-
കൊല്ലം: ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ 15 സുഹൃത്തുക്കളെ ചോദ്യംചെയ്യുമെന്ന് അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ. അശോക് അറിയിച്ചു. കൊലപാതകത്തിനുശേഷം പാമ്പിനെ വാങ്ങിയ വിവരം സൂരജ് സുഹൃത്തുക്കളെ അറിയിച്ചിരുന്നതായി ചോദ്യംചെയ്യലില്‍ വെളിപ്പെട്ടിരുന്നു. ഉത്രയുടെ വീട്ടില്‍നിന്ന് കുഞ്ഞിനെ അടൂരിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനും സൂരജ് ശ്രമിച്ചു.
ഇതിന് സുഹൃത്തുക്കളുടെ പിന്തുണയുമുണ്ടായിരുന്നു. സൂരജിന് ഒളിവില്‍ക്കഴിയാനുള്ള സഹായവും സുഹൃത്തുക്കള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നത്.
ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താന്‍ സൂരജുമായി തെളിവെടുക്കേണ്ടതുണ്ട്. ഒരുലക്ഷം രൂപയ്ക്ക് ആഭരണങ്ങള്‍ പണയംവെച്ചിരുന്നതായി ഉത്ര ബന്ധുക്കളെ അറിയിച്ചിരുന്നു. സൂരജിന്റെ കുടുംബാംഗങ്ങള്‍ ഉത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന പരാതിയും പോലീസ് പരിശോധിക്കുന്നുണ്ട്. ഉത്രയുടെ വീട്ടുകാര്‍ നല്‍കാമെന്ന് അറിയിച്ചിരുന്ന മൂന്നരയേക്കര് സ്ഥലം എഴുതിനല്കാത്തതിനെച്ചൊല്ലി, സൂരജിന്റെ അമ്മയും സഹോദരിയും ഉത്രയുമായി വഴക്കിടുമായിരുന്നു. ഇതുസംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാന്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും അച്ഛനെയും അടുത്ത ദിവസംതന്നെ വിളിച്ചുവരുത്തും.
പോലീസ് കസ്റ്റഡികാലാവധി കഴിഞ്ഞാലുടന്‍ സൂരജിനെയും സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പും കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആര്. ജയന് പറഞ്ഞു. മൂന്നുകേസുകളാണ് ഇരുവരുടെയും പേരില്‍ എടുത്തിട്ടുള്ളത്. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ എത്തിച്ചത് കല്ലുവാതുക്കലില്നിന്നാണെന്ന് വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
സൂരജിനെ പാമ്പുപിടിത്തം പഠിപ്പിച്ചതാര്?
സൂരജിന് പാമ്പുപിടിത്തത്തില്‍ പരിശീലനം ലഭിച്ചത് ആരില്‍നിന്നാണെന്ന് പോലീസ് അന്വേഷിക്കുന്നു. യുട്യൂബില്‍ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പോലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല.
വീട്ടില്‍ പാമ്പിനെ കണ്ടപ്പോള്‍ പിടികൂടിയതും ഉത്രയെ കടിപ്പിച്ച അണലിയെ എടുത്തു പുറത്തേക്കു കളഞ്ഞതും സൂരജായിരുന്നു. മൂര്‍ഖനെ ഉത്രയുടെ ദേഹത്തേക്കു കുടഞ്ഞിട്ടു കടിപ്പിച്ചെന്നാണ് മൊഴിയെങ്കിലും പാമ്പിനെ പിടിച്ചു കടിപ്പിക്കാനുള്ള സാധ്യതയും തള്ളുന്നില്ല. പാമ്പിനെ കൈകാര്യംചെയ്യാന്‍ നല്ല വൈദഗ്ധ്യമുള്ള ആള്‍ക്കേ ഇതിനു സാധ്യമാകു. അതിനാല്‍ ആരെങ്കിലും സൂരജിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്നുതന്നെയാണ് പോലീസ് കരുതുന്നത്. പാമ്പുപിടിത്തത്തില്‍ വിദഗ്ധനായ സുരേഷ് സൂരജിനെ പരിശീലിപ്പിച്ചിരുന്നോ എന്ന അന്വേഷണവും നടത്തുന്നു.
Content Highlights: uthra snake bite murder case; police will interrogate sooraj's friends
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..