വിസ്മയ(ഇടത്ത്) പ്രതി കിരണിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നു(വലത്ത്)
കൊല്ലം : സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടപ്പെടാത്തതിന്റെയും സ്വര്‍ണം കുറഞ്ഞുപോയതിന്റെയും പേരില്‍ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. വിസ്മയ ഭര്‍ത്തൃഗൃഹത്തില്‍ മരിച്ച കേസിലെ വിചാരണയില്‍ മൊഴിനല്‍കുകയായിരുന്നു ഒന്നാം സാക്ഷിയായ പിതാവ്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.സുജിത് മുന്‍പാകെയാണ് വിചാരണ.
വിവാഹം ഉറപ്പിക്കുന്ന സമയത്ത് 101 പവന്‍ സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്നു സമ്മതിച്ചു. കോവിഡ് സാഹചര്യം കാരണം 80 പവന്‍ മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളൂ.
വിവാഹത്തലേന്ന് വീട്ടിലെത്തിയ കിരണിന് വാങ്ങിയ കാര്‍ ഇഷ്ടപ്പെട്ടില്ല. മകളോട് പറഞ്ഞതോടെ വിവാഹദിവസം വേറെ കാര്‍ വാങ്ങിനല്‍കാമെന്നു പറഞ്ഞു. ലോക്കറില്‍ വെക്കാന്‍ സ്വര്‍ണം തൂക്കിനോക്കുമ്പോഴാണ് കുറവുണ്ടെന്ന് കിരണിനു മനസ്സിലായത്. കാറിന് ബാങ്ക് വായ്പ ഉള്ളതായും കണ്ടു. ഇതിന്റെപേരില്‍ വിസ്മയയെ ഉപദ്രവിച്ചു.
പിന്നീട് യാത്രയ്ക്കിടെ ചിറ്റുമലയില്‍വെച്ച് വിസ്മയയെ മര്‍ദിച്ചു. കിരണിന്റെ സഹോദരിയുടെ മകന്റെ ജന്മദിനാഘോഷത്തിനു പോയിവന്നശേഷം സ്ത്രീധനത്തിന്റെ കാര്യംപറഞ്ഞ് മകളെ കാറില്‍ പിടിച്ചുകയറ്റി വീട്ടില്‍ കൊണ്ടുവന്ന് ഉപദ്രവിച്ചു. ഇതിനിടയില്‍ മകന്‍ വിജിത്തിനും മര്‍ദനത്തില്‍ പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം തിരികെവന്നപ്പോള്‍ കിരണിന്റെ അച്ഛനും ബന്ധുവും രണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലുണ്ടായിരുന്നു. കിരണിന്റെ ജോലിയെ ബാധിക്കുമെന്ന് പറഞ്ഞതിനാലാണ് കേസില്‍നിന്ന് പിന്മാറിയത്.
ജനുവരി 11-ന് മകന്‍ വിജിത്തിന്റെ വിവാഹം ക്ഷണിക്കാന്‍ ചെന്നപ്പോള്‍ വിസ്മയ വീണ്ടും പ്രശ്‌നത്തിലാണെന്നു മനസ്സിലാക്കി വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. മകന്റെ വിവാഹത്തിനു കിരണോ ബന്ധുക്കളോ വന്നില്ല.
വിവാഹശേഷം മരുമകളോട് എല്ലാവിവരങ്ങളും മകള്‍ പറഞ്ഞു. വിവാഹബന്ധം ഒഴിയുന്നതിനായി സമുദായസംഘടനയുമായി ബന്ധപ്പെട്ടിരുന്നു. മാര്‍ച്ച് 25-ന് ചര്‍ച്ചനടത്താനിരിക്കെ 17-ന് എത്തിയ കിരണ്‍ മകളെ കൂട്ടിക്കൊണ്ടുപോയി.
കേസ് ഒഴിവാക്കാനായിരുന്നു ഇത്. അതിനുശേഷം തന്റെയും മകന്റെയും ഫോണ്‍ നമ്പറും ഫെയ്സ്ബുക്കും എല്ലാം കിരണ്‍ ബ്ലോക്ക് ചെയ്‌തെന്നും മൊഴിനല്‍കി.
ജൂണ്‍ 21-ന് കിരണിന്റെ അച്ഛന്‍, വിസ്മയ ആശുപത്രിയിലാണെന്ന് വിളിച്ചുപറഞ്ഞു. ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ മരണവിവരം അറിഞ്ഞെന്നും ത്രിവിക്രമന്‍ നായര്‍ മൊഴിനല്‍കി. കിരണ്‍, ത്രിവിക്രമന്‍ നായരുമായി നടത്തിയ സംഭാഷണം കിരണിന്റെ ഫോണില്‍നിന്ന് ലഭിച്ചത് സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. ക്രോസ് വിസ്താരം ചൊവ്വാഴ്ച തുടരും.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്, നീരാവില്‍ അനില്‍കുമാര്‍, ബി.അഖില്‍ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി സി.പ്രതാപചന്ദ്രന്‍ പിള്ളയും ഹാജരായി.
എനിക്ക് പേടിയാ അച്ഛാ, ഇവിടെ നിര്‍ത്തിയാല്‍ എന്നെ കാണത്തില്ല'
കൊല്ലം : എനിക്ക് പേടിയാണച്ഛാ. എന്നെ അടിക്കും. ഇവിടെ നിര്‍ത്തിയാല്‍ എന്നെ കാണത്തില്ല.-വിസ്മയ കരഞ്ഞുകൊണ്ടു പറയുന്ന ഫോണ്‍ സംഭാഷണം കോടതിയില്‍ വിചാരണവേളയില്‍ കേള്‍പ്പിച്ചു.
തനിക്ക് സ്വന്തം വീട്ടിലേക്ക് വരണമെന്നും അച്ഛനെ കാണണമെന്നുമാണ് വിസ്മയ പറയുന്നത്. വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. ഇവിടെ നിര്‍ത്തിയിട്ടു പോകുകയാണെങ്കില്‍ എന്നെ കാണത്തില്ല. ഞാന്‍ എന്തെങ്കിലും ചെയ്യും എന്നും പറയുന്നുണ്ട്. കിരണിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണമാണ് കോടതിയില്‍ കേള്‍പ്പിച്ചത്. സൈബര്‍ പരിശോധനയിലാണ് ഇത് വീണ്ടെടുത്തത്.
കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍നേരം ബാങ്ക് വായ്പ ഉണ്ടെന്ന് അറിഞ്ഞതും സ്വര്‍ണം ലോക്കറില്‍വെക്കാന്‍ പോയപ്പോള്‍ തൂക്കം കുറവാണെന്ന് അറിഞ്ഞതും ത്രിവിക്രമന്‍ നായരോട് കിരണ്‍ പരാതിയായി പറയുന്നുണ്ട്.
ഇക്കാര്യങ്ങള്‍ നേരത്തേ മകള്‍ പറഞ്ഞിട്ടുണ്ടാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് പിതാവ് മറുപടിപറയുന്നു. അവനോട് ഇതൊക്കെ മറച്ചുവെച്ചതെന്തിനെന്ന് മകളോട് ചോദിക്കുന്നുമുണ്ട്.
കാറില്‍നിന്ന് വിസ്മയ ഇറങ്ങിയോടിയതായും ഈ ഭ്രാന്തുപിടിച്ച പെണ്ണിനോട് വണ്ടിയില്‍ കയറാന്‍ പറയണമെന്നും കിരണ്‍ പറയുന്നത് മറ്റൊരു സംഭാഷണത്തിലുണ്ട്.
അവളെ വേണ്ടെങ്കില്‍ കൊണ്ടാക്കാന്‍ ത്രിവിക്രമന്‍ നായര്‍ മറുപടി പറയുന്നു. വീട്ടില്‍വന്ന് ഇവളെയും കാറും സ്വര്‍ണവും കൊണ്ടുപോകാന്‍ കിരണ്‍ പറയുന്നതാണ് മറ്റൊരു സംഭാഷണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..