-
ബെംഗളൂരു: ഓൺലൈനിലൂടെ സാധനങ്ങൾ ഓർഡർ ചെയ്ത യുവതികളിൽനിന്ന് ഓൺലൈൻ തട്ടിപ്പുകാർ കവർന്നത് 1.38 ലക്ഷം രൂപ. വ്യത്യസ്ത സംഭവങ്ങളിൽ വൈറ്റ് ഫീൽഡ് സ്വദേശിനിക്ക് 40,000 രൂപയും ഡൊംലൂർ സ്വദേശിനിക്ക് 98,000 രൂപയും നഷ്ടമായി.
വൈറ്റ് ഫീൽഡ് സ്വദേശിനി ഓൺലൈനിൽ വൈൻ ഓർഡർ ചെയ്തതിലൂടെയാണ് തട്ടിപ്പിന് ഇരയായത്. ഓൺലൈനിൽ കണ്ട വൈൻ വിൽപ്പനശാലയുടെ നമ്പറിലേക്ക് വിളിച്ച് ഇവർ മൂന്നു കുപ്പി വൈൻ ഓർഡർ ചെയ്തു. ഓർഡർ സ്വീകരിച്ചയാൾ പണം മുൻകൂട്ടി നൽകണമെന്നാവശ്യപ്പെട്ടു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ച ശേഷം ഒരു ക്യു.ആർ. കോഡ് യുവതിയുടെ മൊബൈലിലേക്ക് അയച്ചു.
ഇതു സ്കാൻ ചെയ്താൽ വൈനിന്റെ വില കൈമാറാൻ കഴിയുമെന്നായിരന്നു ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ ക്യു.ആർ. കോഡ് സ്കാൻചെയ്ത് അര മണിക്കൂറിനുള്ളിൽ 98,000 രൂപ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടു. ഇതോടെ ഓർഡർ സ്വീകരിച്ചയാളെ തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയി. ഇതോടെയാണ് യുവതി പോലീസിൽ പരാതിനൽകിയത്.
ഡൊംലൂർ സ്വദേശിനിക്ക് ഓൺലൈനിൽ പാൽ വാങ്ങിയതോടെയാണ് പണം നഷ്ടപ്പെട്ടത്. ഓർഡർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ പാലുമായി ഡെലിവറി ചെയ്യുന്നയാൾ എത്തിയെങ്കിലും ജോലിത്തിരക്കിലായിരുന്നതിൽ ഇയാളുടെ ഫോൺകോൾ യുവതി കണ്ടില്ല.
പിന്നീട് ഇയാൾ തിരിച്ചുപോകുകയും ചെയ്തു. ഏറെനേരം കഴിഞ്ഞ് ഫോൺ പരിശോധിച്ചപ്പോഴാണ് പാലുമായി എത്തിയയാൾ വിളിച്ചിരുന്നെന്നും തിരിച്ചുപോയെന്നും മനസ്സിലായത്. തുടർന്ന് ഈ നമ്പറിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
പിന്നീട് കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചു. പാലിന്റെ പണം തിരിച്ചുനൽകാമെന്നായിരുന്നു കസ്റ്റമർ കെയർ എക്സിക്യുട്ടീവ് എന്നു പരിചയപ്പെടുത്തിയായാൾ പറഞ്ഞത്. തുടർന്ന് മൊബൈലിലേക്ക് ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്തു. യുവതി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ലിങ്കിൽ പൂരിപ്പിച്ച് നൽകുകയും ചെയ്തു.
ഇതോടെയാണ് 40,000 രൂപ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടത്. ഈ കേസിലും സൈബർക്രൈം പോലീസ് അന്വേഷണം തുടങ്ങി.
Content Highlights: two woman duped by online fraudsters lost 1.38 lakh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..