സനുമോഹൻ | Screengrab: Mathrubhumi News
കൊച്ചി: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ ഒളിവില്‍പോയ സനുമോഹനെ പോലീസ് പിടികൂടിയത് കര്‍ണാടകയിലെ കാര്‍വാറില്‍നിന്ന്. കഴിഞ്ഞദിവസം കൊല്ലൂര്‍ മൂകാംബികയില്‍നിന്ന് സ്വകാര്യബസില്‍ ഉഡുപ്പിയിലേക്ക് കടന്നുകളഞ്ഞ സനുമോഹന്‍, അവിടെനിന്ന് കാര്‍വാറിലേക്ക് പോവുകയായിരുന്നു. ഇവിടെവെച്ച് ഞായറാഴ്ച രാവിലെയാണ് പോലീസ് സംഘം സനുമോഹനെ പിടികൂടിയതെന്നാണ് വിവരം.
സനുമോഹനെ അറസ്റ്റ് ചെയ്ത വിവരം കര്‍ണാടക പോലീസാണ് ആദ്യം സ്ഥിരീകരിച്ചത്. ഇയാളെ കേരള പോലീസിന് കൈമാറിയെന്നും കര്‍ണാടക പോലീസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ സനുമോഹനെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ച് കൊച്ചി പോലീസും സൂചന നല്‍കി. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ കൊച്ചി സിറ്റി പോലീസ് വാര്‍ത്താസമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.
നിലവില്‍ സനുമോഹനെ കൊച്ചി പോലീസ് സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ ഇയാളെ കൊച്ചിയിലെത്തിക്കും. കോവിഡ് പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക.
സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ ആറ് ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കര്‍ണാടക കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കിയവിവരം. മാന്യമായാണ് പെരുമാറിയത്. അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.
Read Also: സനുമോഹന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍; വൈഗയുടെ മരണത്തിലെ ദുരൂഹത നീങ്ങാന്‍ ഇനി മണിക്കൂറുകള്‍
ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തില്‍ പോകാന്‍ സനു മോഹന്‍ ടാക്സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടല്‍ മാനേജര്‍ ടാക്സി ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജില്‍ തിരികെവന്നില്ല. ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയില്‍ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല.
സനു ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തില്‍ പോലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നല്‍കാതെ മുങ്ങിയതെന്ന് മനസിലായത്.
മാര്‍ച്ച് 21-നാണ് സനുമോഹനെയും മകള്‍ വൈഗയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് സനു മോഹന്‍ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടെയാളാണ് സനുമോഹനെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഒരുവിവരവും കിട്ടാതായതോടെ ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
Content Highlights: vyga death and sanu mohan missing police caught sanu mohan from karwar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..