
ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിക്കാൻ പോലീസെത്തിയപ്പോൾ. ഫോട്ടോ: എഎൻഐ
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 23 കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതി ഇതിനായി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി പോലീസ്. കുട്ടികളെ ബന്ദികളാക്കി വിലപേശുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും ഇതിനായി നേരത്തെ നടന്ന സമാനസംഭവങ്ങളെക്കുറിച്ച് വിശദമായി പഠിച്ചിരുന്നതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫാറൂഖാബാദിലെ കഠാരിയ ഗ്രാമത്തില്‍ കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാം 23 കുട്ടികളെ വീട്ടിനുള്ളില്‍ ബന്ദികളാക്കിയത്. മകളുടെ ജന്മദിനാഘോഷമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ കുട്ടികളെ ഇയാള്‍ വീട്ടിനുള്ളില്‍ ബന്ദികളാക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം പോലീസും കമാന്‍ഡോകളും ചേര്‍ന്ന് നടത്തിയ ദൗത്യത്തില്‍ സുഭാഷിനെ വെടിവെച്ചു കൊന്നു.
സുഭാഷ് ബദ്ദാമിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൃത്യം ആസൂത്രണം ചെയ്തതിന്റെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചത്. 2004-ല്‍ റഷ്യയില്‍ നടന്ന സമാനസംഭവത്തെക്കുറിച്ച് വിശദമായി പഠിച്ചിരുന്നു. ഇതോടൊപ്പം ബോംബ് നിര്‍മിക്കുന്നത് പഠിക്കാനുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തു. കുട്ടികളെ തടവിലാക്കിയുള്ള വിലപേശലിന് വേണ്ടി മാസങ്ങളോളം നീണ്ട ആസൂത്രണമാണ് സുഭാഷ് നടത്തിയത്.
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ സുഭാഷ് നാലുമാസം മുമ്പ് ഒരു കവര്‍ച്ചാക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അതിനാല്‍ ജയിലിലെ സഹതടവുകാര്‍ക്കൊപ്പം ചേര്‍ന്നാണ് കുട്ടികളെ ബന്ദികളാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചതെന്നാണ് പോലീസിന്റെ സംശയം. ഇതിനായി ചില തടവുപുള്ളികള്‍ സുഭാഷിനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. സഹതടവുകാരുടെ സഹായത്തോടെയാണ് ബോംബുകളും ആയുധങ്ങളും സംഘടിപ്പിച്ചതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സുഭാഷിന്റെ വീട്ടില്നവിന്ന് 135 നാടന്‍ ബോംബുകളും തോക്കും തിരകളും കണ്ടെടുത്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെയും പിടികൂടുമെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: uttar pradesh children hostage; accused planned hostage after detail studies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..