Photo: Instagram|vijith.v_nair_ & Facebook.com|Vismaya.vnair.376
കൊല്ലം : വഴക്കുണ്ടായതിനെ തുടര്‍ന്നാണ് വിസ്മയ മരിച്ചതെന്ന് കിരണ്‍ പറഞ്ഞതായി ഡോക്ടറുടെ മൊഴി. കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.സുജിത്ത് മുന്‍പാകെയാണ് വിസ്മയയുടെ മരണം സ്ഥിരീകരിച്ച ഡോക്ടര്‍ മൊഴി നല്‍കിയത്.
വിസ്മയയെ മരിച്ചനിലയില്‍ ശാസ്താംകോട്ട പദ്മാവതി ആശുപത്രിയില്‍ 2021 ജനുവരി മൂന്നിനു നാലോടെ എത്തിച്ചതായി കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. അമല്‍ യശോധരന്‍ പറഞ്ഞു. മരണം സ്ഥിരീകരിച്ചശേഷം പുറത്തുവന്ന് കാര്യം തിരക്കിയപ്പോള്‍ ഭര്‍ത്താവെന്നു പരിചയപ്പെടുത്തിയ ആള്‍ തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് വിസ്മയ കുളിമുറിയില്‍ക്കയറി കതടകച്ചെന്നും പറഞ്ഞു. കുറേനേരം കഴിഞ്ഞ് ശബ്ദം കേള്‍ക്കാത്തതിനാല്‍ തള്ളിത്തുറന്ന് അകത്തുകയറി എന്നു പറഞ്ഞതായും മൊഴി നല്‍കി.
കിരണിന്റെ സഹപ്രവര്‍ത്തനായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ അജേഷ്, കിരണിനെ ചടയമംഗലം പോലീസ് സ്റ്റേഷനില്‍ പിടിച്ചുവെച്ചിരിക്കുന്നതായി അറിഞ്ഞ് അവിടെ ചെന്നുവെന്ന് മൊഴി നല്‍കി. ജോലിയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ താന്‍കൂടി വിസ്മയയുടെ വീട്ടില്‍ച്ചെന്നു സംസാരിച്ചു. കാറുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് പ്രശ്‌നപരിഹാരമുണ്ടായെന്നും സാക്ഷി ബോധിപ്പിച്ചു.
വിസ്മയയുടെയും കിരണിന്റെയും വിവാഹം രജിസ്റ്റര്‍ ചെയ്ത നിലമേല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പ്രഭാകരന്‍ പിള്ള, നിലമേല്‍ ഫെഡറല്‍ ബാങ്ക് ശാഖാ മാനേജര്‍ രാജേഷ്, വിസ്മയയുടെ സഹോദരനെ പ്രതി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സ നല്‍കിയ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ ഡോ. ഫാത്തിമ, എന്‍.എസ്. ആശുപത്രി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, ഇന്‍ക്വസ്റ്റ് നടത്തിയ കുന്നത്തൂര്‍ തഹസില്‍ദാര്‍ നിസാം എന്നിവരെയും സാക്ഷികളായി വിസ്തരിച്ചു.
കിരണിന്റെ വല്യച്ഛന്റെ മകനായ സെക്യൂരിറ്റി ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ആരോഗ്യവകുപ്പ് ജീവനക്കാരി ബിന്ദുകുമാരി എന്നിവര്‍ പോലീസില്‍ കൊടുത്ത മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞു. ആ സാക്ഷികളെ കൂറുമാറിയതായി പ്രഖ്യാപിച്ചു. കൂറുമാറിയെങ്കിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിന്റെ വിസ്താരത്തില്‍ ബിന്ദുകുമാരി മരണമറിഞ്ഞ് ആശുപത്രിയില്‍ച്ചെന്ന് കിരണിനെ കണ്ടപ്പോള്‍ 'ഇപ്പോള്‍ നിനക്ക് സ്വര്‍ണവും കാറുമൊക്കെ കിട്ടിയോടെ' എന്നു ചോദിച്ചെന്നും അപ്പോള്‍ കിരണ്‍ കൈമലര്‍ത്തിക്കാണിച്ചെന്നും മൊഴി നല്‍കി.
വിസ്മയ കിടന്ന കട്ടിലിലെ തലയിണയുടെ അടിയില്‍നിന്നു കിട്ടിയ കടലാസ് താന്‍ പോലീസില്‍ ഏല്‍പ്പിച്ച കാര്യം ആരോടും പറയാതിരുന്നത് കിരണിനോടൊപ്പം തന്നെയും ഭാര്യയെും മകളെയും മരുമകനെയും പ്രതിചേര്‍ക്കുമെന്ന് ഭയന്നാണെന്ന് കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള എതിര്‍വിസ്താരത്തില്‍ പറഞ്ഞു. ലോക്കറില്‍ സ്വര്‍ണം വെക്കാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് 60 പവനോളമെന്ന് വിസ്മയ പറഞ്ഞിരുന്നു. എന്നാല്‍, 42 പവനേ ഉണ്ടായിരുന്നുള്ളൂ. ഇതേച്ചൊല്ലി കിരണ്‍ വിസ്മയയുമായി വഴക്കുണ്ടായെന്നും സദാശിവന്‍ പിള്ള പറഞ്ഞു.
സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്മയയും തമ്മില്‍ ഒരു തര്‍ക്കമുണ്ടായിരുന്നില്ലെന്ന് കിരണിന്റെ സഹോദരി കീര്‍ത്തി മൊഴി നല്‍കി. തുടര്‍ന്ന് കീര്‍ത്തി കൂറുമാറിയതായി പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള വിസ്താരം തിങ്കളാഴ്ച നടക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..