ലഖ്നൗ റേഞ്ച് ഐ.ജി. ലക്ഷ്മി സിങ് മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: എ.എൻ.ഐ.
ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും പ്രതിയുടെ പ്രണയനൈരാശ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും പോലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിനയ് എന്ന ലംബു, ഇയാളുടെ കൂട്ടാളിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ബന്ധുക്കളായ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിലും ഒരു പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിലും ഉന്നാവിലെ വയലിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്നാണ് കുട്ടികൾ മരിച്ചതെന്നും ഒരാൾ ആശുപത്രിയിലായതെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടികൾക്ക് വിഷം നൽകിയ വിനയ് എന്ന ലംബു(18)വിനെയും കൂട്ടാളിയെയും പോലീസ് പിടികൂടിയത്.
മൂന്ന് പെൺകുട്ടികൾക്കും കീടനാശിനി കലർത്തിയ വെള്ളം നൽകിയെന്നാണ് പ്രതികളുടെ മൊഴി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയോട് വിനയ്ക്ക് പ്രണയമുണ്ടായിരുന്നു. ഇയാളുടെ പ്രണയാഭ്യർഥന പെൺകുട്ടി നിരസിച്ചു. ഇതോടെ പെൺകുട്ടിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കീടനാശിനി കലർത്തിയ വെള്ളം നൽകിയത്. പക്ഷേ, ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പെൺകുട്ടികളാണ് വെള്ളം ആദ്യം കുടിച്ചതെന്നും ഇതിനുശേഷമാണ് മൂന്നാമത്തെ പെൺകുട്ടി വെള്ളം കുടിച്ചതെന്നും ലഖ്നൗ റേഞ്ച് ഐ.ജി. ലക്ഷ്മി സിങ് മാധ്യമങ്ങളോട് പറഞ്ഞു. വായിൽനിന്ന് നുരയും പതയും വന്ന് മൂവരും അബോധാവസ്ഥയിലായതോടെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
പെൺകുട്ടികളുടെ തൊട്ടടുത്ത ഗ്രാമത്തിലാണ് ഇയാളുടെ വീട്. കുട്ടികളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വയലിന്റെ തൊട്ടടുത്താണ് ഇയാളുടെ ഫാം. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് വിനയ് പെൺകുട്ടികളുമായി കൂടുതൽ പരിചയത്തിലാകുന്നത്. ഇതിനുശേഷം മൂവരും വിനയ്യുമായി സംസാരിക്കുന്നതും ഒരുമിച്ച് സമയം ചിലവഴിക്കുന്നതും പതിവായിരുന്നു. പല ദിവസങ്ങളിലും നാലുപേരും ചേർന്ന് ഭക്ഷണം പങ്കിടുകയും ചെയ്തു. ഇതിനിടെയാണ്, മൂന്ന് പെൺകുട്ടികളിൽ ഒരാളോട് യുവാവിന് പ്രണയം തോന്നിയത്. എന്നാൽ, പെൺകുട്ടി ഇയാളുടെ പ്രണയാഭ്യർഥന നിരസിച്ചു. ഇതോടെ പെൺകുട്ടിയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു.
കൂട്ടാളിയായ ആൺകുട്ടിക്കൊപ്പം ചേർന്നാണ് വെള്ളത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്താനുള്ള പദ്ധതി വിനയ് ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ മാത്രം കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ, സംഭവദിവസം മൂവരും വെള്ളം കുടിച്ചതോടെ മറ്റു രണ്ടു പേരും ക്രൂരതയ്ക്കിരയാവുകയായിരുന്നു.
പതിവുപോലെ വയലിലെത്തിയ പെൺകുട്ടികൾക്ക് നൽകാനായി വെള്ളവും പലഹാരങ്ങളുമായാണ് വിനയ് എത്തിയത്. പെൺകുട്ടികളും പലഹാരങ്ങൾ കൊണ്ടുവന്നിരുന്നു. തുടർന്ന് കൊലപ്പെടുത്താൻ ലക്ഷ്യമിട്ട പെൺകുട്ടിക്ക് കീടനാശിനി കലർത്തിയ കുടിവെള്ളം നൽകി. എന്നാൽ, പ്രതിയുടെ കണക്കുക്കൂട്ടലുകൾ തെറ്റിച്ച് ഒപ്പമുണ്ടായിരുന്ന രണ്ടുപേരാണ് ആദ്യം വെള്ളം കുടിച്ചത്. ഇവർ വെള്ളം കുടിക്കുന്നത് വിനയ് തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നാലെ മൂന്നാമത്തെ കുട്ടിയും വെള്ളം കുടിച്ചു. വായിൽനിന്ന് നുരയും പതയും വന്ന് കുട്ടികൾ തളർന്നുവീണതോടെ വിനയ്യും കൂട്ടാളിയും വയലിൽനിന്ന് ഓടിരക്ഷപ്പെട്ടു.
പെൺകുട്ടികളെ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു സിഗരറ്റ് കുറ്റിയും ഒഴിഞ്ഞ വെള്ളത്തിന്റെ കുപ്പിയും പോലീസ് കണ്ടെടുത്തിരുന്നു. ഇരുവരും വയലിൽനിന്ന് ഓടിപ്പോകുന്നത് കണ്ടതായി പരിസരവാസികളും മൊഴി നൽകി. സംഭവസമയത്ത് വിനയ് വയലിൽ ഉണ്ടായിരുന്നതായി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വ്യക്തമായി. പിന്നാലെ, വിനയ്യെ പിടികൂടി ചോദ്യംചെയ്തതോടെ സംഭവത്തിൽ ചുരുളഴിയുകയായിരുന്നു. വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ മൂന്നാമത്തെ പെൺകുട്ടി ഇപ്പോഴും കാൻപുരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അതിനിടെ, പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ ബന്ധുക്കൾ രംഗത്തെത്തി. നേരത്തെ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തരാണെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും ബന്ധുക്കൾ പറഞ്ഞു.
Content Highlights:unnao girls death is murder accused arrested by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..