-
ടെക്സാസ്: യുഎസ് സൈനിക ഉദ്യോഗസ്ഥനും കുടുംബവും മരിച്ചത് കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം ശ്വസിച്ചെന്ന് സ്ഥിരീകരണം. നാല് കുട്ടികളുമായി കാറിലിരുന്ന് കാർബൺ മോണോക്സൈഡ് ശ്വസിച്ച് സൈനിക ഉദ്യോഗസ്ഥനും ഭാര്യയും ജീവനൊടുക്കിയെന്നാണ് കണ്ടെത്തൽ. ഇദ്ദേഹത്തിന്റെ ഭാര്യയും അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിലൊരു കൃത്യം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
ജൂൺ നാലാം തീയതിയാണ് യുഎസ് സൈനിക ഉദ്യോഗസ്ഥനായ ജറേഡ് എസ്ക്യുബെൽ ഹാലെസ്, ഭാര്യ ഷെറിൽ ആൻ, മക്കളായ എസ്റ്റേബാൻ ലൊറെൻസോ(4), അർക്കാഡിയ (3) അവിലെ മഗ്ദലേന(1) അപ്പോളോ(11 മാസം) എന്നിവരെ വീടിനോട് ചേർന്ന ഗ്യാരേജിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ട് വളർത്തുപൂച്ചകളെയും കാറിൽ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
സാൻ അന്റോണിയോയിലെ ബേസ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാതിരുന്ന സൈന്യത്തിലെ സൈബർ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥനായ ജറേഡിനെ തേടി പോലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾ അല്ലെങ്കിൽ മനുഷ്യർ വീടിനകത്തുണ്ടെന്നും അകത്ത് പ്രവേശിക്കരുതെന്നും സൈനികർ ഉപയോഗിക്കുന്ന പ്രത്യേക കോഡിൽ വീടിന് മുന്നിൽ എഴുതിവെച്ചിരുന്നു. മൃഗങ്ങൾ ഫ്രീസറിലാണെന്നും കുറിപ്പിലുണ്ടായിരുന്നു. തുടർന്ന് പോലീസ് സംഘം വീട് പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല. ഇതിനിടെ, ചില സ്ഫോടക വസ്തുക്കൾ വീട്ടിനുള്ളിൽനിന്ന് കണ്ടെത്തി. തുടർന്ന് രണ്ടുനില വീടിനോട് ചേർന്നുള്ള ഗ്യാരേജ് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. കാറിന്റെ പിൻസിറ്റീലായിരുന്നു ആറ് പേരുടെയും മൃതദേഹങ്ങൾ. രണ്ട് പൂച്ചകൾ മുൻസീറ്റിലും ചത്തുകിടക്കുന്നുണ്ടായിരുന്നു.
ഗ്യാരേജിൽ നിർത്തിയിട്ട വാഹനത്തിന്റെ എൻജിൻ ഓൺ ചെയ്ത് പുക ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുശരിവെയ്ക്കുന്ന രീതിയിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്തുവന്നത്. സംഭവസമയം ഗ്യാരേജിലും പരിസരത്തും രൂക്ഷമായ പുകയുടെ ഗന്ധം അനുഭവപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. അതേസമയം, പോലീസ് മൃതദേഹങ്ങൾ കണ്ടെടുക്കുന്ന സമയത്തും വാഹനത്തിന്റെ എൻജിൻ പ്രവർത്തിച്ചിരുന്നോ എന്നത് വ്യക്തമല്ല.
ജറേഡും കുടുംബവും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടതായി സഹപ്രവർത്തകർക്കോ അന്വേഷണ ഉദ്യോഗസ്ഥർക്കോ അറിയില്ല. കുട്ടികൾക്കും എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ മറ്റോ ഉണ്ടായിരുന്നോ എന്നതും വ്യക്തമല്ല. നിലവിൽ ഇത്തരമൊരു കൃത്യത്തിലേക്ക് നയിക്കാനിടയായ കാരണം കണ്ടെത്താനാണ് പോലീസും സൈന്യവും അന്വേഷണം നടത്തുന്നത്. മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവമായതിനാൽ ഔദ്യോഗിക ബഹുമതികളോ ആദരവോ നൽകാതെയായിരുന്നു ജറേഡിന്റെ ശവസംസ്കാരം.
Content Highlights:us army soldier and family died by consuming carbon monoxide


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..