പ്രതീകാത്മക ചിത്രം | Getty Images
ലഖ്നൗ: എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വ്യാജ ഡോക്ടർ പ്രസവശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്വദേശി രാജാറാമിന്റെ ഭാര്യയും നവജാതശിശുവുമാണ് മരിച്ചത്. സംഭവത്തിൽ സുൽത്താൻപുർ സൈനിയിലെ മാ ശാരദ ആശുപത്രിയിലെ വ്യാജഡോക്ടർ രാജേന്ദ്ര ശുക്ല, ആശുപത്രി ഉടമ രാജേഷ് സഹ്നി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസമാണ് സുൽത്താൻപുർ സ്വദേശി രാജറാം തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മരണത്തിൽ പോലീസിൽ പരാതി നൽകിയത്. ആശുപത്രി അധികൃതരുടെ അലംഭാവമാണ് ഇരുവരും മരിക്കാൻ കാരണമായതെന്നായിരുന്നു ആരോപണം. തുടർന്ന് സുൽത്താൻപുർ പോലീസ് ആശുപത്രിയിൽ പരിശോധന നടത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത്.
ശസ്ത്രക്രിയ നടത്തിയ രാജേന്ദ്ര ശുക്ല വ്യാജ ഡോക്ടറാണെന്നും ഇയാൾ എട്ടാംക്ലാസിൽ പഠനം നിർത്തിയ ആളാണെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഷേവിങ് ബ്ലേഡുകൾ ഉപയോഗിച്ചായിരുന്നു ആശുപത്രിയിൽ പ്രസവശസ്ത്രക്രിയകളടക്കം നടത്തിയിരുന്നത്. സ്വകാര്യ ആശുപത്രിക്ക് രജിസ്ട്രേഷനില്ലെന്നും ഏതാനും വ്യാജഡോക്ടർമാരെയും നഴ്സുമാരെയും നിയമിച്ചാണ് രാജേഷ് സഹ്നി ആശുപത്രി പ്രവർത്തിപ്പിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർന്നാണ് ആശുപത്രി ഉടമയെയും വ്യാജഡോക്ടറെയും പോലീസ് പിടികൂടിയത്. ആശുപത്രി പ്രവർത്തിച്ചിരുന്നത് അനധികൃതമായാണെന്ന് കണ്ടെത്തിയതോടെ ഇത്തരത്തിലുള്ള ആശുപത്രികൾക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ചീഫ് മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് രാജാറാമിന്റെ ഭാര്യയും നവജാതശിശുവും പ്രസവശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആദ്യം പ്രദേശത്തെ വയറ്റാട്ടിയുടെ അടുത്താണ് എത്തിച്ചത്. തുടർന്ന് ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദേശം. തുടർന്നാണ് മാ ശാരദ ആശുപത്രിയിൽ എത്തിയത്. ഇവിടെവെച്ച് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മിനിറ്റുകൾക്കുള്ളിൽ മരിച്ചു. പിന്നാലെ ആരോഗ്യനില ഗുരുതരമായ യുവതിയെ കാൻപുരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights:up woman and newborn died after c section held by fake doctor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..