പ്രതീകാത്മക ചിത്രം | ഫോട്ടോ: ഇ.വി. രാഗേഷ്|മാതൃഭൂമി
തൃശ്ശൂര്‍: വിയ്യൂര്‍ ജയിലിലേക്ക് എത്തിയതില്‍ വിദേശത്തുനിന്നുള്ള ഫോണ്‍വിളികളും. കൂടാതെ കോണ്‍ഫറന്‍സ് വിളികളും ജയിലിലേക്ക് എത്തിയെന്നാണ് വെളിപ്പെടുത്തല്‍. കൊടിസുനിയെ വധിക്കാനായി ക്വട്ടേഷന്‍ നല്കിയ സംഭവത്തിലാണ് വെളിപ്പെടുത്തലെങ്കിലും ഇത്തരം വിളികള്‍ മാസങ്ങളായി നടക്കുന്നുണ്ടെന്നാണ് വിവരം. ജയിലില്‍നിന്ന് പലര്‍ക്കും ഭീഷണികള്‍ ലഭിച്ചതായി മുമ്പുതന്നെ പരാതിയുയര്‍ന്നിരുന്നു.
ജയിലിലിരുന്നുകൊണ്ടുതന്നെ പുറത്തുള്ളവരെ ഉള്‍പ്പെടുത്തി ഗൂഢാലോചന നടത്താന്‍ കോണ്‍ഫറന്‍സ് സംവിധാനം സഹായിക്കുന്നു. പുറത്തുനിന്നുള്ളവര്‍ ആരൊക്കെ ഇത്തരം ഗൂഢാലോചനകളില്‍ പങ്കെടുത്തുവെന്നത് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനും സാധിക്കില്ല. കൊടിസുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ സഹതടവുകാരന് ബിന്‍ഷാദിന്റെ മൊഴി ഇതിനെ പിന്തുണയ്ക്കുന്നതാണ്.
പെരുമ്പാവൂരില്‍നിന്ന് അനസ് വിളിച്ചിരുന്നത് ഇത്തരത്തില്‍ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയായിരുന്നുവെന്ന് ബിന്‍ഷാദ് പറയുന്നു. ഫ്ളാറ്റ് കൊലക്കേസിലെ റഷീദിന്റെ അടുത്തബന്ധുവാണ് അനസിനും ജയിലിലുള്ളവര്‍ക്കും ക്വട്ടേഷന്‍കാര്യം ചര്‍ച്ചചെയ്യാനുള്ള അവസരം കോണ്‍ഫറന്‍സ് കോളിലൂടെ ഒരുക്കിക്കൊടുത്തത്. കൊടിസുനിയുടെ ക്വട്ടേഷനുമായി ബന്ധപ്പെട്ട് ഖത്തറില്‍നിന്നുള്ള ജിയയും വിളിച്ചിരുന്നതായി ബിന്‍ഷാദ് പറയുന്നുണ്ട്. റഷീദിന്റെ ഫോണിലേക്കാണ് ഇവരെല്ലാം വിളിച്ചിരുന്നത്.
ഇതിനുമുമ്പും ഗൂഢാലോചനാവിവാദങ്ങള് വിയ്യൂര്‍ ജയില്‍ ചുറ്റിപ്പറ്റിത്തന്നെ ഉണ്ടായിരുന്നു. കള്ളക്കടത്ത് സ്വര്‍ണം തട്ടല്‍, ഹവാല പണംതട്ടല്‍, കഞ്ചാവ് ഇടപാടുകള്‍, രാഷ്ട്രീയ ആക്രമണങ്ങള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. ചിലതില്‍ കൊടിസുനിയും പ്രതിസ്ഥാനത്തുവന്നിരുന്നുതാനും. കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
കൊടുവള്ളിസംഘത്തിനെതിരേ കൊടിസുനി നടത്തിയ സംഭാഷണവും പുറത്തുവന്നിരുന്നു. കൂടാതെ റഷീദ് ജയിലിലിരുന്ന് ചില ഗുണ്ടകള്‍ക്കെതിരേ ഗൂഢാലോചന നടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. ഫലത്തില്‍ ജയിലിലിരുന്നുതന്നെ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..