വൈഗ, സനുമോഹൻ | File Photo
കാക്കനാട്: വൈഗ കൊലക്കേസില്‍ പിതാവ് സനു മോഹന്‍ മുഖ്യപ്രതിയായ കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. മകളെ കൊലപ്പെടുത്തി മുട്ടാര്‍പ്പുഴയില്‍ ഉപേക്ഷിച്ചെന്ന കേസില്‍ സനു മോഹനെതിരേ 240 പേജുള്ള കുറ്റപത്രമാണ് തൃക്കാക്കര പോലീസ് കാക്കനാട് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മകള്‍ ജീവിച്ചിരുന്നാല്‍ തനിക്കൊരു ബാധ്യതയാവുമെന്നു കരുതിയാണ്, വലിയ കടബാധ്യതയുണ്ടായിരുന്ന സനു മോഹന്‍ കൊലനടത്തിയതെന്ന് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. വൈഗയെ ഒഴിവാക്കിയശേഷം മറ്റെവിടെയെങ്കിലും ജീവിക്കാനായിരുന്നു ശ്രമം.
സനു മോഹന്റെ ഭാര്യ, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ഫ്‌ളാറ്റിലെ താമസക്കാര്‍ എന്നിങ്ങനെ 300-ല്‍ അധികം പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. 1200 പേജുള്ള കേസ് ഡയറിയും ശാസ്ത്രീയ തെളിവുകളും 70-ഓളം തൊണ്ടിമുതലുകളും ഇതോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മകളെ കൊലപ്പെടുത്തി താനും ആത്മഹത്യ ചെയ്‌തെന്ന് വരുത്തിത്തീര്‍ക്കാന്‍ പദ്ധതിയിട്ടു. സാഹചര്യ തെളിവുകളാണ് ഇയാള്‍ക്കെതിരേ ഉള്ളത്. ഗോവയില്‍ മദ്യത്തില്‍ വിഷംകലര്‍ത്തി കഴിക്കാന്‍ ശ്രമിച്ചെന്നും കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നുമെല്ലാമുള്ള മൊഴി ശരിയല്ലെന്ന് പോലീസ് കണ്ടെത്തി.
കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തില്‍ തൃക്കാക്കര അസി. കമ്മിഷണറായിരുന്ന ആര്‍. ശ്രീകുമാര്‍, തൃക്കാക്കര സി.ഐ കെ. ധനപാലന്‍, കളമശ്ശേരി സി.ഐ.യായിരുന്ന ബാബു സെബാസ്റ്റ്യന്‍, തൃക്കാക്കര എസ്.ഐ.മാരായ ഷെമീര്‍ ഖാന്‍, അരുണ്‍, എ.എസ്.ഐ. ഗിരീഷ്‌കുമാര്‍, പോലീസുകാരായ രഞ്ജിത് ബി. നായര്‍, ജാബിര്‍, മാഹിന്‍, ഷെജീര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ മുംബൈ ജയിലില്‍ കഴിയുന്ന സനു മോഹനനെ മറ്റു നിയമ നടപടികള്‍ക്കായി ഉടന്‍ കൊച്ചിയിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.
തന്ത്രങ്ങളെല്ലാം പയറ്റിയിട്ടും ഒടുവില്‍ പിടിവീണു
കാക്കനാട്: കഴിഞ്ഞ മാര്‍ച്ച് 22-നാണ് മുട്ടാര്‍പ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത്. തലേദിവസം രാത്രി സനു മോഹന്‍ ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടില്‍ പോകുകയാണെന്നു പറഞ്ഞാണ് ഇറങ്ങിയത്. മകളെയും ഒപ്പം കൂട്ടിയായിരുന്നു യാത്ര. രാത്രിയായിട്ടും തിരിച്ചെത്താഞ്ഞതോടെ സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിറ്റേദിവസം പെണ്‍കുട്ടിയുടെ മൃതദേഹം മുട്ടാര്‍പ്പുഴയില്‍ കണ്ടെത്തുകയായിരുന്നു.
പിതാവ് മകളെ കൊലപ്പെടുത്തി സംസ്ഥാനം വിട്ടതാണെന്ന്, വാളയാര്‍ ചെക്പോസ്റ്റിലൂടെ സനുവിന്റെ കാര്‍ കടന്നുപേയതിന്റെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലായി. ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഒടുവില്‍ മൂകാംബികയില്‍ നിന്നാണ് പിടിച്ചത്.
പ്രതി വിറ്റ കാര്‍, കൊലപ്പെടുത്തിയ ശേഷം മകളുടെ കൈയില്‍ നിന്ന് അഴിച്ചെടുത്ത ആഭരണങ്ങള്‍ എന്നിവ തമിഴ്‌നാട്ടില്‍ നിന്നും വസ്ത്രങ്ങള്‍ കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി സനു വിറ്റ മൊബൈല്‍ഫോണും ഉപേക്ഷിച്ച മറ്റൊരു ഫോണും കണ്ടെത്തിയത് നിര്‍ണായക തെളിവുകളായി.
2017-ല്‍ മഹാരാഷ്ട പോലീസ് രജിസ്റ്റര്‍ ചെയ്ത ഏഴുകോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതി കൂടിയാണ് സനു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുളള കുറ്റങ്ങള്‍ എന്നിവയാണ് സനു മോഹനെതിരെ ചുമത്തിയിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..