ജെസി, മോഹനൻ
കടയ്ക്കാവൂര്‍: വര്‍ക്കല അയന്തിയില്‍ എല്‍.ഐ.സി. ഏജന്റായ 54-കാരിയെ തീവണ്ടിയിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. വക്കം പുളിവിളാകം വീട്ടില്‍ ജെസി (54) യുടെ മൃതദേഹമാണ് 19-ന് രാവിലെ അയന്തി പാലത്തിനുസമീപം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ജെസിയുമായി അടുപ്പമുണ്ടായിരുന്ന കടയ്ക്കാവൂര്‍ മണനാക്ക് ഭജനമഠം കിഴക്കതില്‍ പുത്തന്‍വീട്ടില്‍ മോഹനന് (56) ഇവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ആഭരണങ്ങള്‍ കൈക്കലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ മോഹനന് ജെസിയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജെസി പണം കൊടുത്തില്ല. ഇതില്‍ മോഹനന് വിരോധമുണ്ടായിരുന്നു. ഇതിനിടെ ജെസിയുമായുള്ള അടുപ്പം മോഹനന്റെ വീട്ടിലറിഞ്ഞു. കുടുംബത്തില്‍ പ്രശ്നമായതോടെ ജെസിയെ ഏതെങ്കിലും വിധത്തില്‍ ഒഴിവാക്കാന്‍ മോഹനന് തീരുമാനിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് പോളിസി ഏര്‍പ്പാടാക്കി നല്‍കാമെന്ന് പറഞ്ഞ് 18-ന് വൈകീട്ട് മോഹനന് ജെസിയെ അയന്തിയിലേക്ക് വിളിച്ചുവരുത്തി. റെയില്‍വേ ട്രാക്കിലൂടെ ജെസി നടന്നുവരുമ്പോള്‍ മോഹനന് പിന്നിലൂടെയെത്തി ജെസിയുടെ സാരി കഴുത്തില്‍ച്ചുറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം മൃതദേഹം ട്രാക്കില്‍ എടുത്തുകിടത്തി. മൃതദേഹത്തിലൂടെ തീവണ്ടി കടന്നുപോയതിനുശേഷം മോഹനന് ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു.
ജെസി രാവിലെ വീട്ടില്‍ നിന്നുപോയിട്ട് മടങ്ങിയെത്തിയില്ലെന്ന് കാട്ടി 18-ന് രാത്രിയില്‍ ഇവരുടെ മകള്‍ കടയ്ക്കാവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടെയാണ് 19-ന് രാവിലെ അയന്തി പാലത്തിനുസമീപം മൃതദേഹം കണ്ടെത്തിയത്. ജെസിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു ആദ്യ വിലയിരുത്തല്‍.
പരാതിയെത്തുടര്‍ന്നുള്ള പോലീസിന്റെ അന്വേഷണത്തില്‍ 18-ന് രാത്രിയില്‍ സംഭവസ്ഥലത്തുനിന്നു ഓട്ടോറിക്ഷ പോയതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്തെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ച് ഓട്ടോറിക്ഷ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ കൂടി ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ജെസിയുടെ ആഭരണങ്ങള്‍ മോഹനന്റെ വീട്ടില്‍നിന്നു പോലീസ് കണ്ടെത്തി.
റൂറല്‍ എസ്.പി. പി.കെ.മധുവിന്റെ നിര്‍ദ്ദേശപ്രകാരം വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തില്‍ കടയ്ക്കാവൂര്‍ സി.ഐ. വി.അജേഷ്, എസ്.ഐ.മാരായ ദീപു, മാഹീന്, മനോഹരന്, നസീറുദ്ദീന്‍, എ.എസ്.ഐ.മാരായ ശ്രീകുമാര്‍, ജയകൃഷ്ണന്, എസ്.സി.പി.ഒ. ജ്യോതിഷ്, പോലീസുകാരായ ബാലു, സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ച് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Content Highlights: Varkala woman LIC agent murder; Friend arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..