സൂര്യനെല്ലി കേസ് പ്രതി ധർമ്മരാജനെ പിടിക്കാൻ കർണാടകത്തിന് കൊണ്ടുപോയ മഫ്തി പോലീസ് ജീപ്പിനൊപ്പം പി.രാജ്കുമാർ (മാതൃഭൂമിയിൽ വന്ന വാർത്തയും ചിത്രവും, ഇടത്ത്) വിസ്മയയും കിരണും(വലത്ത്) Photo: Facebook.com|kirankumar.s.1865
കോട്ടയം: കര്‍ണാടകത്തില്‍ ഒളിവില്‍പോയ സൂര്യനെല്ലി കേസ് മുഖ്യപ്രതി ധര്‍മ്മരാജനെ അവിടെപ്പോയി 'പൊക്കി'. കിരണിന് അന്വേഷണവല പൊട്ടിക്കാന്‍ പറ്റാതെ വിലങ്ങുവീഴാന്‍ കാരണമായതും അതേ ബുദ്ധിതന്നെ. രണ്ടിനും നേതൃത്വം നല്‍കിയത് കോട്ടയം തലയോലപ്പറമ്പ് സ്വദേശി പി.രാജ്കുമാറെന്ന പോലീസ് ഉദ്യോഗസ്ഥന്‍.
ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പൊന്‍കുന്നം സി.ഐ. ആയിരുന്നപ്പോഴാണ് തന്റെ ഔദ്യോഗിക ജീപ്പിന്റെ എഴുത്തുകളും നമ്പര്‍പ്ലേറ്റും വരെ മാറ്റി മഫ്തിയില്‍ കര്‍ണാടകത്തിന് പോയത്.
വെള്ളജീപ്പില്‍ ചെളിയും വാരിപ്പൂശി രണ്ട് പോലീസുകാരുമായുള്ള ആ പോക്കിനു പിന്നാലെ മാതൃഭൂമി ചാനലുമുണ്ടായിരുന്നു. കോവിഡിന്റെ പിടിയില്‍, മാതൃഭൂമിക്ക് നഷ്ടമായ വിപിന്‍ ചന്ദാണ് ആ വാര്‍ത്ത ബ്രേക്ക് ചെയ്തത്.
വിസ്മയ കേസ് കുറ്റപത്രം മജിസ്‌ട്രേറ്റിന് മുമ്പാകെ വെള്ളിയാഴ്ച സമര്‍പ്പിച്ചതും പഴുതടച്ചുതന്നെ. തനിക്ക് കൂടുതല്‍ സ്ത്രീധനം കിട്ടേണ്ടിയിരുന്നവനായിരുന്നെന്നും അത്രമാത്രം ഉയര്‍ന്ന സര്‍ക്കാര്‍ ജോലിയാണ് തനിക്കുള്ളതെന്നുമുള്ള കിരണിന്റെ ദുരഭിമാനവും അഹന്തയുമാണ് വിസ്മയയുടെ മരണത്തില്‍ കലാശിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിസ്മയ തൂങ്ങിമരിക്കാന്‍ കാരണക്കാരന്‍ കിരണ്‍ തന്നെയെന്ന് ഉറപ്പാക്കുന്ന തെളിവുകളും കുറ്റപത്രത്തിലുണ്ട്. വിസ്മയയുടെ ഫോണ്‍ കിരണ്‍ നശിപ്പിച്ചു. എങ്കിലും വിസ്മയ കൂട്ടുകാരികള്‍ക്കയച്ച മെസേജുകളിലൂടെ കിരണ്‍ എങ്ങനെയാണ് അവളെ മരണത്തിലേക്ക് നയിച്ചതെന്ന് തെളിയുന്നു.
കല്യാണത്തിനു മുമ്പുപോലും സ്ത്രീധനത്തുക സംബന്ധിച്ചുള്ള കിരണിന്റെ അമിതപ്രതീക്ഷ തെളിയിക്കുന്ന മെസേജുകളും പോലീസ് കണ്ടെത്തി. 'ഇത്ര വലിയ പൊസിഷനായിട്ടും എനിക്ക് കിട്ടിയത് കണ്ടില്ലേ ?...' എന്ന ചിന്താഗതിയായിരുന്നു കിരണിന്.
നൂറു പവന്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിട്ടും 60 പവനേ പെണ്‍വീട്ടുകാര്‍ നല്‍കിയുള്ളൂവെന്നും ഇയാള്‍ കരുതി. ഇതു പറഞ്ഞ് അടി കൊടുക്കുമായിരുന്നു. ഒരിക്കല്‍ സ്വന്തം വീട്ടിലേക്ക് 'രക്ഷപ്പെടാന്‍' ശ്രമിച്ചപ്പോള്‍ 'ഇനി നിന്നെ അടിക്കാന്‍ പറ്റിയില്ലെങ്കിലോ' എന്ന് പറഞ്ഞ് തല്ലി. അവസാനം പുറംലോകം കാണിക്കാതെ മുറിയില്‍ അടച്ചതാണ് വിസ്മയ മരിക്കാന്‍ കാരണമായത്- രാജ്കുമാര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..