ഡോ. അജോ ജോസഫ്
കടുത്തുരുത്തി: പശുവിനെ വാങ്ങാൻ ക്ഷീരകർഷകന് അനുവദിച്ച സബ്സിഡി തുകയിൽനിന്നു 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വെറ്ററിനറി ഡോക്ടറെ വിജിലൻസ് സംഘം അറസ്റ്റുചെയ്തു. മുളക്കുളം മൃഗാശുപത്രിയിലെ ഡോക്ടർ കുറവിലങ്ങാട് വലിയകണ്ടത്തിൽ അജോ ജോസഫിനെയാ(44)ണ് കോട്ടയത്തുനിന്നു എത്തിയ വിജിലൻസ് സംഘം അറസ്റ്റുചെയ്തത്. മുളക്കുളം സ്വദേശിയായ ക്ഷീരകർഷകൻ റീബിൽഡ് കേരള പദ്ധതിപ്രകാരം പശുവിനെ വാങ്ങാൻ 1.20 ലക്ഷം രൂപ വായ്പ ലഭിക്കുന്നതിനുള്ള ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.
രണ്ടു പശുവിനെ വാങ്ങുമ്പോൾ കർഷകന് 60,000 രൂപ സബ്സിഡി ഇനത്തിൽ ലഭിക്കും. പശുവിനെ വാങ്ങുന്നതിനും സബ്സിഡി ലഭിക്കുന്നതിനുമെല്ലാം മൃഗഡോക്ടറുടെ സാക്ഷ്യപത്രം ആവശ്യമാണ്. ഇതിനായി അപേക്ഷിച്ചെങ്കിലും തുക അനുവദിക്കണമെങ്കിൽ 10,000 രൂപ തനിക്ക് തരണമെന്ന് ഡോക്ടർ കർഷകനോട് പറഞ്ഞു.
താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും 5,000 രൂപ നൽകാമെന്നും പറഞ്ഞെങ്കിലും ഡോക്ടർ വഴങ്ങിയില്ല. ഒടുവിൽ, 6,000 രൂപ വരെ നൽകാമെന്ന് കർഷകൻ പറഞ്ഞെങ്കിലും ആവശ്യപ്പെട്ട തുകയിൽനിന്നും ഒരു പൈസപോലും കുറയ്ക്കില്ലെന്ന് ഡോക്ടർ വാശിപിടിച്ചു.
ഉടൻ പണം നൽകിയില്ലെങ്കിൽ വേറെ കർഷകന് ആനുകൂല്യം മറിച്ചുനൽകുമെന്നും ഡോക്ടർ കർഷകനെ ഭീഷണിപ്പെടുത്തി. ഇതോടെ കർഷകൻ കോട്ടയം വിജിലൻസ് എസ്.പി. വി.ജി.വിനോദ്കുമാറിന് പരാതി നൽകുകയായിരുന്നു.
വിജിലൻസ് കിഴക്കൻ മേഖലാ ഡിവൈ.എസ്.പി. എ.കെ.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം ഫിനോഫ്ത്തലിൻ പുരട്ടിയ 10,000 രൂപയുടെ നോട്ടുകെട്ട് ഡോക്ടർക്ക് കൊടുക്കാനായി കർഷകന് നൽകി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആശുപത്രിയിലെത്തിയ കർഷകൻ മഷിപുരട്ടിയ നോട്ടുകൾ ഡോക്ടർക്ക് നൽകി.
സമീപം കാത്തുനിന്ന വിജിലൻസ് സംഘം, ഡോക്ടറുടെ മുറിക്ക് സമീപമുള്ള ഇടനാഴിക്ക് പിന്നിൽ ആക്രിസാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തെ കാർഡ്ബോർഡിന് ഇടയിൽനിന്നു ഡോക്ടറുടെ സാന്നിധ്യത്തിൽ നോട്ടുകൾ കണ്ടെടുത്തു.
ഡോക്ടറെ കോടതിയിൽ ഹാജരാക്കി. റെയ്‌ഡിൽ, ഇൻസ്പെക്ടർമാരായ റിജോ പി.ജോസഫ്, രാജന് കെ.അരമന, സജു എസ്.ദാസ്, എസ്.ഐ.മാരായ വിൻസെന്റ് കെ.മാത്യു, സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ്, സുരേഷ്കുമാർ, എ.എസ്.ഐ.മാരായ സുരേഷ്ബാബു, രാജീവ് തോമസ്, ഉദ്യോഗസ്ഥരായ സീരജ്, അനൂപ്, ശോഭൻ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..