പീയുഷിന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത പണം. ഇൻസെറ്റിൽ പീയുഷ് ജെയിൻ. Photo: ANI & Twitter.com|gppreet
കാണ്‍പുര്‍: തികച്ചും ഒരു സാധാരണക്കാരന്‍, സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന, രണ്ട് പഴയ കാറുകള്‍ മാത്രമുള്ള ഒരു വ്യാപാരി. നികുതിവെട്ടിപ്പ് കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ വ്യവസായി പീയുഷ് ജെയിനിനെക്കുറിച്ച് അയല്‍ക്കാര്‍ പറഞ്ഞ വാക്കുകളാണിത്. അവര്‍ക്ക് മാത്രമല്ല, പീയുഷിനെ കണ്ടവര്‍ക്കും പരിചയമുള്ളവര്‍ക്കുമെല്ലാം ഇതുതന്നെയാണ് പറയാനുള്ളത്. അങ്ങനെയൊരാളുടെ വീട്ടില്‍നിന്ന് 257 കോടി രൂപയും കിലോക്കണക്കിന് സ്വര്‍ണവും പിടിച്ചെടുത്തെന്ന വാര്‍ത്ത കേട്ടതിന്റെ അമ്പരപ്പിലാണ് ഇവരെല്ലാം. പീയുഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ തിരക്കിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോള്‍ അവരുടെ വാക്കുകളില്ലൊം ആ അമ്പരപ്പും അത്ഭുതവും പ്രകടമായിരുന്നു.
പീയുഷ് ജെയിനിന്റെ മുത്തച്ഛന്‍ ഫൂല്‍ചന്ദ് ജെയിന് പ്രിന്റിങ് ക്ലോത്തിന്റെ ബിസിനസായിരുന്നു. മഹേഷ് ചന്ദ്ര ജെയിന്‍ ആണ് പീയുഷിന്റെ പിതാവ്. ഒരു സഹോദരനുണ്ട്, പേര് അംബരീഷ്. കാന്‍പുര്‍ സര്‍വകലാശാലയില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയവരാണ് പീയുഷും അംബരീഷും.
മുംബൈയിലെ ഒരു കമ്പനിയില്‍ സെയില്‍സ് മാനായാണ് പീയുഷിന്റെ തുടക്കമെന്നാണ് അയല്‍ക്കാരിലൊരാള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായ ബിസിനസിലേക്ക് കടന്നു. ഡിറ്റര്‍ജെന്റ് വ്യവസായത്തിന് വേണ്ട മിശ്രിതങ്ങള്‍ നിര്‍മിച്ചുനല്‍കലായിരുന്നു ആദ്യത്തെ ബിസിനസ്. പിന്നീട് കുടുംബ ബിസിനസ് പീയുഷ് ഏറ്റെടുക്കുകയും അത് പലമേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്തു. ഡിറ്റര്‍ജെന്റ് മിശ്രിതങ്ങളുടെ നിര്‍മാണത്തിന് പുറമേ ഗുഡ്ക ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്കും കടന്നു. ഗുഡ്ക ഉത്പന്നങ്ങള്‍ക്ക് വേണ്ട ഭക്ഷ്യയോഗ്യമായ മിശ്രിതങ്ങളായിരുന്നു പീയുഷ് നിര്‍മിച്ചിരുന്നത്. പിന്നാലെ സുഗന്ധ്രദ്രവ്യ മേഖലയിലേക്കും ബിസിനസ് വ്യാപിപ്പിച്ചു.
ബിസിനസ് വളര്‍ന്നതോടെ കനൗജില്‍നിന്ന് കാണ്‍പുറിലേക്ക് താമസം മാറി. രണ്ട് ആണ്‍മക്കളും ഒരു മകളുമാണ് പീയുഷിനുള്ളത്. പൈലറ്റായ മകള്‍ നിലാന്‍ഷ വിവാഹിതയാണ്. പ്രത്യുഷ്, പ്രിയാന്‍ഷ് എന്നിവരാണ് ആണ്‍മക്കള്‍. ജി.എസ്.ടി. വിഭാഗം റെയ്ഡിനെത്തിയപ്പോള്‍ ഇവരായിരുന്നു വീട്ടിലുണ്ടായിരുന്നത്.
കോടികള്‍ സമ്പാദിച്ചിട്ടും സാധാരണക്കാരനെപ്പോലെയാണ് പീയുഷ് ജീവിച്ചിരുന്നതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. സ്‌കൂട്ടറിലും പഴയ രണ്ട് കാറുകളിലുമായിരുന്നു യാത്ര. നടന്നുപോകുന്നതും പതിവായിരുന്നു. വളരെ സാധാരണ വസ്ത്രങ്ങളണിഞ്ഞാണ് ചടങ്ങുകളിലെല്ലാം പങ്കെടുത്തിരുന്നതെന്നും അയല്‍ക്കാര്‍ വെളിപ്പെടുത്തി.
Content Highlights: uttar pradesh perfume trader piyush jain life and history


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..