കാറല്ല, കിട്ടിയത് തടവറ; നിര്‍വികാരനായി വിധി കേട്ട് കിരണ്‍, പത്തുവര്‍ഷം ഇനി അഴിക്കുള്ളില്‍


4 min read
Read later
Print
Share

വിസ്മയ കേസിലെ ശിക്ഷാവിധി കേട്ടശേഷം കിരൺകുമാറിനെ കോടതിയിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ/മാതൃഭൂമി

കൊല്ലം: വിസ്മയ കേസില്‍ ശിക്ഷ വിധിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കിരണ്‍കുമാര്‍ ഇനി അഴിക്കുള്ളില്‍. ചൊവ്വാഴ്ച വൈകിട്ടോടെ കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, വിധി പകര്‍പ്പ് കൈമാറിയ ശേഷം പ്രതിയെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോവുമെന്നായിരുന്നു ആദ്യവിവരം. എന്നാല്‍ തത്കാലം ജില്ലാ ജയിലിലേക്ക് തന്നെ കൊണ്ടുപോകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നകാര്യം പിന്നീട് പരിഗണിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ ശിക്ഷാവിധി കേള്‍ക്കാന്‍ കിരണിനെ കോടതിയില്‍ എത്തിച്ചിരുന്നു. ജഡ്ജി ശിക്ഷാവിധി വായിക്കുമ്പോള്‍ നിര്‍വികാരനായാണ് പ്രതി എല്ലാംകേട്ടുനിന്നത്. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിലെ ശിക്ഷാവിധി.

പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കിരണ്‍കുമാറിന് ശിക്ഷയായി വിധിച്ചത്. സ്ത്രീധന പീഡനത്തിന് ഐപിസി 304 ബി പ്രകാരം പത്ത് വര്‍ഷം തടവും ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാല്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഗാര്‍ഹിക പീഡനത്തിന് ഐപിസി 498 എ പ്രകാരം രണ്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാല്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം ആറുവര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാല്‍ 18 മാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധനത്തിലെ സെക്ഷന്‍ നാല് പ്രകാരം ഒരുവര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാല്‍ 15 ദിവസം കൂടി തടവ് അനുഭവിക്കണം.

12.55 ലക്ഷം രൂപയാണ് പ്രതിക്ക് ചുമത്തിയ ആകെ പിഴ. ഇതില്‍ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചു. തടവ് ശിക്ഷ പത്തുവര്‍ഷം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. സുജിത്താണ് ശിക്ഷ വിധിച്ചത്.

വിസ്മയ കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാര്‍ഹികപീഡനം (498 എ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്.

കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21-നാണ് വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിചാരണ നാലുമാസം നീണ്ടു. കിരണ്‍കുമാറിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ സൈബര്‍ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി.

2020 മേയ് 31-നാണ് നിലമേല്‍ കൈതോട് സീ വില്ലയില്‍ വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയ ശാസ്താംനട ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്.വിസ്മയ, അച്ഛന്‍ ത്രിവിക്രമന്‍ നായരോട് 'ഇങ്ങനെ തുടരാന്‍ വയ്യെന്നും താന്‍ ആത്മഹത്യചെയ്തുപോകുമെന്നും' കരഞ്ഞുപറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. അറസ്റ്റിലായ കിരണിനെ പിന്നീട് സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു.

പ്രോസിക്യൂഷന്‍ 41 സാക്ഷികളെ വിസ്തരിച്ചു.118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. വിധിപ്രസ്താവം കേള്‍ക്കാനായി വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിമുറിയിലെത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിയായ കിരൺകുമാറിന് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്നില്‍ ശിരസ് കുനിച്ചുനിന്നിരുന്ന കിരണ്‍, ഇതോടെ മറുപടി നല്‍കി- 'അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓര്‍മക്കുറവുണ്ട്, അതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. അമ്മയ്ക്ക് രക്തസമ്മര്‍ദവും വാതരോഗവും പ്രമേഹവുമുണ്ട്'. കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം, ഇത് ഒരു വ്യക്തിക്കെതിരേയുള്ള കേസല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരേയുള്ള കേസാണ്. സ്ത്രീധനം വാങ്ങിയ പ്രതി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ്. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാല്‍ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സര്‍ക്കാര്‍ ജീവനക്കാരന്‍ ഒരു വിലപിടിപ്പുള്ള ഉത്പന്നമാണെന്ന് സ്വയം ധരിക്കാന്‍ പാടില്ല. സ്ത്രീധനത്തിന്റെ പേരില്‍ പ്രതി ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു. കിരണ്‍കുമാര്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, വിദ്യാസമ്പന്നനാണ്, എന്നിട്ടും പ്രതിക്ക് പശ്ചാത്താപമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഭാര്യയുടെ മുഖത്തിട്ട് ചവിട്ടിയതിലൂടെ എന്ത് സന്ദേശമാണ് പ്രതി സമൂഹത്തിന് നല്‍കുന്നത്. ഈ കേസ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന കേസാണെന്നും രാജ്യം മുഴുവന്‍ ഈ വിധിയെ ശ്രദ്ധിക്കുമെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. പ്രതി നിരന്തരപീഡനത്തിലൂടെ ഭാര്യയുടെ ആത്മാവിനെ കൊന്നു. അതിനാല്‍ ജീവപര്യന്തവരെ തടവ് നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരിഷ്‌കൃത സമൂഹത്തില്‍ ലോകത്തെവിടെയും ആത്മഹത്യാപ്രേരണാക്കുറ്റത്തിന് ജീവപര്യന്തം നല്‍കിയിട്ടില്ലെന്നും നേരത്തെ സ്ത്രീധനത്തെച്ചൊല്ലിയുള്ള കൊലപാതക കേസില്‍ സുപ്രീംകോടതി ഒരു പോലീസുകാരനെ പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച കാര്യവും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

കൊലപാതകത്തിന് സമാനമല്ല ആത്മഹത്യ, നരഹത്യയും ആത്മഹത്യയും വ്യത്യസ്തമാണ്. പ്രതി നേരിട്ട് സ്ത്രീധനം ആവശ്യപ്പെട്ടതായി കേസില്‍ പറയുന്നില്ല. ഇത്തരം കേസില്‍ ഉള്‍പ്പെടുന്ന യൂണിഫോമിട്ട ആദ്യ വ്യക്തിയല്ല പ്രതി. പ്രതി ജയിലിലൊന്നും മോശമായി പെരുമാറിയിട്ടില്ല, മറിച്ചാണെങ്കില്‍ ജാമ്യം ലഭിക്കില്ലായിരുന്നു. പ്രതിക്ക് പശ്ചാത്താപമില്ലെന്ന് പ്രോസിക്യൂഷന് എങ്ങനെ പറയാനാകും. പശ്ചാത്താപമില്ലെന്ന് പ്രോസിക്യൂഷന്‍ അളന്നുനോക്കിയോ എന്നും പ്രതിഭാഗം ചോദിച്ചു.

മാധ്യമശ്രദ്ധയുള്ള കേസാണെന്ന സ്വാധീനം ശിക്ഷാവിധിയില്‍ ഉണ്ടാകരുത്. പ്രതിയുടെ പ്രായവും വിദ്യാഭ്യാസയോഗ്യതയും കുടുംബപശ്ചാത്തലവും കോടതി പരിഗണിക്കണം. സൂര്യന് കീഴില്‍ ആദ്യമായി നടക്കുന്ന സ്ത്രീധന മരണമല്ല ഇതെന്നും പ്രതിഭാഗം ശിക്ഷാവിധിക്ക് മുമ്പുള്ള വാദത്തില്‍ പറഞ്ഞു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്, അഭിഭാഷകരായ നീരാവില്‍ എസ്.അനില്‍കുമാര്‍, ബി.അഖില്‍ എന്നിവരാണ് ഹാജരായത്. അഡ്വ. പ്രതാപചന്ദ്രന്‍പിള്ള പ്രതിഭാഗത്തിന് വേണ്ടിയും ഹാജരായി. ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

Content Highlights: vismaya case accused kiran kumar gets 10 year imprisonment will sent to jail

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Jonathan Joseph James a teenge boy who hacked nasa life story death suicide hacker
Premium

7 min

കംപ്യൂട്ടർ ജീനിയസ്, 16-ാംവയസ്സിൽ നാസയും പെന്റഗണും ഹാക്ക് ചെയ്തു; 25-ൽ ആത്മഹത്യ | Sins & Sorrow

Sep 28, 2023


Thankamani
Premium

6 min

വില്ലനായ എലൈറ്റ്;തര്‍ക്കവും പോലീസ് നരനായാട്ടും, തങ്കമണിക്കാര്‍ മറക്കാത്ത ആ രാത്രി,സിനിമയുമായി ദിലീപ്

Sep 19, 2023


tuvvur murder

3 min

അച്ഛൻ എല്ലാം അറിഞ്ഞു; കഴുത്തിൽ കയറിട്ട് ജനലിലൂടെ വലിച്ചു, അര്‍ധരാത്രി വരെ മൃതദേഹം കട്ടിലിനടിയിൽ

Aug 22, 2023


Most Commented