന്നുപേരും ചേര്‍ന്നാണ് വലിച്ചുകൊണ്ടുപോയതെന്നും ഇവര്‍ മൊഴിനല്‍കി. സംഭവം നടന്നയുടനെ വെള്ളമൊഴിച്ചും മണ്ണുവാരിയിട്ടും നിലത്തെ രക്തം കഴുകിക്കളഞ്ഞെന്നും അവര്‍ പോലീസിനോടു പറഞ്ഞു. മ്യൂസിയത്തിനുസമീപം ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ കുട്ടികള്‍തന്നെ കണ്ടെത്തി നല്‍കുകയുംചെയ്തു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. സംഭവംനടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് വിവരം പുറംലോകമറിയുന്നത്. മുഹമ്മദ് മാതാവിനെ മര്‍ദിക്കുന്നത് തടയാന്‍ നടത്തിയ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കോടാലികൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കഷ്ണങ്ങളായി ഉപേക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വലതുകാല്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റിയെങ്കിലും പരിഭ്രമിച്ചുപോയതിനാല്‍ ശ്രമം പൂര്‍ത്തിയാക്കാനായില്ല. ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി പറമ്പിലെ കുഴിയില്‍ തള്ളുകയും വലതുകാല്‍ അമ്പലവയല്‍ ടൗണിലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ വലിച്ചെറിയുകയും ചെയ്തു. കാല്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ സ്‌കൂള്‍ബാഗ് കുട്ടികള്‍ തെളിവെടുപ്പിനിടെ പോലീസിനു നല്‍കി.
കൊല്ലപ്പെട്ട മുഹമ്മദ് പെണ്‍കുട്ടികളുടെ മാതാവിനെ ഇതിനുമുമ്പും ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ മാതാവിനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കും. കൊല്ലപ്പെട്ട മുഹമ്മദിന്റെ പോസ്റ്റുമോര്‍ട്ടം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
നിര്‍വികാരതയോടെ അമ്മയും മക്കളും, മുക്കാല്‍ മണിക്കൂറോളം തെളിവെടുപ്പ്...
ആയിരംകൊല്ലിയില്‍ മുഹമ്മദിന്റെ കൊലപാതകക്കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും അമ്മയെയും തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ആയിരംകൊല്ലിയെന്ന നാടും നാട്ടുകാരും ശാന്തമായിരുന്നു. ആകെ ഉണ്ടായിരുന്നത് മുഹമ്മദിന്റെ രണ്ടു ഭാര്യമാരുടെ നിലവിളിമാത്രം. രാവിലെ പത്തേകാലോടെ പോലീസ് ജീപ്പില്‍ മാതാവും പിന്നാലെ കാറില്‍ കുട്ടികളുമെത്തിയത് നിസ്സംഗഭാവത്തോടെ. തികഞ്ഞ നിര്‍വികാരതയോടെ മൂവരും പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറയില്ലാതെ ഉത്തരം നല്‍കി.
ഒരേ പറമ്പിലുള്ള രണ്ടു ഷെഡ്ഡുകളിലായിരുന്നു കൊല്ലപ്പെട്ട മുഹമ്മദും കുടുംബവും പ്രതികളായ മാതാവും രണ്ടു പെണ്മക്കളും താമസിച്ചിരുന്നത്. ആദ്യം മാതാവ് തെളിവെടുപ്പിനായി വീട്ടിലേക്ക് കയറി. ഉണ്ടായ കാര്യങ്ങളൊക്കെയും പോലീസിനോട് വിശദീകരിച്ചു. അടുക്കളയില്‍ വെച്ചിരുന്ന, കൊലനടത്താനുപയോഗിച്ചിരുന്ന വെട്ടുകത്തിയും കോടാലിയും പോലീസിന് എടുത്തുനല്‍കി.
തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ടിവലിച്ചുകൊണ്ടുപോയ ഭാഗത്തെത്തിച്ചും തെളിവെടുത്തു. ഇതിനുശേഷമാണ് കുട്ടികളെ വീടിനടുത്തേക്ക് കൊണ്ടുവന്നത്. കുട്ടികളും ഉണ്ടായകാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു. മുഹമ്മദിന്റെ മുറിച്ചുമാറ്റിയ കാല് ഉപേക്ഷിക്കാന്‍ കൊണ്ടുപോയ സ്‌കൂള്‍ ബാഗും ഉപേക്ഷിച്ച മൊബൈല്‍ ഫോണുമെല്ലാം കുട്ടികള്‍ തന്നെ പോലീസിന് എടുത്തുനല്‍കി.
വീട്ടുപരിസരത്ത് മുക്കാല്‍ മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. കല്പറ്റ ഡിവൈ.എസ്.പി. എം.ഡി. സുനില്‍, ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി. ബെന്നി, അമ്പലവയല്‍ എസ്.ഐ. സോബിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ചൊവ്വാഴ്ച കൊലപാതകത്തിന് മുമ്പ് മുഹമ്മദ് തന്നെ മര്‍ദിച്ചതായി പെണ്‍കുട്ടികളുടെ മാതാവ് നല്‍കിയ പരാതിയില്‍ മുഹമ്മദിന്റെ പേരിലും പോലീസ് കേസെടുത്തു.
തെളിവുകള്‍ നല്‍കി, പുസ്തകങ്ങളുമായി മടങ്ങി
തെളിവെടുപ്പിനുശേഷം കുട്ടികള്‍ മടങ്ങിയത് ആവശ്യമായ പുസ്തകങ്ങളും വസ്ത്രങ്ങളും മുഖാവരണവുമെല്ലാം എടുത്തായിരുന്നു. നാട്ടുകാരുമായി അധികം ബന്ധമില്ലാതെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു മുഹമ്മദിന്റേത്. ഇവിടെനിന്ന് ബഹളം കേട്ടാല്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. അതിനാല്‍ ചൊവ്വാഴ്ച രാവിലെ കൊലപാതകം നടന്നിരുന്നെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് എത്തിയപ്പോഴാണ് പരിസരവാസികള്‍പോലും സംഭവം അറിയുന്നത്.
കുട്ടികളുടെ മാതാവിനെ അടുക്കളയില്‍ വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയും ഇതിനിടയില്‍ കുട്ടികളുമായി മുഹമ്മദ് മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഈ സമയം കുട്ടികള്‍ സമീപത്തുണ്ടായിരുന്ന കോടാലും കത്തിയും ഉപയോഗിച്ച് നേരിടുകയായിരുന്നു. ഇതിനിടയിലാണ് മുഹമ്മദ് കൊല്ലപ്പെട്ടത്. സ്വയരക്ഷയ്ക്കും അമ്മയെ രക്ഷിക്കാനുള്ള ചെറുത്തുനില്‍പ്പിനിടയിലുണ്ടായ കൊലപാതകത്തിന്റെ തെളിവുകളെല്ലാം നല്‍കി മൂവരും മടങ്ങി. ഇതോടെ കൊലപാതകം ആസൂത്രിതമല്ലെന്നും കൂടുതല്‍ പ്രതികളില്ലെന്നും പോലീസിനും വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ മാതാവിനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലുമാക്കി.
കുട്ടികളല്ല കൊലനടത്തിയതെന്ന് മുഹമ്മദിന്റെ ഭാര്യ
കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യമാരില്‍ ഒരാള്‍ കൊലപാതകം നടത്തിയത് പെണ്‍കുട്ടികളല്ലെന്നും മറ്റൊരാളുടെ സഹായമുണ്ടെന്നും ആരോപണം ഉന്നയിച്ചു. സ്ഥലത്തില്ലാതിരുന്ന കുട്ടികളുടെ പിതാവിനുനേരേയായിരുന്നു ഇവരുടെ സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആ വഴിക്കും അന്വേഷണം നടത്തി.
എന്നാല്‍, സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ പിതാവ് മറ്റൊരിടത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സംഭവം നടന്നശേഷം മൂന്നുമണിയോടെയാണ് കുട്ടികള്‍ പിതാവിനെ ഫോണില്‍ വിളിച്ചറിയിച്ചത്. അതിനുശേഷമാണ് ഇയാള്‍ പോലീസ് സ്റ്റേഷനിലും പിന്നീട് വീടിനടുത്തേക്കും വന്നതെന്ന് പോലീസ് പറഞ്ഞു. മാതാവിനെ മര്‍ദിച്ചതില്‍ മനംനൊന്ത് തങ്ങളാണ് കൊലനടത്തിയതെന്ന് ഇവര്‍ സമ്മതിക്കുമ്പോഴും കാല്‍ അറുത്തുമാറ്റിയത് ഇവര്‍ തനിച്ചാണോ എന്ന സംശയം ഏവര്‍ക്കുമുണ്ടായി.
തന്റെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന മാധ്യമങ്ങളോട് പറയുകകൂടി ചെയ്തതോടെ സംശയം ഇരട്ടിച്ചു. കുട്ടികള്‍ക്ക് തനിച്ച് ഇത്തരമൊരു കൃത്യം ചെയ്യാന്‍ സാധിക്കില്ലെന്നും കുട്ടികളുടെ അമ്മ രോഗിയാണെന്നും അതുകൊണ്ടുതന്നെ ഇവര്‍ തനിച്ചാണ് ഇത് ചെയ്തതെന്ന് പറയുന്നത് നുണയാണെന്നും സക്കീന ആരോപിച്ചു. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് ചൊവ്വാഴ്ച അന്വേഷണം നടത്തിയ പോലീസ് ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..