
പോലീസിൻറെ പിടിയിലായ ജിത്തു, ജിത്തുവിന്റെ പഴയചിത്രം(വലത്ത്) | ചിത്രം: Screengrab-Mathrubhumi News
പറവൂർ: സഹോദരി വിസ്മയയെ കുത്തിവീഴ്ത്തിയ ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും വടിയിൽ തുണിചുറ്റി പന്തമുണ്ടാക്കി കത്തിച്ച് എറിയുകയുമാണ് ചെയ്തതെന്ന് സഹോദരി ജിത്തു പോലീസിന് മൊഴിനൽകി. വ്യാഴാഴ്ച വൈകീട്ട് അറസ്റ്റിലായ ജിത്തുവിനെ പോലീസ് വെള്ളിയാഴ്ച സംഭവംനടന്ന പെരുവാരം പനോരമ നഗറിലെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ശിവാനന്ദന്റെയും ജിജിയുടെയും മൂത്തമകളാണ് കൊല്ലപ്പെട്ട വിസ്മയ. ചേച്ചിയെ കുത്താൻ ഉപയോഗിച്ച കത്തി, കൊലനടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രം എന്നിവ കണ്ടെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് മൂന്നിനാണ് വീട്ടിൽ തീ ഉയർന്നതും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടതും. മരിച്ചത് വിസ്മയയാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിനുശേഷം ജിത്തുവിനെ കാണാതാവുകയായിരുന്നു. പിന്നീട് കാക്കനാട്ടെ തെരുവോരം അഭയകേന്ദ്രത്തിൽ നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
മാനസികാസ്വാസ്ഥ്യമുള്ള ജിത്തുവിനെ മുറിയിൽ കെട്ടിയിട്ടിട്ടാണ് മാതാപിതാക്കൾ പുറത്തുപോയത്. ടോയ്ലെറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിസ്മയ അനുജത്തിയെ കെട്ടഴിച്ച് സ്വതന്ത്രയാക്കി. പുറത്തിറങ്ങിയ ശേഷം സഹോദരിമാർ തമ്മിൽ വഴക്കുണ്ടായി. വിസ്മയയെ കത്തി എടുത്ത് കുത്തി. നിലത്തുവീണപ്പോൾ സെറ്റിയുടെ ഇളകിയ കൈപ്പിടി ഉപയോഗിച്ച് അടിച്ചു. പിന്നീടാണ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതെന്നും ജിത്തു പറഞ്ഞു. കൃത്യത്തിനു ശേഷം വീടിന്റെ മതിൽചാടിയാണ് പുറത്തെത്തിയത്. ജിത്തുവിനെ കോടതി 14 ദിവസത്തേക്ക് കാക്കനാട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.
കൊലയിലേക്ക് നയിച്ചത് ഒറ്റപ്പെട്ടെന്ന തോന്നൽ
പറവൂർ: വീട്ടിൽ താൻ ഒറ്റപ്പെട്ടുവെന്ന തോന്നലാണ് സഹോദരിയെ വകവരുത്തുന്നതിലേക്ക് നയിച്ചതെന്ന് ചോദ്യംചെയ്യലിൽ ജിത്തു പോലീസിനോട് പറഞ്ഞു. അച്ഛനും അമ്മയ്ക്കും വിസ്മയയോടാണ് കൂടുതൽ സ്നേഹമുള്ളതെന്ന തോന്നലായിരുന്നു ജിത്തുവിന്. മുമ്പ് രണ്ടുതവണ ജിത്തുവിനെ കാണാതായിരുന്നു. പിന്നീട് കണ്ടെത്തിയപ്പോൾ താൻ ഇനി വീട്ടിലേക്ക് പോകില്ലെന്ന് വാശിപിടിച്ചിരുന്നു. തീരുമാനത്തിൽ ഉറച്ചുനിന്നതോടെ പോലീസ് അന്ന് യുവതിയെ എറണാകുളത്തെ ഒരു സ്ഥാപനത്തിൽ ആക്കുകയായിരുന്നു. പിന്നീട്, അമ്മ ജിജി കോടതി ഉത്തരിവിലൂടെയാണ് മകളെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അതിനുശേഷം ജിത്തുവിനെ മാതാപിതാക്കൾ പുറത്തുപോകുമ്പോൾ വീട്ടിൽ കെട്ടിയിടുക പതിവായിരുന്നു.
Content Highlights : Paravoor Vismaya Murder Case; Jithu's Statement to Police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..