Photo: Mathrubhumi
കൊച്ചി: ''ഇപ്പോള്‍ പറയുന്നതല്ല പത്തു മിനിറ്റു കഴിയുമ്പോള്‍ പറയുന്നത്. അര മണിക്കൂര്‍ കഴിയുമ്പോള്‍ വേറൊരു കാര്യമാകും അദ്ദേഹം പറയുന്നത്''. വൈഗ കൊലക്കേസില്‍ പോലീസിന്റെ പിടിയിലായ സനു മോഹന്റെ മൊഴികളെപ്പറ്റി കമ്മിഷണര്‍ പറഞ്ഞതാണ് ഈ വാക്കുകള്‍.
മകളെ കൊന്നത് താന്‍ ഒറ്റയ്ക്കാണെന്നു സനു മോഹന്‍ കുറ്റസമ്മതം നടത്തുമ്പോഴും മൊഴികളിലെ പൊരുത്തക്കേടുകള്‍ക്കു പിന്നാലെയാണ് പോലീസ്. താന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്ന സനുവിന്റെ വെളിപ്പെടുത്തലാണ് പോലീസിനു കൂടുതല്‍ സംശയങ്ങള്‍ നല്‍കുന്നത്. ഇക്കാര്യത്തില്‍ തെളിവുകള്‍ തേടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.
താന്‍ മരിച്ചാല്‍ മകള്‍ക്ക് ആരുമുണ്ടാകില്ലെന്നും അതുകൊണ്ടാണ് വൈഗയെ കൊന്നതെന്നുമാണ് സനു പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്നത് മകളെയാണ്. അവളെ കൊലപ്പെടുത്തിയ ശേഷം ഈ ലോകത്തോടു വിട പറയാനായിരുന്നു തീരുമാനം. എന്നാല്‍, മകളെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ ധൈര്യം വന്നില്ല. അതിനാലാണ് നാടുവിട്ടത് - സനു പോലീസിനോടു പറഞ്ഞു. ഇതില്‍ അവസാനം പറഞ്ഞ രണ്ടു കാര്യങ്ങള്‍ക്ക് വിശ്വാസ്യത പോരെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മകളെ ശരീരത്തോടു ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു കൊല്ലാനും പുഴയിലെറിയാനും മുതിര്‍ന്ന ഒരാള്‍ക്ക് അതിനു ശേഷം ആത്മഹത്യ ചെയ്യാന്‍ ഭയമായി എന്നത് വിശ്വസനീയമായി പോലീസ് കരുതുന്നില്ല.
സംഭവം നടക്കുന്നതിനു മുമ്പുള്ള ഏതാനും ദിവസങ്ങളില്‍ സനു സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു. പിടിയിലാകുമ്പോള്‍ മറ്റൊരു ഫോണ്‍ കൈവശമുണ്ടായിരുന്നു താനും. ഇതു മറ്റാര്‍ക്കും അറിയാത്ത നമ്പറിലുള്ള ഫോണായിരുന്നെന്നും പോലീസ് കണ്ടെത്തി. കൊലപാതകത്തിനു കൃത്യമായ ആസൂത്രണം നടത്തിയ ഒരാളേ ഇങ്ങനെ ഫോണ്‍ ഉപയോഗം ക്രമീകരിക്കൂ എന്നാണ് പോലീസ് വിലയിരുത്തുന്നത്. ആത്മഹത്യക്ക് പലവട്ടം ശ്രമിച്ചിരുന്നെന്ന സനുവിന്റെ മൊഴിയും മുഖവിലയ്ക്കെടുത്തിട്ടില്ല.
കൈ ഞരമ്പ് മുറിച്ചും തീവണ്ടിക്കു മുന്നില്‍ ചാടിയും ആത്മഹത്യ ചെയ്യാനാണ് ആലോചിച്ചതെന്നാണ് സനു പോലീസിനോടു പറഞ്ഞത്. എന്നാല്‍, ഇതിനു ശ്രമിച്ചെന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മാത്രമല്ല അങ്ങനെ ആത്മഹത്യക്കു ശ്രമിച്ച ഒരാള്‍ ഇത്രയും നാള് പിടികൊടുക്കാതെ മൂന്നു സംസ്ഥാനങ്ങളിലായി ഇത്ര ദൂരം സഞ്ചരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും പോലീസ് വിലയിരുത്തുന്നു. എല്ലാ യാത്രകളിലും ഫോണ്‍ സിഗ്നല്‍ പോലുള്ള ഒരു ഡിജിറ്റല്‍ തെളിവും ബാക്കി വെക്കാതെയാണ് സനു മുന്നേറിയിരുന്നത്. രക്ഷപ്പെടല്‍ തന്നെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ഉറപ്പിക്കുന്നതാണ് ഇക്കാര്യങ്ങളെല്ലാം.
സനുവിന്റെ ആത്മഹത്യാ മൊഴി പോലീസ് തള്ളിക്കളയുകയാണെങ്കില്‍, സാമ്പത്തിക പ്രശ്നങ്ങള്‍ക്കപ്പുറം മറ്റെന്തെങ്കിലും കാരണം വൈഗയുടെ കൊലപാതകത്തിനു പിന്നിലുണ്ടോയെന്ന് കൃത്യമായി കണ്ടെത്താനുണ്ടാവും. സനുവിനെയും ഭാര്യയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ഇത്തരം പ്രശ്നങ്ങളുടെ സാധ്യതകള്‍ കണ്ടെത്താനാവുമെന്നാണ് പോലീസ് കരുതുന്നത്.
കൊന്നത് മകള്‍ ഒറ്റയ്ക്കാകുമെന്ന് ഭയന്നാണെന്ന് സനുമോഹന്
കൊച്ചി: വൈഗയെ കൊന്നത് താന്‍ ആത്മഹത്യചെയ്താല്‍ മകള്‍ ഒറ്റയ്ക്കാകുമെന്ന് ഭയന്നാണെന്ന് സനു മോഹന്റെ മൊഴി.
ശ്വാസംമുട്ടിക്കുന്നതിനിടെ വൈഗയുടെ മൂക്കില്‍നിന്ന് രക്തം തറയില്‍ വീണെന്നും ഇത് തുടച്ചുകളഞ്ഞെന്നും സനു പറഞ്ഞിട്ടുണ്ട്. എന്നാല്‍, സനു പലപ്പോഴും മൊഴിമാറ്റി പറയുന്നുണ്ടെന്നും വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ വൈഗയുടേതാണോ എന്ന് പരിശോധനയില്‍ കണ്ടെത്തേണ്ടതുണ്ടെന്നും സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
വൈഗയുടെ മരണത്തിനുപിന്നാലെ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായ സനുവിനെ ചോദ്യംചെയ്യലിനുശേഷം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുചെയ്തത്.
സനുവിന്റെ കാര്‍ കോയമ്പത്തൂരില്‍ 50,000 രൂപയ്ക്ക് വിറ്റെന്നും കാര്‍ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. പിടിയിലാകുമ്പോള്‍ സനുവിന്റെ കൈയില്‍ പണമൊന്നുമില്ലായിരുന്നു.
സനുവിന് എതിരേ അഞ്ച് കുറ്റങ്ങള്‍
കൊച്ചി: സനു മോഹനെതിരേ പോലീസ് ചുമത്തിയത് ഐ.പി.സി. വകുപ്പ് പ്രകാരമുള്ള മൂന്ന് കുറ്റങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള രണ്ട് കുറ്റങ്ങളും. കൊലപാതക കുറ്റം (ഐ.പി.സി. 302), കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വിഷം അടക്കമുള്ള സാധനങ്ങള്‍ നല്കി മാരകമായി പരിക്കേല്‍പ്പിക്കുക (ഐ.പി.സി. 328), തെളിവ് നശിപ്പിക്കുക (ഐ.പി.സി. 201) എന്നീ കുറ്റങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 പ്രകാരം മദ്യം, പുകയില, ലഹരിവസ്തുക്കള്‍ എന്നിവ കുട്ടികള്‍ക്ക് നല്കല് എന്ന കുറ്റം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരം കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക, മാനസിക-ശാരീരിക സമ്മര്‍ദം ഏല്‍പ്പിക്കുക എന്ന കുറ്റം എന്നിവയാണ് ചുമത്തിയത്.
ഫ്ളാറ്റിലെ തെളിവെടുപ്പ് ഇന്ന്
കാക്കനാട്: കളമശ്ശേരി മുട്ടാര്‍ പുഴയില്‍ 11 വയസ്സുകാരി വൈഗ മരിച്ച സംഭവത്തില്‍ പിതാവ് സനുമോഹനെ ചൊവ്വാഴ്ച കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റിലും മുട്ടാര്‍ പുഴയിലും എത്തിച്ച് പോലീസ് തെളിവെടുക്കും. കാക്കനാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സനുവിനെ 10 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
ഞായറാഴ്ച അര്‍ധരാത്രി കൊച്ചിയിലെത്തിച്ച സനു മോഹനെ തിങ്കളാഴ്ച ഉച്ചയ്ക്ക് ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പോലീസ് കോവിഡ് പരിശോധന നടത്തി. ആന്റിജന്‍ ഫലം നെഗറ്റീവാണ്. ആര്.ടി.പി.സി.ആര്. ഫലം രണ്ട് ദിവസത്തിനകം ലഭിക്കും.
Content Highlights: vaiga murder case sanu mohan statement to police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..