സൂരജ് പാമ്പിനെ കൈകാര്യം ചെയ്ത് പരിശീലിച്ചപ്പോൾ| സൂരജും ഉത്രയും (ഫയൽച്ചിത്രം)
കൊല്ലം: അടൂരിലെ വീട്ടില്‍ സൂക്ഷിച്ച മൂര്‍ഖനുമായി മേയ് ആറിന് വൈകീട്ട് 6.30-ഓടെയാണ് സൂരജ് അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തിയത്. കാറിലെ കറുത്ത തോള്‍സഞ്ചിയില്‍ പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു പാമ്പ്. ഉത്രയുടെ സഹോദരന് വിഷു മുകള്‍ നിലയിലെ മുറിയിലേക്കു പോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ബാഗ് കാറില്‍നിന്നെടുത്ത് കിടപ്പുമുറിയില്‍ കൊണ്ടുവന്നത്.
രണ്ടാമത്തെ വധശ്രമത്തിനായി ഏപ്രില്‍ 24-നാണ് സൂരജ് ചാവര്‍കാവ് സുരേഷില്‍നിന്ന് മൂര്‍ഖനെ വാങ്ങിയത്. അണലി കടിച്ചതിന് ചികിത്സയിലായിരുന്ന ഉത്രയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉത്രയ്ക്ക് വസ്ത്രങ്ങള്‍ നന്നായി ധരിക്കാന്‍ കഴിയാത്തതിനാല്‍ ജനാല ഒരിക്കലും തുറന്നിടുമായിരുന്നില്ല. രാത്രി ഉത്രയുടെ അമ്മ തയ്യാറാക്കി നല്കിയ ജ്യൂസ് സൂരജ് കുടിച്ചില്ല. മയങ്ങാനുള്ള ഗുളിക ചേര്‍ത്ത് ഉത്രയെക്കൊണ്ട് കുടിപ്പിച്ചു. അര്‍ധരാത്രിയോടെയാണ് ഇരുവരും ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ രണ്ടരയോടെ പാമ്പിനെ പുറത്തെടുത്തു.
പാമ്പിന്റെ തലയില്‍ ബലം പ്രയോഗിച്ച് വായ തുറപ്പിച്ച് ഉത്രയുടെ ഇടതുകൈത്തണ്ടയില്‍ കടിപ്പിച്ചു. രണ്ടുതവണ കടിപ്പിച്ച ശേഷം പാമ്പിനെ വലിച്ചെറിഞ്ഞു. പ്ലാസ്റ്റിക് കുപ്പി വീടിന്റെ പുറകുവശത്ത് ഇട്ടശേഷം മടങ്ങിവന്നു. വസ്ത്രങ്ങള്‍ വെച്ച അലമാരയുടെ ഭാഗത്തേക്കുപോയ പാമ്പ് തിരികെവരുന്നുണ്ടോയെന്നറിയാന്‍ കാത്തിരുന്നു. അടച്ചിട്ടിരുന്ന ജനാല തുറന്നിടുകയും ജ്യൂസ് കൊണ്ടുവന്ന ഗ്ലാസ് കഴുകിവെക്കുകയും ചെയ്തു.
രാവിലെ ആറുമണിയോടെ പുറത്തിറങ്ങി അടുക്കളയിലേക്കു ചെന്നു. പതിവില്ലാതെ സൂരജ് നേരത്തെ ഉണര്‍ന്നതിനെപ്പറ്റി തിരക്കിയപ്പോള്‍ രാത്രി ഉറങ്ങിയില്ലെന്നു പറഞ്ഞു. ഏഴുമണിയോടെ ഉത്രയുടെ അമ്മ മണിമേഖല മുറിയില്‍ വന്നുനോക്കുമ്പോഴാണ് ഉത്രയുടെ വായ തുറന്നിരിക്കുന്നതും കൈ കട്ടിലില്‍നിന്ന് താഴേക്കു വീണുകിടക്കുന്നതും കണ്ടത്.
അമ്മയുടെ നിലവിളികേട്ട് ചെന്നപ്പോള്‍ ഉത്ര അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളും സൂരജും കൂടി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡോക്ടറുടെ മുറിയിലേക്കു ചെന്ന സൂരജ് 'കൈയില്‍ പാടുണ്ട്, നോക്കണേ' എന്നുപറഞ്ഞു. ഇറങ്ങിവന്നിട്ട് പാമ്പുകടിച്ചതാണെന്ന് ഡോക്ടര്‍ പറഞ്ഞെന്ന് ഉത്രയുടെ മാതാപിതാക്കളോടു പറഞ്ഞു. ഉത്രയുടെ സഹോദരന് വിഷുവിനെയും കൂട്ടി വീട്ടിലേക്കു പോയി. കിടപ്പുമുറിയില്‍ കയറി വിഷുവിനോട് അലമാരയുടെ താഴെ പാമ്പുണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. വിഷുവാണ് പാമ്പിനെ തല്ലിക്കൊന്നത്.
പാമ്പുകടി സ്വാഭാവികമല്ലെന്ന് തെളിവുകള്‍
ഉത്രയ്ക്ക് പാമ്പുകടിയേറ്റ രണ്ട് അവസരങ്ങളിലും മുറിയില്‍ പാമ്പ് സ്വാഭാവികമായി എത്താനോ ആക്രമണസ്വഭാവത്തോടെ കടിക്കാനോ സാധ്യതയില്ലെന്നായിരുന്നു വിദഗ്ധരുടെ മൊഴി. ജനാല ഒരിക്കലും തുറന്നിടാറില്ല. മുറിയില്‍ ഡെറ്റോള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പാമ്പ് എത്താന്‍ സാധ്യതയില്ല. കൈയിലെ കടിയേറ്റപാട് സ്വാഭാവികമായ പാമ്പുകടിയില്‍നിന്ന് വ്യത്യസ്തം.
അടൂരിലെ സൂരജിന്റെ വീടിന്റെ പരിസരം അണലിയുടെ ആവാസ വ്യവസ്ഥയ്ക്കനുയോജ്യമല്ല. ഉയരങ്ങളില്‍ കയറാനിടയില്ലാത്ത അണലി ഉത്രകിടന്ന മുകള്‍നിലയില്‍ എത്തി കടിച്ചുവെന്നത് അവിശ്വസനീയം. മുട്ടിനുതാഴെ കടിയേറ്റതും ഉത്ര വേദന അറിഞ്ഞില്ല എന്നതും സംശയാസ്പദം. അണലിയുടെ കടി അതിവേദനാജനകമാണ്. തലയില്‍ മര്‍ദം കൊടുക്കുമ്പോള്‍ മൂര്‍ഖന്റെ പല്ലുകള്‍ അകലുന്നതിന്റെ ദൃശ്യം കോടതിയില്‍ കാണിച്ചു.
ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ പിന്നീട്
ഉത്ര വധക്കേസില്‍ പ്രതി സൂരജിനും കുടുംബാംഗങ്ങള്‍ക്കും എതിരായ ഗാര്‍ഹിക പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് നല്കിയ കുറ്റപത്രത്തിന്റെ വിചാരണ പ്രത്യേകം നടക്കും. പുനലൂര്‍ കോടതിയിലാണ് കേസ്. സൂരജ്, പിതാവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതികളാക്കിയാണ് ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
മൂന്നര ഏക്കര്‍ വസ്തുവും നൂറുപവന്‍ സ്വര്‍ണവും കാറും പത്തുലക്ഷം രൂപയും സൂരജിന് സ്ത്രീധനമായി നല്കി. എന്നിട്ടും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ 8000 രൂപവീതം മാസം ചെലവിന് നല്കി. സൂരജ് ഇടയ്ക്കിടെ ഉത്രയെ മര്‍ദിക്കുമായിരുന്നുവെന്നതും രണ്ടാം കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..