File Photo
കേരളത്തെ നൊമ്പരത്തിലാഴ്ത്തിയ മരണമായിരുന്നു കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയുടേത്. ആയുര്‍വേദ ഡോക്ടറാകാന്‍ കൊതിച്ച, ചുറുചുറുക്കുള്ള പെണ്‍കുട്ടി ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കിയെന്ന വാര്‍ത്ത മലയാളികളുടെ കണ്ണുകളെ ഈറനണിയിച്ചു. വിസ്മയയുടെ മരണശേഷം, അവര്‍ നേരത്തെ പങ്കുവെച്ച ഒട്ടേറെ ടിക് ടോക് വീഡിയോകളും റീലുകളുമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഭര്‍ത്താവ് കിരണ്‍കുമാറിനൊപ്പം യാത്രചെയ്യുമ്പോള്‍ കാറില്‍നിന്ന് പകര്‍ത്തിയ മഴക്കാഴ്ചയായിരുന്നു വിസ്മയ ഏറ്റവുമൊടുവില്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ. ആദം ജോണ്‍ സിനിമയിലെ 'ഈ കാറ്റുവന്നു കാതില്‍ പറഞ്ഞു' എന്ന പാട്ടിന്റെ പശ്ചാത്തലത്തിലെ വീഡിയോ ഭര്‍ത്താവ് കിരണിനെ ടാഗ് ചെയ്ത് ജൂണ്‍ എട്ടിനാണ് പോസ്റ്റ് ചെയ്തിരുന്നത്. വിസ്മയയും സഹോദരന്‍ വിജിത്തും ചേര്‍ന്നുള്ള ഒട്ടേറെ ടിക് ടോക് വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനപീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിസ്മയ വെളിപ്പെടുത്തിയിരുന്നു. ഭര്‍തൃവീട്ടിലെ ഉപദ്രവങ്ങള്‍ വിവരിച്ച് സഹോദരന് ചിത്രങ്ങള്‍ സഹിതം വാട്‌സ് ആപ് സന്ദേശങ്ങളയച്ചു. അനുഭവിച്ച ക്രൂരതകളുടെ നേര്‍സാക്ഷ്യമായിരുന്നു ഈ ചിത്രങ്ങളിലും സന്ദേശങ്ങളിലും നിറഞ്ഞത്. കിരണ്‍ അസഭ്യം പറയുന്ന ഓഡിയോ ക്ലിപ്പുകളും വിസ്മയയുടെ മരണശേഷം പുറത്തുവന്നിരുന്നു.
എനിക്ക് പേടിയാ അച്ഛാ, ഇവിടെ നിര്‍ത്തിയാല്‍ എന്നെ കാണത്തില്ല'
എനിക്ക് പേടിയാണച്ഛാ. എന്നെ അടിക്കും. ഇവിടെ നിര്‍ത്തിയാല്‍ എന്നെപ്പിന്നെ കാണത്തില്ല.-വിസ്മയ കരഞ്ഞുകൊണ്ടു പറയുന്ന ഫോണ്‍ സംഭാഷണം കോടതിയില്‍ വിചാരണവേളയില്‍ കേള്‍പ്പിച്ചിരുന്നു. കഴിഞ്ഞദിവസം മാതൃഭൂമി ന്യൂസിലൂടെ ഈ സംഭാഷണം പുറത്തുവരികയും ചെയ്തു.
തനിക്ക് സ്വന്തം വീട്ടിലേക്ക് വരണമെന്നും അച്ഛനെ കാണണമെന്നുമാണ് വിസ്മയ പറയുന്നത്. വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. 'ഇവിടെ നിര്‍ത്തിയിട്ടു പോകുകയാണെങ്കില്‍ എന്നെ കാണത്തില്ല. ഞാന്‍ എന്തെങ്കിലും ചെയ്യും' എന്നും പറയുന്നുണ്ട്.
കിരണിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണമായിരുന്നു കോടതിയില്‍ കേള്‍പ്പിച്ചത്. സൈബര്‍ പരിശോധനയിലാണ് ഇത് വീണ്ടെടുത്തത്.
കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍നേരം ബാങ്ക് വായ്പ ഉണ്ടെന്ന് അറിഞ്ഞതും സ്വര്‍ണം ലോക്കറില്‍വെക്കാന്‍ പോയപ്പോള്‍ തൂക്കം കുറവാണെന്ന് അറിഞ്ഞതും ത്രിവിക്രമന്‍ നായരോട് കിരണ്‍ പരാതിയായി പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ നേരത്തേ മകള്‍ പറഞ്ഞിട്ടുണ്ടാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് പിതാവ് മറുപടിപറയുന്നു. അവനോട് ഇതൊക്കെ മറച്ചുവെച്ചതെന്തിനെന്ന് മകളോട് ചോദിക്കുന്നുമുണ്ട്. കാറില്‍നിന്ന് വിസ്മയ ഇറങ്ങിയോടിയതായും ഈ ഭ്രാന്തുപിടിച്ച പെണ്ണിനോട് വണ്ടിയില്‍ കയറാന്‍ പറയണമെന്നും കിരണ്‍ പറയുന്നത് മറ്റൊരു സംഭാഷണത്തിലുണ്ട്. അവളെ വേണ്ടെങ്കില്‍ കൊണ്ടാക്കാന്‍ ത്രിവിക്രമന്‍ നായര്‍ മറുപടി പറയുന്നു. വീട്ടില്‍വന്ന് ഇവളെയും കാറും സ്വര്‍ണവും കൊണ്ടുപോകാന്‍ കിരണ്‍ പറയുന്നതായിരുന്നു മറ്റൊരു സംഭാഷണം.
ജോലിയില്‍നിന്ന് പിരിച്ചുവിട്ടു, സംസ്ഥാനത്ത് ആദ്യം
വിസ്മയയുടെ ആത്മഹത്യയില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിനെ 2021 ഓഗസ്റ്റ് ആറാം തീയതിയാണ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഒരാള്‍ മരിച്ച കേസില്‍ പ്രതിയായ ആളെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടായിരുന്നു. അതും കോടതി വിധി വരും മുമ്പേ.
പോലീസിന്റെ നടപടിക്രമവുമായി ഇതിന് ബന്ധമില്ലെന്നും സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ചാണ് കിരണിനെതിരേ നടപടി സ്വീകരിച്ചതെന്നുമായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വിശദീകരണം. വകുപ്പുതല അന്വേഷണത്തില്‍ കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. അതിനുള്ള വകുപ്പുണ്ടെന്നും അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നും അന്ന് മന്ത്രി പറയുകയും ചെയ്തു.
ഒരു കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പേ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ഒരാളെ പിരിച്ചുവിടുന്നത് അപൂര്‍വനടപടിയാണ്. പിരിച്ചുവിട്ടതോടെ കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടില്ല. മറ്റ് ആനൂകുല്യങ്ങളും ലഭിക്കില്ല.
Content Highlights: Vismaya death case verdict


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..