അഭിലാഷ്, പുഷ്പാംഗദൻ, സുരേഷ്, വിനീഷ്
വെഞ്ഞാറമൂട്: കോളിളക്കം സൃഷ്ടിച്ച കീഴായിക്കോണം പ്രദീപ് (32) കൊലക്കേസിലെ പ്രതികള്‍ ആറുവര്‍ഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. വണ്ടിപ്പുരമുക്ക് കൈതറക്കുഴി വീട്ടില്‍ പുഷ്പാംഗദന് (40), ബന്ധു വിനീഷ് (32), അഭിലാഷ് (37), സുരേഷ് (36) എന്നിവരാണ് അറസ്റ്റിലായത്. ഡി.സി.ആര്.ബി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പലയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍.
2015 മാര്‍ച്ചിലാണ് പ്രദീപിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഈശാനുകോണത്തെ ഒരു പുരയിടത്തില്‍ കഴുത്തില്‍ തുണികെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മര്‍ദനമേറ്റ പാടുകളും ശരീരത്തിലുണ്ടായിരുന്നു.
പ്രദീപ് കൊല്ലപ്പെടുന്നതിന് രണ്ടുവര്‍ഷം മുമ്പ് പ്രദീപിന്റെ അമ്മ സുശീലയെ കിണറ്റില്‍വീണ് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. വ്യാജവാറ്റ് സംഘം സുശീലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.വ്യാജവാറ്റ് സംഘത്തെക്കുറിച്ച് പരാതി കൊടുത്തതിലുള്ള പ്രതികാരമായാണ് സുശീലയെ കൊലപ്പെടുത്തിയതെന്നായിരുന്നു കേസ്. ഈ കേസിലെ ഒന്നാം സാക്ഷിയായിരുന്നു പ്രദീപ്.
സുശീല വധക്കേസിന്റെ വിചാരണയുടെ ഘട്ടത്തിലായിരുന്നു പ്രദീപ് കൊലചെയ്യപ്പെടുന്നത്. സുശീലയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട്, ഇപ്പോള്‍ പരോളിലിറങ്ങിയ പുഷ്പാംഗദന്, വിനീഷ് എന്നിവരാണ് പ്രദീപ് വധക്കേസിലെയും മുഖ്യ പ്രതികള്‍.
സുശീലയുടെ മരണത്തിലെ തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് പ്രദീപിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്താന്‍ പ്രതികള്‍ ബോധപൂര്‍വമായ പ്രചാരണം നടത്തിയിരുന്നു. പ്രതികളെ ഭയന്ന് കേസില്‍ മൊഴിനല്കാന്പോലും ദൃക്സാക്ഷികള്‍ തയ്യാറായിരുന്നില്ല.
സംഭവം വെഞ്ഞാറമൂട് ലോക്കല്‍ പോലീസ് ആണ് ആദ്യം അന്വേഷിച്ചത്. ആദ്യം പോലീസ് കസ്റ്റഡിയില്‍ എടുത്ത റിജു എന്നയാള്‍ ആത്മഹത്യചെയ്തു. രണ്ടാമത് കസ്റ്റഡിയില്‍ എടുത്ത മറ്റൊരാള്‍കൂടി ആത്മഹത്യചെയ്തു. ഇതോടെ പോലീസ് കസ്റ്റഡി മര്‍ദനമാരോപിച്ച് ഒരു വിഭാഗം വന്നു. തുടര്‍ന്ന് കേസ് അന്വേഷണം ലോക്കല്‍ പോലീസ് നിര്‍ത്തിവെച്ചു. അതിനുശേഷമാണ് ഡി.സി.ആര്.ബി. കേസ് അന്വേഷണം ഏറ്റെടുത്ത് തെളിയിച്ചത്.
റൂറല്‍ എസ്.പി. പി.കെ.മധു, അഡീഷണല്‍ എസ്.പി. ബിജുമോന്, ഡിവൈ.എസ്.പി. സുല്‍ഫിക്കര്‍, ഡി.സി.ആര്. ബി. ഡിവൈ.എസ്.പി. എന്‍.ബിജുകുമാര്‍, എസ്.ഐ.മാരായ ഷബീര്‍ ലബ്ബ, പ്രകാശ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കണ്ടെത്തുന്നതിന് ഒന്നരലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചതായി ഡിവൈ.എസ്.പി. എന്‍.ബിജുകുമാര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..