അഡ്വ. മോഹൻരാജും ഡിവൈ.എസ്.പി. രാജ്കുമാറും
കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ പ്രോസിക്യൂഷനും അഭിമാനനിമിഷം. പോലീസ് സംഘം ശേഖരിച്ച സാക്ഷിമൊഴികളും സൈബര്‍ തെളിവുകളും കൃത്യമായി കോടതിയിലെത്തിച്ചാണ് പ്രോസിക്യൂഷന്‍ വിസ്മയ കേസില്‍ മികവ് കാട്ടിയത്.
അഡ്വ. ജി. മോഹന്‍രാജായിരുന്നു വിസ്മയ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. നേരത്തെ ഉത്ര വധക്കേസ് അടക്കം വിവാദമായ പല കേസുകളിലും പ്രോസിക്യൂട്ടറായിരുന്നു ജി. മോഹന്‍രാജ്. ഉത്ര കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കെയാണ് വിസ്മയ കേസിലും മോഹന്‍രാജിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിനല്‍കിയ അദ്ദേഹത്തിനും അഭിമാനംനല്‍കുന്നതാണ് വിസ്മയ കേസിലെ വിധി.
കൊല്ലം ബാറിലെ അഭിഭാഷകനായ ജി.മോഹന്‍രാജ് രശ്മി വധക്കേസ്, പോലീസുകാരനെ കുത്തിക്കൊന്നതിന് ആട് ആന്റണിക്കെതിരായ കേസ്, കോട്ടയം എസ്.എം.ഇ. റാഗിങ്, ആവണീശ്വരം മദ്യദുരന്തം, ഹരിപ്പാട് ജലജ വധം, വിദേശവനിത ലിഗയുടെ മരണം, മഹാരാജാസ് കോളേജിലെ അഭിമന്യൂ വധം, തുടങ്ങിയ കേസുകളില്‍ പ്രോസിക്യൂട്ടറായിരുന്നു.
അന്വേഷണം നടത്തിയത് ഡിവൈ.എസ്.പി. പി.രാജ്കുമാറും സംഘവും...
ദക്ഷിണമേഖല ഐജി അര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി. പി.രാജ്കുമാറാണ് വിസ്മയ കേസില്‍ അന്വേഷണം നടത്തിയത്. കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്ത് 80-ാം ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം മികവുകാട്ടുകയും ചെയ്തു. വിസ്മയയുടെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും കണ്ടെത്തിയ പോലീസ് സംഘം, പ്രതി കിരണ്‍കുമാറിനെതിരായ പരമാവധി തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിരുന്നു.
തനിക്ക് കൂടുതല്‍ സ്ത്രീധനം കിട്ടേണ്ടിയിരുന്നവനായിരുന്നെന്നും അത്രമാത്രം ഉയര്‍ന്ന സര്‍ക്കാര്‍ ജോലിയാണ് തനിക്കുള്ളതെന്നുമുള്ള കിരണിന്റെ ദുരഭിമാനവും അഹന്തയുമാണ് വിസ്മയയുടെ മരണത്തില്‍ കലാശിച്ചതെന്ന് പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. വിസ്മയ തൂങ്ങിമരിക്കാന്‍ കാരണക്കാരന്‍ കിരണ്‍ തന്നെയെന്ന് ഉറപ്പാക്കുന്ന തെളിവുകളും കുറ്റപത്രത്തിലുണ്ടായിരുന്നു. വിസ്മയയുടെ ഫോണ്‍ കിരണ്‍ നശിപ്പിച്ചു. എങ്കിലും വിസ്മയ കൂട്ടുകാരികള്‍ക്കയച്ച മെസേജുകളിലൂടെ കിരണ്‍ എങ്ങനെയാണ് അവളെ മരണത്തിലേക്ക് നയിച്ചതെന്ന് തെളിഞ്ഞു. കല്യാണത്തിനു മുമ്പുപോലും സ്ത്രീധനത്തുക സംബന്ധിച്ചുള്ള കിരണിന്റെ അമിതപ്രതീക്ഷ തെളിയിക്കുന്ന മെസേജുകളും പോലീസ് കണ്ടെത്തി. 'ഇത്ര വലിയ പൊസിഷനായിട്ടും എനിക്ക് കിട്ടിയത് കണ്ടില്ലേ ?...' എന്ന ചിന്താഗതിയായിരുന്നു കിരണിന്.
നൂറു പവന്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിട്ടും 60 പവനേ പെണ്‍വീട്ടുകാര്‍ നല്‍കിയുള്ളൂവെന്നും അയാള്‍ കരുതി. ഇതു പറഞ്ഞ് അടി കൊടുക്കുമായിരുന്നു. ഒരിക്കല്‍ സ്വന്തം വീട്ടിലേക്ക് 'രക്ഷപ്പെടാന്‍' ശ്രമിച്ചപ്പോള്‍ 'ഇനി നിന്നെ അടിക്കാന്‍ പറ്റിയില്ലെങ്കിലോ' എന്ന് പറഞ്ഞ് തല്ലി. അവസാനം പുറംലോകം കാണിക്കാതെ മുറിയില്‍ അടച്ചതാണ് വിസ്മയ മരിക്കാന്‍ കാരണമായത്- കുറ്റപത്രം സമര്‍പ്പിച്ച വേളയില്‍ ഡിവൈ.എസ്.പി. രാജ്കുമാര്‍ പറഞ്ഞ വാക്കുകളാണിത്. നേരത്തെ സൂര്യനെല്ലി കേസില്‍ ഒളിവില്‍പോയ മുഖ്യപ്രതി ധര്‍മരാജനെ കര്‍ണാടകത്തില്‍നിന്ന് പിടികൂടി വാര്‍ത്തകളിലിടം നേടിയ അന്വേഷണ ഉദ്യോഗസ്ഥനാണ് രാജ്കുമാര്‍. വെളുത്ത പോലീസ് ജീപ്പില്‍ ചെളിയും വാരിപ്പൂശി രണ്ട് പോലീസുകാര്‍ക്കൊപ്പമായിരുന്നു രാജ്കുമാറിന്റെ കര്‍ണാടക ഓപ്പറേഷന്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..