-
ലഖ്നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽനിന്ന് തട്ടിക്കൊണ്ടുപോയ എട്ട് വയസ്സുകാരനെ മോചിപ്പിച്ചു. ഉത്തർപ്രദേശ് പോലീസും പ്രത്യേക ദൗത്യസംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അക്രമികളെ കീഴ്പ്പെടുത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഗോണ്ടയിലെ പ്രമുഖ ഗുട്ട്ക വ്യവസായിയുടെ കൊച്ചുമകനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ആരോഗ്യപ്രവർത്തകരെന്ന വ്യാജേനയെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകൽ. കാറിൽ പ്രദേശത്തെത്തിയ സംഘം ആദ്യം സാനിറ്റൈസറും മാസ്ക്കുകളും വിതരണം ചെയ്തിരുന്നു. ഇതിനിടെ വഴിയിൽനിന്നിരുന്ന കുട്ടിയെ കൂടുതൽ സാനിറ്റൈസറും മാസ്കും നൽകാമെന്ന് പറഞ്ഞ് കാറിനടുത്തേക്ക് വിളിച്ചു. കുട്ടി അടുത്തെത്തിയപ്പോൾ കാറിലേക്ക് തള്ളിയിട്ട് വേഗത്തിൽ വാഹനം ഓടിച്ചുപോവുകയായിരുന്നു.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കുട്ടിയുടെ ബന്ധുക്കൾക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺവിളിയെത്തി. നാല് കോടി രൂപ നൽകിയാൽ കുട്ടിയെ വിട്ടുനൽകാമെന്നാണ് ഫോണിൽവിളിച്ച സ്ത്രീ പറഞ്ഞത്. ഇതിനിടെ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് പോലീസും അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാവിലെയാണ് തട്ടിക്കൊണ്ടുപോയ കുട്ടി ഗോണ്ടയിൽ തന്നെയുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്. സംഘത്തിന്റെ താവളം മനസിലാക്കിയ പോലീസും പ്രത്യേക ദൗത്യസംഘവും ഇവിടേക്ക് കുതിച്ചു. ഒടുവിൽ ഏറ്റുമുട്ടലിനൊടുവിൽ കുട്ടിയെ മോചിപ്പിക്കുകയും പ്രതികളായ അഞ്ച് പേരെ പിടികൂടുകയും ചെയ്തു.
സൂരജ് പാണ്ഡെ, ഛാവി പാണ്ഡെ, രാജ് പാണ്ഡെ, ഉമേഷ് യാദവ്, ദീപു കശ്യപ് എന്നിവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. മൂന്ന് തോക്കുകളും കാറും ഇവരിൽനിന്ന് പിടിച്ചെടുത്തു. കുട്ടിയെ മോചിപ്പിച്ച പോലീസ് സംഘത്തിന് രണ്ട് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
Content Highlights:up businessman grandson kidnapped and rescued by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..