ചെന്നൈ: ഉദുമല്‍പ്പേട്ടയില്‍ ദളിത് യുവാവിനെ വെട്ടിക്കൊന്ന കേസില്‍ അഞ്ചുപേരുടെ വധശിക്ഷ വെട്ടിക്കുറച്ചും ഒന്നാം പ്രതിയെ കുറ്റവിമുക്തനാക്കിയുമുള്ള കോടതി വിധിക്കെതിരേ വിവിധ രാഷ്ട്രീയകക്ഷികളും ദളിത് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
നാടിനെ നടുക്കിയ ദുരഭിമാനക്കൊലയിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് അനുവദിച്ചതിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് തമിഴ്നാട് സര്‍ക്കാര്‍. കൊല്ലപ്പെട്ട ശങ്കറിന്റെ ഭാര്യ കൗസല്യ വിധിയില്‍ അതൃപ്തി രേഖപ്പെടുത്തി. സുപ്രീംകോടതിയെ സമീപിക്കുമെന്ന് അവര്‍ അറിയിച്ചു. ''ജീവനുള്ളിടത്തോളം കാലം നീതിക്കുവേണ്ടി പോരാടും. ഇപ്പോഴും പ്രതീക്ഷ കൈവിടുന്നില്ല'' -കൗസല്യ പ്രതികരിച്ചു.
ജാതിയധിഷ്ഠിത കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധിയാണിതെന്ന് വി.സി.കെ. നേതാവ് തിരുമാവളവന്‍ എം.പി. അഭിപ്രായപ്പെട്ടു. ''വേദനയുണ്ടാക്കുന്ന വിധിയാണിത്. സര്‍ക്കാര്‍ അഭിഭാഷകന്‍ കൃത്യമായി തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടു. ജാതി ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ ചെറുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം നടപ്പാക്കണമെന്നും തിരുമാവളവന്‍ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടേത് കാലാകാലങ്ങളായുള്ള കീഴ്വഴക്കം മാത്രമാണെന്ന് ദുരഭിമാനക്കൊലകള്‍ക്കെതിരേ പോരാടുന്ന എവിഡന്‍സ് സംഘടനയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കതിര്‍ കുറ്റപ്പെടുത്തി. കൊല നടന്ന് 15 ദിവസത്തിനുശേഷമാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. ചിന്നസാമിയെ നേരത്തേ പരിചയമില്ലെന്ന് അറസ്റ്റിലായ മറ്റു പ്രതികള്‍ വ്യക്തമാക്കി.
ആദ്യം എതിര്‍ത്തെങ്കിലും ശങ്കറിന്റെയും കൗസല്യയുടെയും വിവാഹം വീട്ടുകാര്‍ പിന്നീട് അംഗീകരിച്ചു എന്നു തുടങ്ങിയ വാദങ്ങളാണ് ചിന്നസാമിയുടെ അഭിഭാഷകന്‍ കോടതിക്കുമുന്നില്‍വെച്ചത്. ഇവ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ അഭിഭഷകന് സാധിച്ചില്ല. ജാതി തന്നെയായിരുന്നു കൊലപാതകത്തിനു പിന്നില്‍.
ഉദുമല്‍പ്പേട്ട പോലീസാണ് കേസന്വേഷിച്ചത്. അന്വേഷണം സുതാര്യമല്ലെന്നു പരാതിയുയര്‍ന്നു.
പിന്നീട് കേസ് ഉദുമല്‍പ്പേട്ട കോടതിയില്‍നിന്ന് തിരുപ്പൂര്‍ ജില്ലാ കോടതിയിലേക്ക് മാറ്റി. 67 സാക്ഷികളെ വിസ്തരിച്ചു. 1500 താളുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ശങ്കര്‍ കൊല്ലപ്പെടുമ്പോള്‍ കൗസല്യയ്ക്ക് 19 വയസ്സായിരുന്നു. അവള്‍ തളര്‍ന്നുപോകുമെന്നാണ് എല്ലാവരും കരുതിയത്.
പക്ഷേ, ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ച് ജാതിദുരഭിമാനത്തിനെതിരേ കൗസല്യ പോരാടി. ഒപ്പം ശങ്കറിനെ കൊന്നവര്‍ക്കെതിരേ നിയമപോരാട്ടവും. അതിനിടെ പറവാദ്യ കലാകാരന്‍ ശക്തിയെ കൗസല്യ വീണ്ടും വിവാഹം ചെയ്തു.
Content Highlights: udumalpet honour killing case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..