File Photo
ഫെയ്സ്ബുക്കിലും മറ്റുസാമൂഹികമാധ്യമങ്ങളിലും ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെയുള്ള ചിത്രങ്ങള്‍. ആരുകണ്ടാലും അത്ര മനോഹരമെന്ന് ഒറ്റനോട്ടത്തില്‍തന്നെ പറയുന്ന യുവദമ്പതിമാര്‍. എന്നാല്‍ കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനിയായ വിസ്മയ വി. നായര്‍ എന്ന 24-കാരി ദാമ്പത്യജീവിതത്തില്‍ അനുഭവിച്ചിരുന്നത് കൊടിയപീഡനവും ഉപദ്രവുമായിരുന്നുവെന്ന് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത് 2021 ജൂണ്‍ 21-നായിരുന്നു. അന്നേദിവസം പുലര്‍ച്ചെ ഭര്‍ത്താവ് കിരണ്‍കുമാറിന്‍െ വീട്ടില്‍ വിസ്മയ ജീവനൊടുക്കിയതോടെയാണ് മാസങ്ങള്‍ നീണ്ട സ്ത്രീധനപീഡനവും ഉപദ്രവവും പുറംലോകമറിഞ്ഞത്. പിന്നീടങ്ങോട്ട് കേരളം ഏറെ ചര്‍ച്ച ചെയ്തതും വിസ്മയയുടെ മരണമായിരുന്നു.
2021 ജൂണ്‍ 21-ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തലേദിവസം വിസ്മയ സഹോദരനും മറ്റും താന്‍ നേരിട്ട ഉപദ്രവങ്ങള്‍ വിശദീകരിച്ച് വാട്സാപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഈ സന്ദേശങ്ങള്‍ കുടുംബം പുറത്തുവിട്ടതോടെ വിസ്മയയുടെ മരണം വലിയ വാര്‍ത്തയായി. ഭാര്യയുടെ മരണത്തിന് പിന്നാലെ കിരണ്‍കുമാര്‍ ഒളിവില്‍ പോവുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്തു.
2020 മേയ് 30-നായിരുന്നു ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയും മോട്ടോര്‍ വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയിരുന്ന കിരണ്‍കുമാറും വിവാഹിതരായത്. വിവാഹസമയത്ത് നല്‍കിയ കാറിനെച്ചൊല്ലി ആദ്യനാളുകളിലേ കിരണ്‍കുമാറിന് എതിര്‍പ്പുണ്ടായിരുന്നു. താന്‍ ആഗ്രഹിച്ച കാര്‍ ലഭിക്കാത്തതായിരുന്നു കിരണിനെ പ്രകോപിപ്പിച്ചിരുന്നത്. ഇതിന്റെ ദേഷ്യത്തില്‍ വിസ്മയയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതും ഉപദ്രവിക്കുന്നതും പതിവായിരുന്നു. ഒടുവില്‍ വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചതും ഭര്‍ത്താവില്‍നിന്നുള്ള ഈ പീഡനമാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
വിശദമായ കുറ്റപത്രം...
ഏറെ കോളിളക്കംസൃഷ്ടിച്ച കേസില്‍ 102 സാക്ഷിമൊഴികളും 98 രേഖകളും 56 തൊണ്ടിമുതലുകളും അടങ്ങുന്ന കുറ്റപത്രമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ശൂരനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ദക്ഷിണമേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. കിരണ്‍കുമാറിനെതിരേ സാഹചര്യത്തെളിവുകള്‍ക്കുപുറമെ ശാസ്ത്രീയവും സാങ്കേതികവുമായ നിരവധി തെളിവുകളാണ് അന്വേഷണസംഘം ശേഖരിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിന്റെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചായിരുന്നു അന്തിമകുറ്റപത്രം തയ്യാറാക്കിയത്.
പോരുവഴി ശാസ്താംനട സ്വദേശിയായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീടിന്റെ രണ്ടാംനിലയിലെ ശൗചാലയത്തിലെ ചെറിയ ജനാലയില്‍ തൂങ്ങിമരിച്ചനിലയിലാണ് വിസ്മയയെ കണ്ടത്. അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍കുമാറിനെ കേസിനെത്തുടര്‍ന്ന് സര്‍വീസില്‍നിന്നു സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.
വകുപ്പുകള്‍ ഇങ്ങനെ
വിസ്മയകേസില്‍ സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രൂരമായ പ്രവൃത്തികള്‍ കാരണം അസ്വാഭാവികമരണം ഉണ്ടാവുക എന്ന 304 (ബി) വകുപ്പിന് പരമാവധി ജീവപര്യന്തം ശിക്ഷയും സ്ത്രീധനപീഡനമെന്ന 498 എ വകുപ്പിന് പരമാവധി മൂന്നുവര്‍ഷം ശിക്ഷയും ലഭിക്കും. ആത്മഹത്യാപ്രേരണ എന്ന 306-ാം വകുപ്പിന് പരമാവധി 10 വര്‍ഷം ശിക്ഷയും സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ക്ക് പരമാവധി അഞ്ചും രണ്ടും വര്‍ഷംവീതം ശിക്ഷയുമാണ് നിയമത്തില്‍ പറയുന്നത്. പരിക്കേല്‍പ്പിക്കുന്നതിനുള്ള 323, ഭീഷണിപ്പെടുത്തുന്നതിനുള്ള 506 വകുപ്പുകള്‍ക്ക് പരമാവധി ഒരുവര്‍ഷമാണ് ശിക്ഷ.
കൊലപാതകമല്ല, ആത്മഹത്യ
വിസ്മയ വി.നായരുടെ മരണം ആത്മഹത്യയാണൊണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയമായ പരീക്ഷണത്തിലും വിശകലനത്തിലും കൊലപാതകമാണെന്ന കണ്ടെത്തലില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് എസ്.പി. കെ.ബി.രവി പറഞ്ഞിരുന്നു. ഇതിനായി ഡമ്മി പരീക്ഷണം നടത്തി. സാഹചര്യത്തെളിവുകളും ശേഖരിച്ച് വിശദമായ അന്വേഷണം നടത്തി. ഭര്‍ത്താവ് കിരണ്‍കുമാര്‍ സ്ത്രീധനത്തെച്ചൊല്ലി നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കണ്ടെത്തിയത്.
മറ്റു ഗാര്‍ഹികപീഡനങ്ങളില്‍നിന്നു വ്യത്യസ്തമായി പല ഘട്ടങ്ങളിലും ഇയാള്‍ വീടിനു പുറത്തും യാത്രയ്ക്കിടയിലും ഉപദ്രവവും മാനസികപീഡനവും തുടര്‍ന്നു.അതിനാല്‍ 304 ബി കൂടാതെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് 306-ാം വകുപ്പുകൂടി ചുമത്തിയെന്നും എസ്.പി. വ്യക്തമാക്കിയിരുന്നു. വിസ്മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും തൂങ്ങിമരണമെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍, ബന്ധുക്കള്‍ കൊലപാതകമാണെന്ന നിഗമനത്തില്‍ ഉറച്ചുനിന്നതിനാല്‍ പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് സംഘം നടത്തിയത്.102 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയതും അതിനാലാണ്. കൂടാതെ വിസ്മയ മരിക്കുന്നതിനു തൊട്ടുമുമ്പ് അയച്ച വാട്സാപ്പ് ചിത്രങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടെ സൈബര്‍ തെളിവുകളും ശേഖരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്.
അന്ന് കിരണ്‍ നല്‍കിയ മൊഴി ഇങ്ങനെ
വിസ്മയയെ താന്‍ മുമ്പ് മര്‍ദിച്ചിട്ടുണ്ട്. എന്നാല്‍, വാട്സാപ്പ് വഴി അയച്ച ചിത്രങ്ങളിലുള്ളത് നേരത്തേ മര്‍ദിച്ചതിന്റെ പാടുകളാണെന്നായിരുന്നു കിരണ്‍കുമാര്‍ നല്‍കിയ മൊഴി. തിങ്കളാഴ്ച (ജൂണ്‍ 21) പുലര്‍ച്ചെ വിസ്മയയുമായി വഴക്കിട്ടു. വഴക്കിനുശേഷം വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് തന്റെ മാതാപിതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരണ്‍കുമാര്‍ പോലീസിനോടു പറഞ്ഞു. വഴക്കിനുശേഷം ശൗചാലയത്തില്‍ പോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനാല്‍ വാതില്‍ ചവിട്ടിത്തുറന്നു. അപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടു. മൂന്നരയോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതായും മൊഴി നല്‍കിയിരുന്നു.
കലഹത്തിന് കാരണം കാര്‍...
വിസ്മയയുടെ ദുരൂഹമരണത്തിലേക്ക് നയിച്ച കലഹത്തിനു കാരണമായത് വിവാഹസമ്മാനമായി ലഭിച്ച കാറാണെന്ന് ആദ്യദിവസങ്ങളില്‍ത്തന്നെ പോലീസ് കണ്ടെത്തി. സ്ത്രീധനം കുറഞ്ഞെന്നും വിവാഹസമ്മാനമായി നല്‍കിയ കാര്‍ മോശമാണെന്നും പറഞ്ഞ് നിരന്തരം വഴക്കും പ്രശ്‌നങ്ങളുമുണ്ടായിരുന്നു. വിവാഹത്തിനുമുന്‍പുതന്നെ തനിക്കിഷ്ടപ്പെട്ട രണ്ടുകാറുകളുടെ പേര് കിരണ്‍ വിസ്മയയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. കോവിഡ് അടച്ചിടല്‍ കാലമായതിനാല്‍ ആ കാറുകള്‍ കിട്ടിയില്ല.
.jpg?$p=2bacb91&&q=0.8)
കല്യാണത്തലേന്ന് വിസ്മയയുടെ വീട്ടിലെത്തിയ കിരണ്‍, കാര്‍ കണ്ട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നത്രേ. വിവാഹശേഷവും ഇടയ്ക്കിടെ കാറിനെച്ചൊല്ലി കലഹമുണ്ടായിട്ടുണ്ടെന്ന് കിരണിന്റെ അച്ഛനമ്മമാരും പറഞ്ഞിട്ടുണ്ട്. മദ്യപിച്ചെത്തുന്ന ദിവസങ്ങളിലാണ് വഴക്കുണ്ടായിരുന്നത്. വിസ്മയയുടെ അച്ഛനോടും സഹോദരനോടും കിരണിന് വലിയ ദേഷ്യമായിരുന്നു. മദ്യപിച്ചെത്തി അച്ഛനെയും സഹോദരനെയും അസഭ്യം പറയുന്നതിനെച്ചൊല്ലിയും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിട്ടുണ്ടെന്ന് പോലീസും പറഞ്ഞു.
ഡമ്മി പരീക്ഷണം...
ഫൊറന്‍സിക് സംഘത്തിന്റെ ഡമ്മി പരീക്ഷണം കേസിലെ അന്വേഷണത്തിന് ഏറെ സഹായകമായി. കിരണിന്റെ മൊഴിപ്രകാരം, സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു. തൂങ്ങിമരിച്ചതായി കണ്ടെത്തിയ കിടപ്പുമുറിയോടുചേര്‍ന്നുള്ള ശൗചാലയത്തില്‍ അതീവരഹസ്യമായാണ് പോലീസ് ഇത് നടത്തിയത്. നേരത്തേ വീട്ടിലെത്തിച്ചു സൂക്ഷിച്ചിരുന്ന ഡമ്മി ഉപയോഗിച്ചായിരുന്നു പരീക്ഷണം.
കൊല്ലം റൂറല്‍ എസ്.പി. കെ.ബി.രവി, ഫൊറന്‍സിക് ഡയറക്ടറും വിസ്മയയെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജനുമായ ഡോ. ശശികല എന്നിവരുടെ നേതൃത്വത്തില്‍, വിസ്മയ തൂങ്ങിമരിച്ച രണ്ടാംനിലയിലെ ശൗചാലയത്തില്‍ കിരണുമായി അവര്‍ പലതവണ ശാസ്ത്രീയപരിശോധന നടത്തി. ശൗചാലയത്തിന്റെ വാതില്‍ തള്ളിത്തുറന്നതും വിസ്മയയെ തൂങ്ങിയനിലയില്‍നിന്ന് താഴെയിറക്കിയതും കൃത്രിമശ്വാസം നല്‍കിയതുമെല്ലാം കിരണ്‍ പോലീസിനുമുന്നില്‍ വീണ്ടും കാണിച്ചിരുന്നു.
തുടക്കമിട്ടത് സ്ത്രീധനത്തിനെതിരായ വലിയ പ്രചാരണത്തിന്
വിസ്മയയുടെ മരണത്തോടെ സര്‍ക്കാരും മഹിളാസംഘടനകളും യുവജനസംഘടനകളും തുടക്കമിട്ടത് സ്ത്രീധനത്തിനെതിരായ ശക്തമായ പ്രചാരണപരിപാടികള്‍ക്ക്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസ്മയയുടെ വീട്ടില്‍ നേരിട്ടെത്തി ബന്ധുക്കളെക്കണ്ട അപൂര്‍വതയുമുണ്ടായി. വിസ്മയ മകളെപ്പോലെയാണെന്നാണ് വികാരാധീനനായി ഗവര്‍ണര്‍ പറഞ്ഞത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം കേരളം മുന്നിലാണെങ്കിലും സ്ത്രീധനത്തിനെതിരേ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ടെന്നും അന്ന് അദ്ദേഹം പ്രതികരിച്ചു.

മന്ത്രിമാരും എം.എല്‍.എ.മാരും എം.പി.മാരും ജനപ്രതിനിധികളുമടക്കം ഒട്ടേറെപ്പേരാണ് വിസ്മയയുടെ രക്ഷിതാക്കള്‍ക്ക് പിന്തുണയറിയിച്ച് എത്തിയത്. സ്ത്രീധനം നല്‍കുന്നതിനെതിരേ കടുത്ത വിമര്‍ശനവും അവര്‍ ഉന്നയിച്ചു. സംഘടനകള്‍ സ്ത്രീധനത്തിനെതിരേ ശക്തമായ പ്രചാരണപരിപാടികളുമായി രംഗത്തെത്തി. സാമൂഹികമാധ്യമങ്ങളിലും വലിയ പ്രചാരണം നടന്നു. നിലമേലാണ് കൂടുതല്‍ പ്രചാരണങ്ങള്‍ക്കും വേദിയായത്. സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നും പൊതുവേദികളില്‍ പ്രതിജ്ഞയെടുത്തവരും ഒട്ടേറെ. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവന നല്‍കലും ഊര്‍ജിതമായി.
Content Highlights: vismaya death case kollam history
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..