Image for Representation. Mathrubhumi Archives
കോയമ്പത്തൂര്‍: ടൗണ്‍ഹാള്‍ റോഡിലെ കോന്നിയമ്മന്‍ ക്ഷേത്രത്തിലെ തേരുത്സവത്തിരക്കില്‍ ആഭരണം മോഷ്ടിച്ചതിന് പിടിയിലായ സ്ത്രീകളില്‍നിന്ന് കിട്ടിയ പാസ്‌പോര്‍ട്ടുകളുടെ നിജസ്ഥിതി സിറ്റിപോലീസ് പരിശോധിക്കുന്നു.
കോയമ്പത്തൂര്‍ ബിഗ് ബസാര്‍ സ്ട്രീറ്റ് പോലീസ്, തൃശ്ശൂരിലെ പാണ്ഡ്യരാജന്റെ ഭാര്യ ഇന്ദുമതി (27), ചെന്നൈ തിരുവണ്‍മിയൂരിലെ ചിന്നത്തമ്പിയുടെ ഭാര്യ സെല്‍വി (36), ചെന്നൈ തിരുവണ്‍മിയൂര്‍ ഭാരതിനഗറിലെ രഞ്ജിത്ത്കുമാറിന്റെ ഭാര്യ പരാശക്തി (20) എന്നിവരെയാണ് ആറരപ്പവന്‍ ആഭരണവുമായി അറസ്റ്റ് ചെയ്തത്. കോന്നിയമ്മന്‍ ക്ഷേത്രോത്സവത്തിനെത്തിയ ഭക്തര്‍ അണിഞ്ഞിരുന്നതാണ് ആഭരണം.
ക്ഷേത്രപരിധിയില്‍വരുന്ന ഉക്കടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാല പിടിച്ചുപറിക്കാരായ അറശന്‍കാട് മംഗളംറോഡിലെ കെ. ജ്യോതി (34), ഭര്‍ത്താവ് ആര്‍. കാര്‍ത്തിക് (34) എന്നിവരെയും അറസ്റ്റ് ചെയ്തു. കളവുമുതലെന്ന് സംശയിക്കുന്ന ഒമ്പതുപവന്‍ ആഭരണവും ഇവരില്‍നിന്ന് കണ്ടെടുത്തു.
ഇന്ദുമതി ലണ്ടനില്‍നിന്ന് തമിഴ്നാട്ടില്‍ എത്തിയതാണ്. പതിവ് വിമാനയാത്രക്കാരിയാണ് ഇവരെന്നും സെല്‍വി കൊളംബോയില്‍നിന്നുള്ള സ്ഥിരം യാത്രക്കാരിയാണെന്നും ഇന്ദുമതിയുടെ ഭര്‍ത്താവ് യു.കെ.യില്‍ ജോലി ചെയ്യുകയാണെന്നും സെല്‍വി ശ്രീലങ്കക്കാരിയാണെന്നും ഭര്‍ത്താവ് കൊളംബോയില്‍ ജോലിചെയ്യുകയാണെന്നും പറയുന്നു. ജ്യോതിയും കാര്‍ത്തിക്കും ശ്രീലങ്കക്കാരാണെന്നും അതിന് തെളിവാണ് ശ്രീലങ്കന്‍ പാസ്പോര്‍ട്ട് എന്നും പോലീസിനോട് പറഞ്ഞു. പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടിയ പോലീസ് സിറ്റിയിലെ റീജണല്‍ ഫോറിനര്‍ രജിസ്ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് പാസ്‌പോര്‍ട്ട് പരിശോധിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഇ.എസ്. ഉമ പറഞ്ഞു.
പ്രതികളായ സ്ത്രീകള്‍ ആഭരണങ്ങള്‍ കോന്നിയമ്മന്‍ക്ഷേത്ര ഉത്സവത്തിനിടയിലും കാരമട അറംഗനാഥസ്വാമിക്ഷേത്ര തേരുത്സവത്തിനിടയിലും കളവുചെയ്തതാണെന്ന് മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. നാല് സ്ത്രീകളും കാര്‍ത്തിക്കും സംഘത്തിന്റെ നേതാക്കളാണ്.
ചെന്നൈയിലെ മദന്‍കുമാറിന്റെ നേതൃത്വത്തിലാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് പോലീസ് സംശയിക്കുന്നു. സംഘത്തിലെ രണ്ട് സ്ത്രീകള്‍ കാരമടൈയിലെ ക്ഷേത്രപരിസരത്തുനിന്ന് ആഭരണം മോഷ്ടിച്ചതായി പോലീസിനോട് കുറ്റസമ്മതം നടത്തി. നാലുപേര്‍ക്കും ആധാര്‍കാര്‍ഡുമുണ്ട്. ആധാര്‍കാര്‍ഡുകള്‍ പ്രതികള്‍ എങ്ങനെ സമ്പാദിച്ചെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു.
Content Highlights: two woman arrested in coimbatore for gold theft
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..