കിരണിനെ തെളിവെടുപ്പിനായി വീടിന്റെ മുകൾനിലയിലേക്ക് കൊണ്ടുപോകുന്നു(ഇടത്ത്) വിസ്മയ(വലത്ത്)
കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് ഡമ്മി ഉപയോഗിച്ച് പരിശോധന നടത്തി. പ്രതി കിരൺകുമാറിന്റെ വീട്ടിലെ ശൗചാലയത്തിലാണ് ഡമ്മി ഉപയോഗിച്ച് സംഭവം പുനരാവിഷ്കരിച്ചത്. വിസ്മയയെ ശൗചാലയത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതും ഇതിനുശേഷം കിരൺകുമാർ ചെയ്തകാര്യങ്ങളുമെല്ലാം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരിച്ചു.
വാതിൽ ചവിട്ടിത്തുറന്നതും പിന്നീടുണ്ടായ കാര്യങ്ങളും കിരൺകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആവർത്തിച്ചുകാണിച്ചു. ഇതെല്ലാം പോലീസ് സംഘം ക്യാമറയിൽ ചിത്രീകരിക്കുകയും ചെയ്തു. പോലീസ് സർജനും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.
ചൊവ്വാഴ്ച രാവിലെ കിരൺകുമാറുമായി പോരുവഴിയിലെ എസ്.ബി.ഐ. ശാഖയിലാണ് പോലീസ് സംഘം ആദ്യം തെളിവെടുപ്പ് നടത്തിയത്. ഇവിടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 42 പവന്റെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വിസ്മയയും കിരണും ഒരുമിച്ചെത്തിയാണ് സ്വർണം ലോക്കറിൽവെച്ചത്. ഇതിനുശേഷം സ്വർണം ലോക്കറിൽനിന്നെടുത്തിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
ബാങ്കിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് കിരൺകുമാറിന്റെ വീട്ടിൽ തെളിവെടുപ്പും ശാസ്ത്രീയ പരിശോധനയും നടത്തിയത്. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഇതിനുവേണ്ടിയാണ് ശാസ്ത്രീയപരിശോധനകൾ നടത്തിയതെന്നും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടോടെ കിരണിനെ പന്തളത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തും. വിവാഹത്തിന് മുമ്പ് ഇവിടെവെച്ച് കിരൺ വിസ്മയയെ മർദിച്ചിരുന്നതായി കുടുംബാംഗങ്ങൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് കിരൺ മൊഴി നൽകിയിരുന്നെങ്കിലും ഇവിടെയും തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനിച്ചത്.
അതിനിടെ, വിസ്മയയെ താൻ അഞ്ച് തവണ മർദിച്ചതായി കിരൺകുമാർ മൊഴി നൽകിയിട്ടുണ്ട്. വിസ്മയ മരിച്ചദിവസം മർദിച്ചിട്ടില്ലെന്നും മൊഴിയിൽ പറയുന്നു. തികച്ചും നിർവികാരനായാണ് പ്രതി സ്വന്തം വീട്ടിലടക്കം തെളിവെടുപ്പിനെത്തിയത്. ബുധനാഴ്ച വരെയാണ് കിരണിന്റെ കസ്റ്റഡി കാലാവധി. നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടുദിവസം കൂടി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങാനും സാധ്യതയുണ്ട്.
Content Highlights:vismaya death evidence taking and dummy test with kiran kumar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..