twitter.com|nagarkoti
പഞ്ച്കുള: അര്‍ധരാത്രി 112-ല്‍ വിളിച്ചാല്‍ പോലീസ് വരുമോ ഇല്ലയോ? മദ്യപിച്ചതിന് പിന്നാലെ ഹരിയാണ പഞ്ചകുളയിലെ നരേഷ് കുമാര്‍ എന്ന 42-കാരന് തോന്നിയ സംശയമാണിത്. എന്നാല്‍ അതൊന്ന് പരിശോധിച്ചിട്ട് തന്നെ കാര്യമെന്നും കരുതി. അപ്പോള്‍ തന്നെ അടിയന്തര സഹായത്തിനുള്ള നമ്പറായ 112-ല്‍ വിളിച്ചു. മിനിറ്റുകള്‍ക്കകം പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. കാര്യമെന്താണെന്ന് പോലീസുകാര്‍ തിരക്കിയപ്പോഴാണ് പോലീസ് വരുമോ എന്നറിയാന്‍ വിളിച്ചതാണെന്ന് നരേഷ്കുമാര്‍ പറഞ്ഞത്.
എന്തായാലും നരേഷിന്റെ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കം ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സംഭവം രസകരമാണെങ്കിലും അനാവശ്യമായി പോലീസിനെ വിളിച്ച് ബുദ്ധിമുട്ടിക്കരുതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ താക്കീത് നല്കുന്നു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂലിപ്പണിക്കാരനായ നരേഷ് കുമാര്‍ രാത്രി 12 മണിയോടെയാണ് അടിയന്തര സഹായത്തിനുള്ള നമ്പറായ 112-ല്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചത്. 15 മിനിറ്റിനുള്ളില്‍ പോലീസ് സ്ഥലത്ത് എത്തുകയും ഇയാളെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ എന്തിനാണ് സഹായം തേടിയതെന്ന് ചോദിച്ചപ്പോഴാണ് പോലീസുകാര്‍ ശരിക്കും ഞെട്ടിയത്.
വൈകിട്ട് മോര്ണിയില്നിന്നുള്ള ബസ് കിട്ടിയില്ലെന്നും അതിനാല്‍ താന്‍ വീട്ടിലേക്ക് നടന്നുപോവുകയാണെന്നുമാണ് നരേഷ്കുമാര്‍ ആദ്യം പറഞ്ഞത്. യാത്രയ്ക്കിടെ അല്പം ബിയര്‍ കഴിച്ചു. തുടര്‍ന്നാണ് 112-ലേക്ക് വിളിച്ചത്. ഈ വൈകിയസമയത്തും പോലീസ് വരുമോ എന്നറിയാനാണ് വിളിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. നരേഷിന്റെ മറുപടി കേട്ട് പോലീസുകാര്‍ക്ക് ആദ്യം വിശ്വാസ്യത തോന്നിയില്ല. എന്നാല്‍ എന്തിനാണ് വിളിച്ചതെന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇതുതന്നെയായിരുന്നു നരേഷ്കുമാറിന്റെ മറുപടി.
Content Highlights: viral video panchkula man dials 112 to check police would come or not
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..