Photo: Photo: Instagram|vijith.v_nair_ & Facebook.com|Vismaya.vnair.376
കൊച്ചി: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കിരണ്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനാലാണ്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്ത്രീധനത്തിനെതിരായ പോരാട്ടത്തിനാണ് ഈ സംഭവം തുടക്കംകുറിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണയ്ക്കായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിയില്‍ വിചാരണ നടത്തേണ്ടത് തെളിവ് നശിപ്പിക്കാതിരിക്കാന്‍ അനിവാര്യമാണ്.
ജയിലില്‍ കിടക്കുന്ന പ്രതിയുടെ ആളുകള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയ സംഭവവും ഇതിനിടെ ഉണ്ടായെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ. ഷാജി വാദിച്ചു. കിരണ്‍ കുമാറിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടായിരുന്നു ഇത്.
ടിക് ടോക് താരമായിരുന്ന വിസ്മയ സോഷ്യല്‍ മീഡിയകള്‍ അമിതമായി ഉപയോഗിച്ചിരുന്നുവെന്നും പരീക്ഷാ സമയമായതിനാല്‍ മൊബൈല്‍ ഉപയോഗം വിലക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്നും കിരണിനായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനു വാദിച്ചു. സ്വര്‍ണത്തിന്റെയും കാറിന്റെയും ഗുണനിലവാരത്തെ ചൊല്ലി വിസ്മയയുമായി കലഹിച്ചുവെന്നാണ് ആരോപണം. കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടെന്ന് ആര്‍ക്കും പരാതിയില്ല. വിസ്മയയുടെ സഹോദരന്‍ കാറുമായി പോയി അപകടം ഉണ്ടാക്കിയതാണ് തര്‍ക്കത്തിന് കാരണമായത്.
105 ദിവസമായി ജയിലിലാണ്. കാര്യങ്ങള്‍ തനിക്ക് അഭിഭാഷകനോട് പറയാന്‍ കഴിഞ്ഞെങ്കിലേ നീതിപൂര്‍വമായ വിചാരണ നടക്കൂ. ജോലിപോലും നഷ്ടപ്പെട്ട തനിക്ക് സാക്ഷികളെ ആരേയും സ്വാധീനിക്കാനാകില്ലെന്നുമായിരുന്നു കിരണിന്റെ വാദം.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ മകളുടെ മുഖത്ത് ചവിട്ടുക വരെ ചെയ്തിട്ടുണ്ടെന്ന് കേസില്‍ കക്ഷിചേര്‍ന്ന വിസ്മയയുടെ പിതാവിനായി ഹാജരായ അഡ്വ. എസ്. രാജീവ് വാദിച്ചു. ഇതിന്റെ വാട്‌സാപ്പ് സന്ദേശങ്ങളും ഹാജരാക്കി. ഫാദേഴ്സ് ഡേയില്‍ അച്ഛന് സന്ദേശം അയയ്ക്കാന്‍ ശ്രമിച്ചതിനാണ് വിസ്മയയുടെ മൊബൈല്‍ പ്രതി തകര്‍ത്തതെന്നും വാദിച്ചു. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജസ്റ്റിസ് എം.ആര്‍. അനിത ജാമ്യഹര്‍ജി വിധിപറയാന്‍ മാറ്റി. സര്‍ക്കാര്‍ കേസ് ഡയറിയും കൈമാറി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..