കടലില്‍ 72 മണിക്കൂര്‍ നീണ്ട തിരച്ചില്‍, ചെലവ് ഒരുകോടി രൂപ; കാണാതായ യുവതി 'പൊങ്ങിയത്' ബെംഗളൂരുവില്‍


യുവതി തിരയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ മൂന്നുദിവസത്തോളമാണ് കോസ്റ്റ്ഗാര്‍ഡും നാവികസേനയും ഉള്‍പ്പെടെയുള്ളവര്‍ കടലില്‍ തിരച്ചില്‍ നടത്തിയത്. തിരച്ചില്‍ നടക്കുന്നതിനിടെ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് യുവതി മാതാപിതാക്കള്‍ക്ക് സന്ദേശം അയക്കുകയായിരുന്നു.

Screengrab: Youtube.com/Rooster News

ഹൈദരാബാദ്/ബെംഗളൂരു: മൂന്നുദിവസത്തോളം വിശാഖപട്ടണത്തെ ആശങ്കയിലാഴ്ത്തിയ തിരോധാനത്തിന് തിരശീല വീണതിന് പിന്നാലെ കാണാതായ യുവതി നഗരത്തില്‍ തിരിച്ചെത്തി. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആര്‍.സായ് പ്രിയ(21)യാണ് കഴിഞ്ഞദിവസം കാമുകനൊപ്പം വിശാഖപട്ടണത്ത് തിരിച്ചെത്തിയത്. ബെംഗളൂരുവിലുണ്ടെന്ന വിവരം മാതാപിതാക്കളെ അറിയിച്ചതിന് പിന്നാലെയാണ് യുവതിയും കാമുകനും തിരികെവന്നത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് വിശാഖപട്ടണത്തെ ആര്‍.കെ. ബീച്ചില്‍നിന്ന് സായ് പ്രിയയെ കാണാതായത്. യുവതി തിരയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ മൂന്നുദിവസത്തോളമാണ് കോസ്റ്റ്ഗാര്‍ഡും നാവികസേനയും ഉള്‍പ്പെടെയുള്ളവര്‍ കടലില്‍ തിരച്ചില്‍ നടത്തിയത്. തിരച്ചില്‍ നടക്കുന്നതിനിടെ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് യുവതി മാതാപിതാക്കള്‍ക്ക് സന്ദേശം അയക്കുകയായിരുന്നു. താന്‍ സുരക്ഷിതയാണെന്നും കാമുകനൊപ്പം ബെംഗളൂരുവിലുണ്ടെന്നുമായിരുന്നു യുവതിയുടെ സന്ദേശം. ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കും വിരാമമായി.

വിവാഹവാര്‍ഷികം ആഘോഷിക്കാനായി ബീച്ചിലെത്തി...

ഹൈദരാബാദിലെ സ്വകാര്യ ഫാര്‍മസി കമ്പനിയില്‍ ജീവനക്കാരനായ ശ്രീനിവാസ റാവുവും സായ് പ്രിയയും 2020 ജൂലായ് 25-നാണ് വിവാഹിതരായത്. കഴിഞ്ഞ തിങ്കളാഴ്ച രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനായാണ് ഇരുവരും ആര്‍.കെ. ബീച്ചില്‍ എത്തിയത്. എന്നാല്‍ ബീച്ചിലെത്തി മിനിറ്റുകള്‍ക്കുള്ളില്‍ സായ് പ്രിയയെ കാണാതാവുകയായിരുന്നു.

ഭാര്യയ്‌ക്കൊപ്പം ബീച്ചില്‍ സമയം ചിലവഴിക്കുന്നതിനിടെ ശ്രീനിവാസ റാവുവിന് മൊബൈലില്‍ ഒരു ഫോണ്‍കോള്‍ വന്നു. ഈ സമയം സായ് പ്രിയ ബീച്ചില്‍ കടലിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അല്പസമയത്തിനകം ഫോണ്‍വിളി കഴിഞ്ഞ് ശ്രീനിവാസ റാവു നോക്കിയപ്പോള്‍ ഭാര്യയെ കാണാനില്ലായിരുന്നു. ഇതോടെ യുവാവ് ബീച്ചിലാകെ തിരഞ്ഞു. ബഹളംവെച്ചതോടെ മറ്റുള്ളവരും ഓടിക്കൂടി.

തിരയില്‍പ്പെട്ടെന്ന് നിഗമനം, 72 മണിക്കൂര്‍ നീണ്ട തിരച്ചില്‍...

ഫോണ്‍വരുന്നതിന് തൊട്ടുമുമ്പ് വരെ ഭര്‍ത്താവിന്റെ കണ്മുന്നിലുണ്ടായിരുന്ന യുവതിയെ എങ്ങനെ കാണാതായെന്നായിരുന്നു ഏവരുടെയും ചോദ്യം. മറ്റൊരു സാധ്യതയുമില്ലാത്തതിനാല്‍ യുവതി തിരയില്‍പ്പെട്ടിരിക്കുമെന്നും എല്ലാവരും കരുതി. പോലീസും അധികൃതരും സ്ഥലത്തേക്ക് കുതിച്ചെത്തി. വൈകാതെ യുവതിക്കായി കടലില്‍ തിരച്ചിലും ആരംഭിച്ചു.

മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ളവരാണ് ആദ്യഘട്ട തിരച്ചിലില്‍ പങ്കെടുത്തത്. വൈകാതെ അധികൃതര്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായം തേടി. ഇതിനിടെ, യുവതിയെ കടലില്‍ കാണാതായെന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നു.

രണ്ട് കപ്പലുകളാണ് യുവതിയെ കണ്ടെത്താനുള്ള തിരച്ചലിന് വേണ്ടി രംഗത്തിറങ്ങിയത്. ചേതക് ഹെലികോപ്റ്ററും തിരച്ചിലില്‍ പങ്കെടുത്തു. ഏകദേശം 72 മണിക്കൂറോളമാണ് യുവതിക്ക് വേണ്ടി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കടലില്‍ തിരച്ചില്‍ നടത്തിയത്. ഈ രക്ഷാദൗത്യത്തിനായി ഏകദേശം ഒരു കോടി രൂപയോളം ചെലവ് വന്നതായാണ് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന്റെ റിപ്പോര്‍ട്ട്.

മാതാപിതാക്കള്‍ക്ക് സന്ദേശം...

കടലില്‍ ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നതിനിടെയാണ് ബുധനാഴ്ച വൈകിട്ടോടെ സായ് പ്രിയയുടെ മാതാപിതാക്കള്‍ക്ക് ആ സന്ദേശം ലഭിച്ചത്. താന്‍ ബെംഗളൂരുവില്‍ കാമുകനെ കൂടെയുണ്ടെന്നായിരുന്നു സായ് പ്രിയയുടെ സന്ദേശം. വിവരം മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ നിര്‍ത്തിയത്. ഇതിനിടെ, യുവതിയെക്കുറിച്ചുള്ള പല അഭ്യൂഹങ്ങളും സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. യുവതി നെല്ലൂരിലേക്ക് ഒളിച്ചോടിയെന്ന് വരെ പ്രചാരണമുണ്ടായി. എന്നാല്‍ പോലീസ് ഇതൊന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നില്ല.

സ്‌കൂള്‍കാലം മുതലുള്ള പ്രണയം...

സായ് പ്രിയയും കാമുകനും തമ്മില്‍ സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ മാതാപിതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് ശ്രീനിവാസ റാവുവുമായി യുവതിയുടെ വിവാഹം നടത്തിയത്. അതേസമയം, സായ് പ്രിയ എങ്ങനെയാണ് ബെംഗളൂരുവിലേക്ക് പോയത് എന്നതടക്കമുള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കാമുകന്‍ നേരിട്ടെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയതാണോ അതോ യുവതി ഒറ്റയ്ക്ക് നാടുവിട്ടതാണോ എന്നതും വ്യക്തമല്ല. ഇതേക്കുറിച്ചെല്ലാം അന്വേഷിച്ചുവരികയാണെന്നായിരുന്നു പോലീസിന്റെ പ്രതികരണം.


Content Highlights: visakhapatanam woman mysterious missing case finally she found in bengaluru with lover

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented