'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'


11 min read
Read later
Print
Share

വിസ്മയ വി. നായര്‍ എന്ന 24-കാരി ദാമ്പത്യജീവിതത്തില്‍ അനുഭവിച്ചിരുന്നത് കൊടിയപീഡനവും ഉപദ്രവവുമായിരുന്നുവെന്ന് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത് 2021 ജൂണ്‍ 21-നായിരുന്നു. അന്നേദിവസം പുലര്‍ച്ചെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ വിസ്മയ ജീവനൊടുക്കിയതോടെയാണ് മാസങ്ങള്‍ നീണ്ട സ്ത്രീധനപീഡനവും ഉപദ്രവവും  പുറംലോകമറിഞ്ഞത്.

വിസമയയും കിരൺ കുമാറും

സ്ത്രീധനം, അതായിരുന്നു വിസ്മയ കേസിലെ പ്രധാന വില്ലന്‍. വിദ്യാസമ്പന്നയായ ഭാര്യയെക്കാളേറെ കിരണ്‍കുമാര്‍ എന്ന സര്‍ക്കാരുദ്യോഗസ്ഥനും സ്ത്രീധനത്തോടായിരുന്നു പ്രിയം. ഭാര്യവീട്ടില്‍നിന്ന് സമ്മാനമായി ലഭിക്കുന്ന കാറിലും സ്വര്‍ണത്തിലും മാത്രമായിരുന്നു അയാളുടെ നോട്ടം. താന്‍ ആഗ്രഹിച്ച കാര്‍ ഭാര്യവീട്ടുകാര്‍ നല്‍കാതിരുന്നതോടെ അയാളുടെ മട്ടും ഭാവവും മാറി. അതുവരെ കണ്ട കിരണിനെയായിരുന്നില്ല വിസ്മയ പിന്നീട് കണ്ടത്. ഇന്നോ നാളെയോ വഴക്കും പ്രശ്‌നങ്ങളും തീരുമെന്ന് കരുതി ആ 24-കാരി എല്ലാം സഹിച്ചു. ഒടുവില്‍ കൊടിയ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ ആ പെണ്‍കുട്ടി ജീവനൊടുക്കി.

ഫെയ്‌സ്ബുക്കിലും മറ്റു സാമൂഹികമാധ്യമങ്ങളിലും ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെയുള്ള ചിത്രങ്ങളാണ് വിസ്മയ പങ്കുവെച്ചിരുന്നത്. ആരു കണ്ടാലും അത്ര മനോഹരമെന്ന് ഒറ്റനോട്ടത്തില്‍തന്നെ പറയുന്ന യുവദമ്പതിമാര്‍. എന്നാല്‍ കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനിയായ വിസ്മയ വി. നായര്‍ എന്ന 24-കാരി ദാമ്പത്യജീവിതത്തില്‍ അനുഭവിച്ചിരുന്നത് കൊടിയപീഡനവും ഉപദ്രവവുമായിരുന്നുവെന്ന് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത് 2021 ജൂണ്‍ 21-നായിരുന്നു. അന്നേദിവസം പുലര്‍ച്ചെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ വിസ്മയ ജീവനൊടുക്കിയതോടെയാണ് മാസങ്ങള്‍ നീണ്ട സ്ത്രീധനപീഡനവും ഉപദ്രവവും പുറംലോകമറിഞ്ഞത്. പിന്നീടങ്ങോട്ട് കേരളം ഏറെ ചര്‍ച്ച ചെയ്തതും വിസ്മയയുടെ മരണമായിരുന്നു.

2021 ജൂണ്‍ 21-ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തലേദിവസം വിസ്മയ സഹോദരനും മറ്റും താന്‍ നേരിട്ട ഉപദ്രവങ്ങള്‍ വിശദീകരിച്ച് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഈ സന്ദേശങ്ങള്‍ കുടുംബം പുറത്തുവിട്ടതോടെ വിസ്മയയുടെ മരണം വലിയ വാര്‍ത്തയായി.

2020 മേയ് 30-നായിരുന്നു ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയും മോട്ടോര്‍ വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയിരുന്ന കിരണ്‍കുമാറും വിവാഹിതരായത്. വിവാഹസമയത്ത് നല്‍കിയ കാറിനെച്ചൊല്ലി ആദ്യനാളുകളിലേ കിരണ്‍കുമാറിന് എതിര്‍പ്പുണ്ടായിരുന്നു. താന്‍ ആഗ്രഹിച്ച കാര്‍ ലഭിക്കാത്തതായിരുന്നു കിരണിനെ പ്രകോപിപ്പിച്ചിരുന്നത്. ഇതിന്റെ ദേഷ്യത്തില്‍ വിസ്മയയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതും ഉപദ്രവിക്കുന്നതും പതിവായിരുന്നു. ഒടുവില്‍ വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചതും ഭര്‍ത്താവില്‍നിന്നുള്ള ഈ പീഡനമാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

അന്വേഷണം, കുറ്റപത്രം....

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 102 സാക്ഷിമൊഴികളും 98 രേഖകളും 56 തൊണ്ടിമുതലുകളും അടങ്ങുന്ന കുറ്റപത്രമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ശൂരനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ദക്ഷിണമേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. കിരണ്‍കുമാറിനെതിരേ സാഹചര്യത്തെളിവുകള്‍ക്കുപുറമെ ശാസ്ത്രീയവും സാങ്കേതികവുമായ നിരവധി തെളിവുകളാണ് അന്വേഷണസംഘം ശേഖരിച്ചത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിന്റെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചായിരുന്നു അന്തിമ കുറ്റപത്രം തയ്യാറാക്കിയത്.

വിസ്മയകേസില്‍ സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രൂരമായ പ്രവൃത്തികള്‍ കാരണം അസ്വാഭാവികമരണം ഉണ്ടായതിന് ഐ.പി.സി. 304 (ബി) വകുപ്പ്, ഗാര്‍ഹികപീഡനത്തിന് 498 എ, ആത്മഹത്യാപ്രേരണയ്ക്ക് ഐ.പി.സി. 306 എന്നീ വകുപ്പുകളും സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും പരിക്കേല്‍പ്പിച്ചതിന് ഐ.പി.സി. 323, ഭീഷണിപ്പെടുത്തിയതിന് ഐ.പി.സി. 506 എന്നീ വകുപ്പുകളുമാണ് കിരണിനെതിരേ ചുമത്തിയിരുന്നത്. ഇതില്‍ ഐ.പി.സി. 323, 506 എന്നീ വകുപ്പുകളില്‍ പ്രതിയെ കോടതി വെറുതെവിട്ടു. എന്നാല്‍ മറ്റു വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റംചെയ്തിട്ടുണ്ടെന്നായിരുന്നു മേയ് 23-ന് കോടതി കണ്ടെത്തിയത്.

കൊലപാതകമല്ല, ആത്മഹത്യ

വിസ്മയ വി.നായരുടെ മരണം ആത്മഹത്യയാണെന്നാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയമായ പരീക്ഷണത്തിലും വിശകലനത്തിലും കൊലപാതകമാണെന്ന കണ്ടെത്തലില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് എസ്.പി. കെ.ബി.രവി പറഞ്ഞിരുന്നു. ഇതിനായി ഡമ്മി പരീക്ഷണം നടത്തി. സാഹചര്യത്തെളിവുകളും ശേഖരിച്ച് വിശദമായ അന്വേഷണം നടത്തി. ഭര്‍ത്താവ് കിരണ്‍കുമാര്‍ സ്ത്രീധനത്തെച്ചൊല്ലി നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കണ്ടെത്തിയത്.


മറ്റു ഗാര്‍ഹികപീഡനങ്ങളില്‍നിന്നു വ്യത്യസ്തമായി പല ഘട്ടങ്ങളിലും ഇയാള്‍ വീടിനു പുറത്തും യാത്രയ്ക്കിടയിലും ഉപദ്രവവും മാനസികപീഡനവും തുടര്‍ന്നു. അതിനാല്‍ 304 ബി കൂടാതെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് 306-ാം വകുപ്പുകൂടി ചുമത്തിയെന്നും എസ്.പി. വ്യക്തമാക്കിയിരുന്നു. വിസ്മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും തൂങ്ങിമരണമെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍, ബന്ധുക്കള്‍ കൊലപാതകമാണെന്ന നിഗമനത്തില്‍ ഉറച്ചുനിന്നതിനാല്‍ പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് സംഘം നടത്തിയത്. 102 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയതും അതിനാലാണ്. കൂടാതെ വിസ്മയ മരിക്കുന്നതിനു തൊട്ടുമുമ്പ് അയച്ച വാട്‌സാപ്പ് ചിത്രങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടെ സൈബര്‍ തെളിവുകളും ശേഖരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്.

അന്ന് കിരണ്‍ നല്‍കിയ മൊഴി ഇങ്ങനെ

വിസ്മയയെ താന്‍ മുമ്പ് മര്‍ദിച്ചിട്ടുണ്ട്. എന്നാല്‍, വാട്‌സാപ്പ് വഴി അയച്ച ചിത്രങ്ങളിലുള്ളത് നേരത്തേ മര്‍ദിച്ചതിന്റെ പാടുകളാണെന്നായിരുന്നു കിരണ്‍കുമാര്‍ നല്‍കിയ മൊഴി. തിങ്കളാഴ്ച (ജൂണ്‍ 21) പുലര്‍ച്ചെ വിസ്മയയുമായി വഴക്കിട്ടു. വഴക്കിനുശേഷം വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് തന്റെ മാതാപിതാക്കള്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരണ്‍കുമാര്‍ പോലീസിനോടു പറഞ്ഞു. വഴക്കിനുശേഷം ശൗചാലയത്തില്‍ പോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനാല്‍ വാതില്‍ ചവിട്ടിത്തുറന്നു. അപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടു. മൂന്നരയോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതായും മൊഴി നല്‍കിയിരുന്നു.

കലഹത്തിന് കാരണം കാര്‍...

വിസ്മയയുടെ ദുരൂഹമരണത്തിലേക്ക് നയിച്ച കലഹത്തിനു കാരണമായത് വിവാഹസമ്മാനമായി ലഭിച്ച കാറാണെന്ന് ആദ്യദിവസങ്ങളില്‍ത്തന്നെ പോലീസ് കണ്ടെത്തി. സ്ത്രീധനം കുറഞ്ഞെന്നും വിവാഹസമ്മാനമായി നല്‍കിയ കാര്‍ മോശമാണെന്നും പറഞ്ഞ് നിരന്തരം വഴക്കും പ്രശ്നങ്ങളുമുണ്ടായിരുന്നു. വിവാഹത്തിനു മുന്‍പുതന്നെ തനിക്കിഷ്ടപ്പെട്ട രണ്ടു കാറുകളുടെ പേര് കിരണ്‍ വിസ്മയയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. കോവിഡ് അടച്ചിടല്‍ കാലമായതിനാല്‍ ആ കാറുകള്‍ കിട്ടിയില്ല. കല്യാണത്തലേന്ന് വിസ്മയയുടെ വീട്ടിലെത്തിയ കിരണ്‍, കാര്‍ കണ്ട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നത്രേ. വിവാഹശേഷവും ഇടയ്ക്കിടെ കാറിനെച്ചൊല്ലി കലഹമുണ്ടായിട്ടുണ്ടെന്ന് കിരണിന്റെ അച്ഛനമ്മമാരും പറഞ്ഞിട്ടുണ്ട്. മദ്യപിച്ചെത്തുന്ന ദിവസങ്ങളിലാണ് വഴക്കുണ്ടായിരുന്നത്. വിസ്മയയുടെ അച്ഛനോടും സഹോദരനോടും കിരണിന് വലിയ ദേഷ്യമായിരുന്നു. മദ്യപിച്ചെത്തി അച്ഛനെയും സഹോദരനെയും അസഭ്യം പറയുന്നതിനെച്ചൊല്ലിയും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിട്ടുണ്ടെന്ന് പോലീസും പറഞ്ഞു.

ഡമ്മി പരീക്ഷണം...

ഫൊറന്‍സിക് സംഘത്തിന്റെ ഡമ്മി പരീക്ഷണം കേസിലെ അന്വേഷണത്തിന് ഏറെ സഹായകമായി. കിരണിന്റെ മൊഴിപ്രകാരം, സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു. തൂങ്ങിമരിച്ചതായി കണ്ടെത്തിയ കിടപ്പുമുറിയോടു ചേര്‍ന്നുള്ള ശൗചാലയത്തില്‍ അതീവരഹസ്യമായാണ് പോലീസ് ഇത് നടത്തിയത്. നേരത്തേ വീട്ടിലെത്തിച്ചു സൂക്ഷിച്ചിരുന്ന ഡമ്മി ഉപയോഗിച്ചായിരുന്നു പരീക്ഷണം.കൊല്ലം റൂറല്‍ എസ്.പി. കെ.ബി.രവി, ഫൊറന്‍സിക് ഡയറക്ടറും വിസ്മയയെ പോസ്റ്റ്മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജനുമായ ഡോ. ശശികല എന്നിവരുടെ നേതൃത്വത്തില്‍, വിസ്മയ തൂങ്ങിമരിച്ച രണ്ടാംനിലയിലെ ശൗചാലയത്തില്‍ കിരണുമായി അവര്‍ പലതവണ ശാസ്ത്രീയ പരിശോധന നടത്തി. ശൗചാലയത്തിന്റെ വാതില്‍ തള്ളിത്തുറന്നതും വിസ്മയയെ തൂങ്ങിയനിലയില്‍നിന്ന് താഴെയിറക്കിയതും കൃത്രിമശ്വാസം നല്‍കിയതുമെല്ലാം കിരണ്‍ പോലീസിനുമുന്നില്‍ വീണ്ടും കാണിച്ചിരുന്നു.

തുടക്കമിട്ടത് സ്ത്രീധനത്തിനെതിരായ വലിയ പ്രചാരണത്തിന്

വിസ്മയയുടെ മരണത്തോടെ സര്‍ക്കാരും മഹിളാസംഘടനകളും യുവജനസംഘടനകളും തുടക്കമിട്ടത് സ്ത്രീധനത്തിനെതിരായ ശക്തമായ പ്രചാരണപരിപാടികള്‍ക്ക്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസ്മയയുടെ വീട്ടില്‍ നേരിട്ടെത്തി ബന്ധുക്കളെക്കണ്ട അപൂര്‍വതയുമുണ്ടായി. വിസ്മയ മകളെപ്പോലെയാണെന്നാണ് വികാരാധീനനായി ഗവര്‍ണര്‍ പറഞ്ഞത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം കേരളം മുന്നിലാണെങ്കിലും സ്ത്രീധനത്തിനെതിരേ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ടെന്നും അന്ന് അദ്ദേഹം പ്രതികരിച്ചു.

മന്ത്രിമാരും എം.എല്‍.എ.മാരും എം.പി.മാരും ജനപ്രതിനിധികളുമടക്കം ഒട്ടേറെപ്പേരാണ് വിസ്മയയുടെ രക്ഷിതാക്കള്‍ക്ക് പിന്തുണയറിയിച്ച് എത്തിയത്. സ്ത്രീധനം നല്‍കുന്നതിനെതിരേ കടുത്ത വിമര്‍ശനവും അവര്‍ ഉന്നയിച്ചു. സംഘടനകള്‍ സ്ത്രീധനത്തിനെതിരേ ശക്തമായ പ്രചാരണപരിപാടികളുമായി രംഗത്തെത്തി. സാമൂഹികമാധ്യമങ്ങളിലും വലിയ പ്രചാരണം നടന്നു. സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നും പൊതുവേദികളില്‍ പ്രതിജ്ഞയെടുത്തവരും ഒട്ടേറെ. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവന നല്‍കലും ഊര്‍ജിതമായി.

കിരണിന്റെ ക്രൂരത വിവരിച്ച് സാക്ഷികള്‍...

പ്രോസിക്യൂഷന്‍ സാക്ഷികളായി കോടതിയില്‍ വിസ്തരിച്ചവര്‍ കിരണിനെതിരേ ശക്തമായ മൊഴികളാണ് നല്‍കിയത്. ഒന്നാംസാക്ഷിയായ വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍, അമ്മ സജിത, സഹോദരഭാര്യ രേവതി തുടങ്ങിയവരാണ് കോടതിയില്‍ പ്രതിക്കെതിരേ മൊഴികള്‍ നല്‍കിയത്.

101 പവനും കാറും നല്‍കാമെന്ന് സമ്മതിച്ചു, വിസ്മയയെ നിരന്തരം പീഡിപ്പിച്ചു...

സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടപ്പെടാത്തതിന്റെയും സ്വര്‍ണം കുറഞ്ഞുപോയതിന്റെയും പേരില്‍ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ നിരന്തരം പീഡിപ്പിച്ചിരുന്നെന്നായിരുന്നു വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയില്‍ നല്‍കിയമൊഴി. വിവാഹം ഉറപ്പിക്കുന്ന സമയത്ത് 101 പവന്‍ സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്നു സമ്മതിച്ചു. കോവിഡ് സാഹചര്യം കാരണം 80 പവന്‍ മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളൂ.വിവാഹത്തലേന്ന് വീട്ടിലെത്തിയ കിരണിന് വാങ്ങിയ കാര്‍ ഇഷ്ടപ്പെട്ടില്ല. മകളോട് പറഞ്ഞതോടെ വിവാഹദിവസം വേറെ കാര്‍ വാങ്ങിനല്‍കാമെന്നു പറഞ്ഞു. ലോക്കറില്‍ വെക്കാന്‍ സ്വര്‍ണം തൂക്കിനോക്കുമ്പോഴാണ് കുറവുണ്ടെന്ന് കിരണിനു മനസ്സിലായത്. കാറിന് ബാങ്ക് വായ്പ ഉള്ളതായും കണ്ടു. ഇതിന്റെപേരില്‍ വിസ്മയയെ ഉപദ്രവിച്ചു.പിന്നീട് യാത്രയ്ക്കിടെ ചിറ്റുമലയില്‍വെച്ച് വിസ്മയയെ മര്‍ദിച്ചു. കിരണിന്റെ സഹോദരിയുടെ മകന്റെ ജന്മദിനാഘോഷത്തിനു പോയിവന്നശേഷം സ്ത്രീധനത്തിന്റെ കാര്യംപറഞ്ഞ് മകളെ കാറില്‍ പിടിച്ചുകയറ്റി വീട്ടില്‍ കൊണ്ടുവന്ന് ഉപദ്രവിച്ചു. ഇതിനിടയില്‍ മകന്‍ വിജിത്തിനും മര്‍ദനത്തില്‍ പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം തിരികെവന്നപ്പോള്‍ കിരണിന്റെ അച്ഛനും ബന്ധുവും രണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലുണ്ടായിരുന്നു. കിരണിന്റെ ജോലിയെ ബാധിക്കുമെന്ന് പറഞ്ഞതിനാലാണ് കേസില്‍നിന്ന് പിന്മാറിയത്.ജനുവരി 11-ന് മകന്‍ വിജിത്തിന്റെ വിവാഹം ക്ഷണിക്കാന്‍ ചെന്നപ്പോള്‍ വിസ്മയ വീണ്ടും പ്രശ്നത്തിലാണെന്നു മനസ്സിലാക്കി വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. മകന്റെ വിവാഹത്തിനു കിരണോ ബന്ധുക്കളോ വന്നില്ല.

വിവാഹശേഷം മരുമകളോട് എല്ലാവിവരങ്ങളും മകള്‍ പറഞ്ഞു. വിവാഹബന്ധം ഒഴിയുന്നതിനായി സമുദായസംഘടനയുമായി ബന്ധപ്പെട്ടിരുന്നു. മാര്‍ച്ച് 25-ന് ചര്‍ച്ചനടത്താനിരിക്കെ 17-ന് എത്തിയ കിരണ്‍ മകളെ കൂട്ടിക്കൊണ്ടുപോയി.കേസ് ഒഴിവാക്കാനായിരുന്നു ഇത്. അതിനുശേഷം തന്റെയും മകന്റെയും ഫോണ്‍ നമ്പറും ഫെയ്‌സ്ബുക്കും എല്ലാം കിരണ്‍ ബ്ലോക്ക് ചെയ്തെന്നും അദ്ദേഹം മൊഴിനല്‍കി.ജൂണ്‍ 21-ന് കിരണിന്റെ അച്ഛന്‍, വിസ്മയ ആശുപത്രിയിലാണെന്ന് വിളിച്ചുപറഞ്ഞു. ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ മരണവിവരം അറിഞ്ഞെന്നും ത്രിവിക്രമന്‍ നായര്‍ മൊഴിനല്‍കിയിരുന്നു. കിരണ്‍, ത്രിവിക്രമന്‍ നായരുമായി നടത്തിയ സംഭാഷണം കിരണിന്റെ ഫോണില്‍നിന്ന് ലഭിച്ചത് സാക്ഷി കോടതിയില്‍ തിരിച്ചറിയുകയും ചെയ്തു.

സ്ത്രീധനം നല്‍കിയാല്‍ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് പറഞ്ഞു....

കൊടുക്കാമെന്നുപറഞ്ഞ സ്ത്രീധനം നല്‍കിയാല്‍ പ്രശ്നങ്ങളെല്ലാം തീരുമെന്ന് കിരണിന്റെ അച്ഛന്‍ പറഞ്ഞതായി വിസ്മയയുടെ അമ്മ സജിത വി.നായരും കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ കുഴപ്പമില്ലായിരുന്നു. സ്വര്‍ണം ലോക്കറില്‍ വെക്കാന്‍ ചെന്നപ്പോള്‍ പറഞ്ഞ അളവിലില്ല എന്നുപറഞ്ഞാണ് ഉപദ്രവം തുടങ്ങിയത്. വിസ്മയയുടെ ചേട്ടന്റെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നപ്പോഴാണ് പീഡനങ്ങളുടെ പൂര്‍ണരൂപം മകള്‍ പറഞ്ഞത്. തുടര്‍ന്ന് സമുദായസംഘടനയെ വിവരമറിയിച്ചു.മാര്‍ച്ച് 25-ന് ചര്‍ച്ചചെയ്യാനിരിക്കെ 17-ന് വിസ്മയയെ കിരണ്‍ വന്നു കൂട്ടിക്കൊണ്ടുപോയി. സ്ത്രീധനം കൊടുത്താല്‍ പ്രശ്നങ്ങള്‍ തീരുമെന്ന പ്രതീക്ഷയിലാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറഞ്ഞതെന്നും അമ്മ മൊഴിനല്‍കി.സ്വന്തം ഫോണില്‍ റെക്കോഡായ സംഭാഷണങ്ങളും കിരണിന്റെയും ബന്ധുക്കളുടെയും ശബ്ദവും സാക്ഷിയായ സജിത കോടതിയില്‍ തിരിച്ചറിഞ്ഞു. സ്ത്രീധനത്തിന്റെപേരില്‍ തന്നെ പീഡിപ്പിക്കുന്നതായി വിസ്മയ കരഞ്ഞുപറയുന്ന സംഭാഷണവുമുണ്ടായിരുന്നു. സ്ത്രീധനത്തിന്റെ കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കില്ല, അത് റെക്കോഡാകും എന്നതിനാല്‍ വാട്സാപ്പിലൂടെയേ സംസാരിക്കൂ എന്ന് കിരണ്‍ സഹോദരി കീര്‍ത്തിയോട് പറയുന്നതും കേള്‍പ്പിച്ചു. സ്ത്രീധനത്തിന്റെ ആരോപണം വന്നാല്‍ വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു എന്ന കഥ അടിച്ചിറക്കാം എന്ന് സഹോദരീഭര്‍ത്താവ് മുകേഷിനോട് കിരണ്‍ പറയുന്ന സംഭാഷണവും കേട്ട സാക്ഷി എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു. വിസ്മയ കിരണിനോടൊപ്പം തിരികെപ്പോകുമെന്ന വിവരം വിസ്മയയുടെ അച്ഛനോട് പറഞ്ഞോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ഇല്ല, അതാണ് തനിക്കുപറ്റിയ തെറ്റ് എന്നും അമ്മ കോടതിയില്‍ പറഞ്ഞിരുന്നു.

കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണും....

സ്ത്രീധനത്തിന്റെപേരില്‍ ഭര്‍ത്തൃവീട്ടില്‍ വിസ്മയ നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് വിസ്മയയുടെ സഹോദരന്‍ വിജിത്തിന്റെ ഭാര്യ ഡോ. രേവതിയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കിരണ്‍ ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചവിട്ടി നിലത്തിട്ട് മുഖത്ത് കാല്‍കൊണ്ട് ചവിട്ടിപ്പിടിക്കുകയും ചെയ്യുമായിരുന്നെന്ന് വിസ്മയ പറഞ്ഞതായി അവര്‍ മൊഴിനല്‍കി. വിജിത്തിന്റെ വിവാഹാലോചന വന്നതുമുതല്‍ വിസ്മയയുമായി സംസാരിക്കാറുണ്ടായിരുന്നു. സന്തോഷവതിയും പ്രസരിപ്പുമുള്ള കുട്ടിയായിരുന്നു വിസ്മയ. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോള്‍ വിസ്മയ മ്ലാനവതിയായി. സ്ത്രീധനത്തിന്റെ കാര്യംപറഞ്ഞ് ശാരീരികമായി ഉപദ്രവിക്കുന്നതും മാനസികമായി കുത്തിനോവിക്കുന്നതും നേരില്‍ പറയുകയും വാട്‌സാപ്പില്‍ സന്ദേശമായി അയയ്ക്കുകയും ചെയ്തിരുന്നു.

കാര്‍ ഇഷ്ടപ്പെട്ടില്ലെന്നുപറഞ്ഞ് ഓണസമയത്ത് വഴിയില്‍വെച്ച് വഴക്കുണ്ടായപ്പോള്‍ വിസ്മയ റോഡില്‍ ഇറങ്ങിനിന്നു. വിസ്മയ 'ഞാനൊരു വേസ്റ്റാണോ ചേച്ചി' എന്നു ചോദിച്ചതായും മൊഴിനല്‍കി. വിജിത്തിന്റെ വിവാഹത്തിന് കിരണ്‍ പങ്കെടുത്തില്ല. പിന്നീട് വിസ്മയ അനുഭവിച്ച എല്ലാ വിഷമങ്ങളും തുറന്നുപറഞ്ഞു. ഗള്‍ഫുകാരന്റെ മകളും മര്‍ച്ചന്റ് നേവിക്കാരന്റെ പെങ്ങളുമാണെന്ന് വിചാരിച്ചാണ് കല്യാണം കഴിച്ചതെന്ന് കിരണ്‍ പറയുമായിരുന്നു. പക്ഷേ, കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്നും കിരണ്‍ പറഞ്ഞിരുന്നു.മാനസികസമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യയുടെ ഘട്ടത്തിലാണെന്നു പറഞ്ഞപ്പോള്‍ നീ ചത്താല്‍ പാട്ടക്കാറും നിന്നേം സഹിക്കേണ്ടല്ലോ എന്ന് കിരണ്‍ പറഞ്ഞു.

ആയുര്‍വേദ കോഴ്‌സിനു പഠിക്കുന്ന ഒരു കുട്ടി സ്വന്തം വ്യക്തിത്വം കളഞ്ഞ് ഇങ്ങനെ കഴിയുന്നത് സഹിക്കാനാകാത്തതിനാല്‍ വിവരം താന്‍ ഭര്‍ത്താവ് വിജിത്തിനെയും മാതാപിതാക്കളെയും അറിയിച്ചു. കരയോഗത്തില്‍ പരാതിനല്‍കിയതിനെ തുടര്‍ന്ന് ചര്‍ച്ചചെയ്യാനിരിക്കെ മാര്‍ച്ച് 17-ന് വിസ്മയയെ കിരണ്‍ കോളേജില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം വിസ്മയ തന്നോടുള്ള ബന്ധം കുറച്ചു. കിരണാണ് ഫോണില്‍ ബ്ലോക്ക് ചെയ്തത്. തന്റെ ഫോണും വിസ്മയയുടെ മെസേജുകളും രേവതി കോടതിയില്‍ തിരിച്ചറിഞ്ഞു. അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് വിസ്മയയുടെ മരണദിവസംതന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നതായും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിന്റെ വിസ്താരത്തില്‍ അവര്‍ പറഞ്ഞിരുന്നു.

മറ്റുസാക്ഷികളുടെ മൊഴികള്‍ ഇങ്ങനെ...

വഴക്കുണ്ടായതിനെ തുടര്‍ന്നാണ് വിസ്മയ മരിച്ചതെന്ന് കിരണ്‍ പറഞ്ഞതായാണ് വിസ്മയയുടെ മരണം സ്ഥിരീകരിച്ച ഡോക്ടര്‍ മൊഴി നല്‍കിയത്.വിസ്മയയെ മരിച്ചനിലയില്‍ ശാസ്താംകോട്ട പദ്മാവതി ആശുപത്രിയില്‍ 2021 ജനുവരി മൂന്നിനു നാലോടെ എത്തിച്ചതായി കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. അമല്‍ യശോധരന്‍ പറഞ്ഞു. മരണം സ്ഥിരീകരിച്ചശേഷം പുറത്തുവന്ന് കാര്യം തിരക്കിയപ്പോള്‍ ഭര്‍ത്താവെന്നു പരിചയപ്പെടുത്തിയ ആള്‍ തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് വിസ്മയ കുളിമുറിയില്‍ക്കയറി കതടകച്ചെന്നും പറഞ്ഞു. കുറേനേരം കഴിഞ്ഞ് ശബ്ദം കേള്‍ക്കാത്തതിനാല്‍ തള്ളിത്തുറന്ന് അകത്തുകയറി എന്നു പറഞ്ഞതായും മൊഴി നല്‍കി.

കിരണിന്റെ സഹപ്രവര്‍ത്തനായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ അജേഷ്, കിരണിനെ ചടയമംഗലം പോലീസ് സ്റ്റേഷനില്‍ പിടിച്ചുവെച്ചിരിക്കുന്നതായി അറിഞ്ഞ് അവിടെ ചെന്നുവെന്ന് മൊഴി നല്‍കി. ജോലിയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ താന്‍കൂടി വിസ്മയയുടെ വീട്ടില്‍ച്ചെന്നു സംസാരിച്ചു. കാറുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് പ്രശ്നപരിഹാരമുണ്ടായെന്നും സാക്ഷി ബോധിപ്പിച്ചു.

വിസ്മയയുടെയും കിരണിന്റെയും വിവാഹം രജിസ്റ്റര്‍ ചെയ്ത നിലമേല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പ്രഭാകരന്‍ പിള്ള, നിലമേല്‍ ഫെഡറല്‍ ബാങ്ക് ശാഖാ മാനേജര്‍ രാജേഷ്, വിസ്മയയുടെ സഹോദരനെ പ്രതി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സ നല്‍കിയ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ ഡോ. ഫാത്തിമ, എന്‍.എസ്. ആശുപത്രി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, ഇന്‍ക്വസ്റ്റ് നടത്തിയ കുന്നത്തൂര്‍ തഹസില്‍ദാര്‍ നിസാം എന്നിവരെയും കേസില്‍ സാക്ഷികളായി വിസ്തരിച്ചു.

കിരണിന്റെ വല്യച്ഛന്റെ മകനായ സെക്യൂരിറ്റി ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ആരോഗ്യവകുപ്പ് ജീവനക്കാരി ബിന്ദുകുമാരി എന്നിവര്‍ പോലീസില്‍ കൊടുത്ത മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞിരുന്നു. ഇതോടെ ആ സാക്ഷികളെ കൂറുമാറിയതായി പ്രഖ്യാപിച്ചു. കൂറുമാറിയെങ്കിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിന്റെ വിസ്താരത്തില്‍ ബിന്ദുകുമാരി മരണമറിഞ്ഞ് ആശുപത്രിയില്‍ച്ചെന്ന് കിരണിനെ കണ്ടപ്പോള്‍ 'ഇപ്പോള്‍ നിനക്ക് സ്വര്‍ണവും കാറുമൊക്കെ കിട്ടിയോടെ' എന്നു ചോദിച്ചെന്നും അപ്പോള്‍ കിരണ്‍ കൈമലര്‍ത്തിക്കാണിച്ചെന്നും മൊഴി നല്‍കിയിരുന്നു.

വിസ്മയ കിടന്ന കട്ടിലിലെ തലയിണയുടെ അടിയില്‍നിന്നു കിട്ടിയ കടലാസ് താന്‍ പോലീസില്‍ ഏല്‍പ്പിച്ച കാര്യം ആരോടും പറയാതിരുന്നത് കിരണിനോടൊപ്പം തന്നെയും ഭാര്യയെും മകളെയും മരുമകനെയും പ്രതിചേര്‍ക്കുമെന്ന് ഭയന്നാണെന്ന് കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള എതിര്‍വിസ്താരത്തില്‍ പറഞ്ഞിരുന്നു. സ്വര്‍ണം കുറഞ്ഞതിനെച്ചൊല്ലി കിരണ്‍ വിസ്മയയുമായി വഴക്കുണ്ടായെന്നും സദാശിവന്‍ പിള്ള പറഞ്ഞു.

സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്മയയും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ലെന്നായിരുന്നു കിരണിന്റെ സഹോദരി കീര്‍ത്തി നല്‍കിയ മൊഴി. ഇതേതുടര്‍ന്ന് കീര്‍ത്തിയെയും കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു.

എനിക്ക് പേടിയാ അച്ഛാ, ഇവിടെ നിര്‍ത്തിയാല്‍ എന്നെ കാണത്തില്ല'

എനിക്ക് പേടിയാണച്ഛാ. എന്നെ അടിക്കും. ഇവിടെ നിര്‍ത്തിയാല്‍ എന്നെപ്പിന്നെ കാണത്തില്ല.-വിസ്മയ കരഞ്ഞുകൊണ്ടു പറയുന്ന ഫോണ്‍ സംഭാഷണം കോടതിയില്‍ വിചാരണവേളയില്‍ കേള്‍പ്പിച്ചിരുന്നു. കഴിഞ്ഞദിവസം മാതൃഭൂമി ന്യൂസിലൂടെ ഈ സംഭാഷണം പുറത്തുവരികയും ചെയ്തു.

തനിക്ക് സ്വന്തം വീട്ടിലേക്ക് വരണമെന്നും അച്ഛനെ കാണണമെന്നുമാണ് വിസ്മയ പറയുന്നത്. വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. 'ഇവിടെ നിര്‍ത്തിയിട്ടു പോകുകയാണെങ്കില്‍ എന്നെ കാണത്തില്ല. ഞാന്‍ എന്തെങ്കിലും ചെയ്യും' എന്നും പറയുന്നുണ്ട്.കിരണിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണമായിരുന്നു കോടതിയില്‍ കേള്‍പ്പിച്ചത്. സൈബര്‍ പരിശോധനയിലാണ് ഇത് വീണ്ടെടുത്തത്.

കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍നേരം ബാങ്ക് വായ്പ ഉണ്ടെന്ന് അറിഞ്ഞതും സ്വര്‍ണം ലോക്കറില്‍വെക്കാന്‍ പോയപ്പോള്‍ തൂക്കം കുറവാണെന്ന് അറിഞ്ഞതും ത്രിവിക്രമന്‍ നായരോട് കിരണ്‍ പരാതിയായി പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ നേരത്തേ മകള്‍ പറഞ്ഞിട്ടുണ്ടാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് പിതാവ് മറുപടിപറയുന്നു. അവനോട് ഇതൊക്കെ മറച്ചുവെച്ചതെന്തിനെന്ന് മകളോട് ചോദിക്കുന്നുമുണ്ട്. കാറില്‍നിന്ന് വിസ്മയ ഇറങ്ങിയോടിയതായും ഈ ഭ്രാന്തുപിടിച്ച പെണ്ണിനോട് വണ്ടിയില്‍ കയറാന്‍ പറയണമെന്നും കിരണ്‍ പറയുന്നത് മറ്റൊരു സംഭാഷണത്തിലുണ്ട്. അവളെ വേണ്ടെങ്കില്‍ കൊണ്ടാക്കാന്‍ ത്രിവിക്രമന്‍ നായര്‍ മറുപടി പറയുന്നു. വീട്ടില്‍വന്ന് ഇവളെയും കാറും സ്വര്‍ണവും കൊണ്ടുപോകാന്‍ കിരണ്‍ പറയുന്നതായിരുന്നു മറ്റൊരു സംഭാഷണം.

ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

വിസ്മയയുടെ ആത്മഹത്യയില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിനെ 2021 ഓഗസ്റ്റ് ആറാം തീയതിയാണ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഒരാള്‍ മരിച്ച കേസില്‍ പ്രതിയായ ആളെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടായിരുന്നു. അതും കോടതി വിധി വരും മുമ്പേ.

പോലീസിന്റെ നടപടിക്രമവുമായി ഇതിന് ബന്ധമില്ലെന്നും സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ചാണ് കിരണിനെതിരേ നടപടി സ്വീകരിച്ചതെന്നുമായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വിശദീകരണം. വകുപ്പുതല അന്വേഷണത്തില്‍ കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. അതിനുള്ള വകുപ്പുണ്ടെന്നും അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നും അന്ന് മന്ത്രി പറയുകയും ചെയ്തു.

പോലീസിനും പ്രോസിക്യൂഷനും അഭിമാനം....

വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ പ്രോസിക്യൂഷനും അഭിമാനനിമിഷം. പോലീസ് സംഘം ശേഖരിച്ച സാക്ഷിമൊഴികളും സൈബര്‍ തെളിവുകളും കൃത്യമായി കോടതിയിലെത്തിച്ചാണ് പ്രോസിക്യൂഷന്‍ വിസ്മയ കേസില്‍ മികവ് കാട്ടിയത്.

അഡ്വ. ജി. മോഹന്‍രാജായിരുന്നു വിസ്മയ കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. നേരത്തെ ഉത്ര വധക്കേസ് അടക്കം വിവാദമായ പല കേസുകളിലും പ്രോസിക്യൂട്ടറായിരുന്നു ജി. മോഹന്‍രാജ്. ഉത്ര കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കെയാണ് വിസ്മയ കേസിലും മോഹന്‍രാജിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിനല്‍കിയ അദ്ദേഹത്തിനും അഭിമാനംനല്‍കുന്നതാണ് വിസ്മയ കേസിലെ വിധി.

കൊല്ലം ബാറിലെ അഭിഭാഷകനായ ജി.മോഹന്‍രാജ് രശ്മി വധക്കേസ്, പോലീസുകാരനെ കുത്തിക്കൊന്നതിന് ആട് ആന്റണിക്കെതിരായ കേസ്, കോട്ടയം എസ്.എം.ഇ. റാഗിങ്, ആവണീശ്വരം മദ്യദുരന്തം, ഹരിപ്പാട് ജലജ വധം, വിദേശവനിത ലിഗയുടെ മരണം, മഹാരാജാസ് കോളേജിലെ അഭിമന്യൂ വധം, തുടങ്ങിയ കേസുകളില്‍ പ്രോസിക്യൂട്ടറായിരുന്നു.

അന്വേഷണം നടത്തിയത് ഡിവൈ.എസ്.പി. പി.രാജ്കുമാറും സംഘവും...

ദക്ഷിണമേഖല ഐജി അര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി. പി.രാജ്കുമാറാണ് വിസ്മയ കേസില്‍ അന്വേഷണം നടത്തിയത്. കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്ത് 80-ാം ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം മികവുകാട്ടുകയും ചെയ്തു. വിസ്മയയുടെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും കണ്ടെത്തിയ പോലീസ് സംഘം, പ്രതി കിരണ്‍കുമാറിനെതിരായ പരമാവധി തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിരുന്നു.

തനിക്ക് കൂടുതല്‍ സ്ത്രീധനം കിട്ടേണ്ടിയിരുന്നവനായിരുന്നെന്നും അത്രമാത്രം ഉയര്‍ന്ന സര്‍ക്കാര്‍ ജോലിയാണ് തനിക്കുള്ളതെന്നുമുള്ള കിരണിന്റെ ദുരഭിമാനവും അഹന്തയുമാണ് വിസ്മയയുടെ മരണത്തില്‍ കലാശിച്ചതെന്ന് പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. വിസ്മയ തൂങ്ങിമരിക്കാന്‍ കാരണക്കാരന്‍ കിരണ്‍ തന്നെയെന്ന് ഉറപ്പാക്കുന്ന തെളിവുകളും കുറ്റപത്രത്തിലുണ്ടായിരുന്നു. വിസ്മയയുടെ ഫോണ്‍ കിരണ്‍ നശിപ്പിച്ചു. എങ്കിലും വിസ്മയ കൂട്ടുകാരികള്‍ക്കയച്ച മെസേജുകളിലൂടെ കിരണ്‍ എങ്ങനെയാണ് അവളെ മരണത്തിലേക്ക് നയിച്ചതെന്ന് തെളിഞ്ഞു. കല്യാണത്തിനു മുമ്പുപോലും സ്ത്രീധനത്തുക സംബന്ധിച്ചുള്ള കിരണിന്റെ അമിതപ്രതീക്ഷ തെളിയിക്കുന്ന മെസേജുകളും പോലീസ് കണ്ടെത്തി. 'ഇത്ര വലിയ പൊസിഷനായിട്ടും എനിക്ക് കിട്ടിയത് കണ്ടില്ലേ ?...' എന്ന ചിന്താഗതിയായിരുന്നു കിരണിന്.

നൂറു പവന്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിട്ടും 60 പവനേ പെണ്‍വീട്ടുകാര്‍ നല്‍കിയുള്ളൂവെന്നും അയാള്‍ കരുതി. ഇതു പറഞ്ഞ് അടി കൊടുക്കുമായിരുന്നു. ഒരിക്കല്‍ സ്വന്തം വീട്ടിലേക്ക് 'രക്ഷപ്പെടാന്‍' ശ്രമിച്ചപ്പോള്‍ 'ഇനി നിന്നെ അടിക്കാന്‍ പറ്റിയില്ലെങ്കിലോ' എന്ന് പറഞ്ഞ് തല്ലി. അവസാനം പുറംലോകം കാണിക്കാതെ മുറിയില്‍ അടച്ചതാണ് വിസ്മയ മരിക്കാന്‍ കാരണമായത്- കുറ്റപത്രം സമര്‍പ്പിച്ച വേളയില്‍ ഡിവൈ.എസ്.പി. രാജ്കുമാര്‍ പറഞ്ഞ വാക്കുകളാണിത്. നേരത്തെ സൂര്യനെല്ലി കേസില്‍ ഒളിവില്‍പോയ മുഖ്യപ്രതി ധര്‍മരാജനെ കര്‍ണാടകത്തില്‍നിന്ന് പിടികൂടി വാര്‍ത്തകളിലിടം നേടിയ അന്വേഷണ ഉദ്യോഗസ്ഥനാണ് രാജ്കുമാര്‍. വെളുത്ത പോലീസ് ജീപ്പില്‍ ചെളിയും വാരിപ്പൂശി രണ്ട് പോലീസുകാര്‍ക്കൊപ്പമായിരുന്നു രാജ്കുമാറിന്റെ കര്‍ണാടക ഓപ്പറേഷന്‍.

Content Highlights: vismaya case details

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Jonathan Joseph James a teenge boy who hacked nasa life story death suicide hacker
Premium

7 min

കംപ്യൂട്ടർ ജീനിയസ്, 16-ാംവയസ്സിൽ നാസയും പെന്റഗണും ഹാക്ക് ചെയ്തു; 25-ൽ ആത്മഹത്യ | Sins & Sorrow

Sep 28, 2023


kuttippuram woman death

1 min

അലര്‍ജിക്ക് കുത്തിവെപ്പ് എടുത്തു, ശ്വാസതടസ്സം; ബോധരഹിതയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു; പരാതി

Nov 28, 2021


infant death

1 min

നഴ്‌സിങ് ഹോമിലെ 17 വയസ്സുള്ള തൂപ്പുകാരി കുത്തിവെപ്പ് മാറി നല്‍കി; രണ്ടു വയസ്സുകാരന്‍ മരിച്ചു

Jan 21, 2022


Most Commented