Photo: Photo: Instagram|vijith.v_nair_ & Facebook.com|Vismaya.vnair.376
കൊല്ലം : ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ ഭര്‍ത്തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ വിചാരണ ജനുവരി 10-ന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.സുജിത് മുന്‍പാകെ ആരംഭിക്കും.
ബുധനാഴ്ച കോടതിയില്‍ പ്രതി കിരണ്‍കുമാറിനെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കുറ്റംചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 ബി-സ്ത്രീധനപീഡനം കൊണ്ടുള്ള മരണം, 498 എ-സ്ത്രീധന പീഡനം, 306-ആത്മഹത്യാ പ്രേരണ, 323-പരിക്കേല്‍പ്പിക്കുക, 506 (1) ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളും സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. ജനുവരി 10 മുതല്‍ സാക്ഷിവിസ്താരം തുടങ്ങും. 2021 ജൂണ്‍ 21-നാണ് ശാസ്താംകോട്ട ശാസ്താംനടയിലെ ഭര്‍ത്തൃവീട്ടില്‍ വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഐ.ജി. ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 10-ന് പോലീസ് കുറ്റപത്രം ഹാജരാക്കി. സംഭവംനടന്ന് ആറുമാസത്തിനുള്ളില്‍ വിചാരണ ആരംഭിക്കുന്നെന്ന പ്രത്യേകതകൂടി കേസിനുണ്ട്. 2019 മേയ് 31-ന് വിവാഹിതയായ വിസ്മയയെ സ്ത്രീധനത്തിനുവേണ്ടി മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സ്ത്രീധനമായി നല്‍കിയ കാര്‍ മാറ്റി വേറെ നല്‍കണമെന്ന് പറഞ്ഞ് 2020 ഓഗസ്റ്റ് 29-ന് ചിറ്റുമലയില്‍ പൊതുജനമധ്യത്തിലും 2021 ജനുവരി മൂന്നിന് വിസ്മയയുടെ നിലമേലുള്ള വീട്ടില്‍വെച്ചും പരസ്യമായി പീഡിപ്പിച്ചെന്നും പറയുന്നു. മാനസികപീഡനം സഹിക്കാനാകാതെ വിസ്മയ ആത്മഹത്യചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിസ്മയ കൂട്ടുകാരികള്‍ക്കും ബന്ധുക്കള്‍ക്കും വാട്സാപ്പിലൂടെയും മറ്റും അയച്ച സന്ദേശങ്ങള്‍ ഫോണുകളില്‍നിന്നു സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ശേഖരിച്ച് തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കി.
കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രന്‍ പിള്ളയും ഹാജരായി.
പ്രതിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: വിസ്മയക്കേസിലെ പ്രതിയും ഭര്‍ത്താവുമായ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഇടക്കാലജാമ്യം അനുവദിക്കണമെന്നാണ് കിരണ്‍ കുമാറിന്റെ ആവശ്യം. ഫെബ്രുവരി ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..