ഗിരീഷ്‌കുമാർ
താനൂര്‍: ഒഴൂര്‍ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റായ ഗിരീഷ്‌കുമാറിനെ അഞ്ഞൂറുരൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റുചെയ്തു.
ഓമച്ചപ്പുഴ സ്വദേശി അലി തന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ഇരട്ട സര്‍വേനമ്പറായതിനാല്‍ അതുമാറ്റി ഒറ്റനമ്പറാക്കുന്നതിനായി ഒഴൂര്‍ വില്ലേജ് ഓഫീസറെ സമീപിച്ചിരുന്നു. സര്‍വേനമ്പറില്‍ വ്യത്യാസമുള്ളതിനാല്‍ സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി വില്ലേജ് ഓഫീസര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ ഗിരീഷ്‌കുമാറിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അലി ഗിരീഷ്‌കുമാറിനെ സമീപിച്ച് സ്ഥലപരിശോധനയ്ക്കായി എപ്പോള്‍ വരുമെന്ന് അന്വേഷിച്ചു. അഞ്ഞൂറുരൂപ നല്‍കുകയാണെങ്കില്‍ വരാമെന്നും അല്ലെങ്കില്‍ ഫയല്‍ അവിടെ ഇരിക്കട്ടെ എന്നുപറയുകയും ചെയ്‌തെന്നാണ് പരാതി.
അലി ഇക്കാര്യം വിജിലന്‍സ് മലപ്പുറം യൂണിറ്റ് ഡിവൈ.എസ്.പി.യെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സിന്റെ വടക്കന്‍മേഖലാ പോലീസ് സൂപ്രണ്ട് സജീവന്റെ നേതൃത്വത്തില്‍ കൈക്കൂലി പിടിക്കാന്‍ രഹസ്യമായി സാഹചര്യമൊരുക്കുകയുമായിരുന്നു.
പരാതിക്കാരനായ അലിയില്‍നിന്ന് കൈക്കൂലി വാങ്ങുമ്പോള്‍ ഗിരീഷ്‌കുമാറിനെ ഡിവൈ.എസ്.പി. ഫിറോസ്, എം. ഷെഫീക് എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. ഗിരീഷ്‌കുമാറിന്റെ പക്കല്‍നിന്ന് കണക്കില്‍പ്പെടാത്ത 5740 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.
ഇന്‍സ്പെക്ടര്‍മാരായ ഗംഗാധരന്‍, ജ്യോതീന്ദ്രകുമാര്‍, പ്രദീപ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ മോഹന്‍ദാസ്, ജോസൂട്ടി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ മോഹനകൃഷ്ണന്‍, ഹനീഫ, സലിം എന്നിവരും സംഘത്തിലുണ്ടായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..