എസ്. വി. വിസ്മയ, എസ്. കിരൺ കുമാർ | ഫോട്ടോ: മാതൃഭൂമി
കൊല്ലം : കൊടുക്കാമെന്നുപറഞ്ഞ സ്ത്രീധനം നല്‍കിയാല്‍ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് കിരണിന്റെ അച്ഛന്‍ പറഞ്ഞതായി വിസ്മയയുടെ അമ്മ സജിത വി.നായര്‍ സാക്ഷിമൊഴി നല്‍കി. വിസ്മയ കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിസ്താരത്തിലാണ് സജിത മൊഴിനല്‍കിയത്.
വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ കുഴപ്പമില്ലായിരുന്നു. സ്വര്‍ണം ലോക്കറില്‍ വെക്കാന്‍ ചെന്നപ്പോള്‍ പറഞ്ഞ അളവിലില്ല എന്നുപറഞ്ഞാണ് ഉപദ്രവം തുടങ്ങിയത്. വിസ്മയയുടെ ചേട്ടന്റെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നപ്പോഴാണ് പീഡനങ്ങളുടെ പൂര്‍ണരൂപം മകള്‍ പറഞ്ഞത്. തുടര്‍ന്ന് സമുദായസംഘടനയെ വിവരമറിയിച്ചു.
മാര്‍ച്ച് 25-ന് ചര്‍ച്ചചെയ്യാനിരിക്കെ 17-ന് വിസ്മയയെ കിരണ്‍ വന്നു കൂട്ടിക്കൊണ്ടുപോയി. സ്ത്രീധനം കൊടുത്താല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന പ്രതീക്ഷയിലാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറഞ്ഞതെന്നും അമ്മ മൊഴിനല്‍കി.
സ്വന്തം ഫോണില്‍ റെക്കോഡായ സംഭാഷണങ്ങളും കിരണിന്റെയും ബന്ധുക്കളുടെയും ശബ്ദവും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. സ്ത്രീധനത്തിന്റെപേരില്‍ തന്നെ പീഡിപ്പിക്കുന്നതായി വിസ്മയ കരഞ്ഞുപറയുന്ന സംഭാഷണവുമുണ്ട്.
സ്ത്രീധനത്തിന്റെ കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കില്ല, അത് റെക്കോഡാകും എന്നതിനാല്‍ വാട്‌സാപ്പിലൂടെയേ സംസാരിക്കൂ എന്ന് കിരണ്‍ സഹോദരി കീര്‍ത്തിയോട് പറയുന്നതും കേള്‍പ്പിച്ചു. സ്ത്രീധനത്തിന്റെ ആരോപണം വന്നാല്‍ വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു എന്ന കഥ അടിച്ചിറക്കാം എന്ന് സഹോദരീഭര്‍ത്താവ് മുകേഷിനോട് കിരണ്‍ പറയുന്ന സംഭാഷണവും കേട്ട സാക്ഷി എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു.
വിസ്മയ കിരണിനോടൊപ്പം തിരികെപ്പോകുമെന്ന വിവരം വിസ്മയയുടെ അച്ഛനോട് പറഞ്ഞോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ഇല്ല, അതാണ് തനിക്കുപറ്റിയ തെറ്റ് എന്ന് സാക്ഷി മറുപടിനല്‍കി. എതിര്‍വിസ്താരം തിങ്കളാഴ്ചയും തുടരും.
Content Highlights : Vismaya Death Case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..