മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ | ഫയൽചിത്രം | ANI
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം എന്‍.ഐ.എക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയില്‍(എടിഎസ്) നിന്ന് എന്‍.ഐ.എ. ഉടന്‍ അന്വേഷണം ഏറ്റെടുക്കും.
ഫെബ്രുവരി 25-നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപത്തുനിന്ന് സ്‌ഫോടക വസ്തുക്കളടങ്ങിയ കാര്‍ കണ്ടെത്തിയത്. കാറില്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്നും മുംബൈ സ്വദേശിയായ മന്‍സുഖ് ഹിരേന്‍ എന്നയാളുടെ വാഹനമാണിതെന്നും കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ കടലിടുക്കില്‍ വാഹന ഉടമയായ മന്‍സുഖിനെ മരിച്ചനിലയില്‍ കണ്ടെത്തിയതോടെ ദുരൂഹത വര്‍ധിക്കുകയായിരുന്നു.
ഹിരേനിന്റേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇത് കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ കാണാനെന്നു പറഞ്ഞാണ് ഹിരേന്‍ വ്യാഴാഴ്ച വീട്ടില്‍ നിന്നിറങ്ങിയതെന്നും പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹമാണ് കാണുന്നതെന്നും അവര്‍ പറയുന്നു. പോലീസുദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന് ഹിരേന്‍ പരാതിപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മന്‍സുഖ് ഹിരനിന്റെ മരണത്തില്‍ പത്ത് സംഘങ്ങളായി തിരിഞ്ഞാണ് എ.ടി.എസ്. അന്വേഷണം നടത്തിയിരുന്നത്. സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തി കേസെടുത്തതായും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞിരുന്നു.
അതേസമയം, സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത വാഹനം കഴിഞ്ഞ ഒരുവര്‍ഷമായി ഉപയോഗിച്ചിട്ടില്ലെന്നാണ് ഹിരന്‍ നേരത്തെ നല്‍കിയ മൊഴി. വാഹനം വില്‍ക്കാന്‍ ഉദ്ദ്യേശിച്ചിരുന്നതിനാല്‍ ഫെബ്രുവരി 16-ന് ഓടിച്ചുനോക്കിയിരുന്നു. ഇതിനിടെ കാര്‍ ബ്രേക്ക്ഡൗണായി മുലുന്ദ്-ഐരോളി ലിങ്ക് റോഡില്‍ നിര്‍ത്തിയിട്ടു. പിറ്റേദിവസം കാര്‍ എടുക്കാനായി പോയപ്പോള്‍ വാഹനം കണ്ടില്ലെന്നും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെന്നുമായിരുന്നു ഹിരനിന്റെ മൊഴി.
Content Highlights: vehicle with explosives found in mukesh ambani home investigation hand over to nia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..