Photo: Facebook.com|kirankumar.s.1865 & Facebook.com|vismaya.vnair.376
കൊല്ലം : സ്ത്രീധനത്തിന്റെപേരില്‍ ഭര്‍ത്തൃവീട്ടില്‍ വിസ്മയ നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് സാക്ഷി. വിസ്മയയുടെ സഹോദരന്‍ വിജിത്തിന്റെ ഭാര്യ ഡോ. രേവതിയാണ് ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുജിത് മുമ്പാകെ സാക്ഷിമൊഴി നല്‍കിയത്.
കിരണ്‍ ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചവിട്ടി നിലത്തിട്ട് മുഖത്ത് കാല്‍കൊണ്ട് ചവിട്ടിപ്പിടിക്കുകയും ചെയ്യുമായിരുന്നെന്ന് വിസ്മയ പറഞ്ഞതായി അവര്‍ മൊഴിനല്‍കി. വിജിത്തിന്റെ വിവാഹാലോചന വന്നതുമുതല്‍ വിസ്മയയുമായി സംസാരിക്കാറുണ്ടായിരുന്നു. സന്തോഷവതിയും പ്രസരിപ്പുമുള്ള കുട്ടിയായിരുന്നു വിസ്മയ. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോള്‍ വിസ്മയ മ്ലാനവതിയായി. സ്ത്രീധനത്തിന്റെ കാര്യംപറഞ്ഞ് ശാരീരികമായി ഉപദ്രവിക്കുന്നതും മാനസികമായി കുത്തിനോവിക്കുന്നതും നേരില്‍ പറയുകയും വാട്സാപ്പില്‍ സന്ദേശമായി അയയ്ക്കുകയും ചെയ്തിരുന്നു.
കാര്‍ ഇഷ്ടപ്പെട്ടില്ലെന്നുപറഞ്ഞ് ഓണസമയത്ത് വഴിയില്‍വെച്ച് വഴക്കുണ്ടായപ്പോള്‍ വിസ്മയ റോഡില്‍ ഇറങ്ങിനിന്നു. വിസ്മയ 'ഞാനൊരു വേസ്റ്റാണോ ചേച്ചി' എന്നു ചോദിച്ചതായും മൊഴിനല്‍കി. വിജിത്തിന്റെ വിവാഹത്തിന് കിരണ്‍ പങ്കെടുത്തില്ല. പിന്നീട് വിസ്മയ അനുഭവിച്ച എല്ലാ വിഷമങ്ങളും തുറന്നുപറഞ്ഞു. ഗള്‍ഫുകാരന്റെ മകളും മര്‍ച്ചന്റ് നേവിക്കാരന്റെ പെങ്ങളുമാണെന്ന് വിചാരിച്ചാണ് കല്യാണം കഴിച്ചതെന്ന് കിരണ്‍ പറയുമായിരുന്നു. പക്ഷേ, കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്നും കിരണ്‍ പറഞ്ഞിരുന്നു.
മാനസികസമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യയുടെ ഘട്ടത്തിലാണെന്നു പറഞ്ഞപ്പോള്‍ നീ ചത്താല്‍ പാട്ടക്കാറും നിന്നേം സഹിക്കേണ്ടല്ലോ എന്ന് കിരണ്‍ പറഞ്ഞു.
ആയുര്‍വേദ കോഴ്സിനു പഠിക്കുന്ന ഒരു കുട്ടി സ്വന്തം വ്യക്തിത്വം കളഞ്ഞ് ഇങ്ങനെ കഴിയുന്നത് സഹിക്കാനാകാത്തതിനാല്‍ വിവരം താന്‍ ഭര്‍ത്താവ് വിജിത്തിനെയും മാതാപിതാക്കളെയും അറിയിച്ചു. കരയോഗത്തില്‍ പരാതിനല്‍കിയതിനെ തുടര്‍ന്ന് ചര്‍ച്ചചെയ്യാനിരിക്കെ മാര്‍ച്ച് 17-ന് വിസ്മയയെ കിരണ്‍ കോളേജില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം വിസ്മയ തന്നോടുള്ള ബന്ധം കുറച്ചു. കിരണാണ് ഫോണില്‍ ബ്ലോക്ക് ചെയ്തത്. തന്റെ ഫോണും വിസ്മയയുടെ മെസേജുകളും രേവതി കോടതിയില്‍ തിരിച്ചറിഞ്ഞു. അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് വിസ്മയയുടെ മരണദിവസംതന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നതായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിന്റെ വിസ്താരത്തില്‍ അവര്‍ പറഞ്ഞു. ഡോ. രേവതിയുടെ എതിര്‍വിസ്താരം തിങ്കളാഴ്ച നടക്കും.
Content Highlights : Vismaya Death Case-Witness statement


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..